ജേക്കബ് ഗ്രൂപ്പ് പിളര്‍പ്പിലേക്ക്
കൊച്ചി: കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍ എറണാകുളം ജില്ലാ ഭാരവാഹികളുള്‍പ്പെടെ കൂട്ടത്തോടെ ജോസഫ് വിഭാഗത്തിലേക്ക് ചേക്കേറുന്നു. ജോസഫ് ഗ്രൂപ്പുമായുള്ള ലയനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കളായ ജോണി നെല്ലൂരും അനൂപ് ജേക്കബും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടയിലാണ് ജില്ലാ നേതാക്കള്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നത്. ലയനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജില്ലാ നേതാക്കള്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ജില്ലയിലെ 90 ശതമാനം പ്രവര്‍ത്തകരും ലയനത്തെ അനുകൂലിക്കുന്നുണ്ട്. പാര്‍ട്ടി നേതാവും എം.എല്‍.എയുമായ അനൂപ് ജേക്കബും ലയനത്തിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ. അനൂപ് ജേക്കബ് എതിര്‍ത്താലും അനുകൂലിച്ചാലും ലയന നീക്കത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് നിലവില്‍ ജേക്കബ് വിഭാഗം ജില്ലാ പ്രസിഡന്റായ വിന്‍സെന്റ് ജോസഫും മറ്റു നേതാക്കളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം അവസാനത്തോടെ ലയനസമ്മേളനം നടക്കുമെന്നും 21ന് കോട്ടയത്ത് ചേരുന്ന ഹൈപവര്‍ കമ്മിറ്റിയില്‍ ലയനവുമായി ബന്ധപ്പെട്ട അന്തിമതീരുമാനം കൈകൊള്ളുമെന്നും അവര്‍ പറഞ്ഞു.
പാര്‍ട്ടി കൂടുതല്‍ കരുത്ത് നേടുന്നതിനും വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുമാണ് ലയനത്തിന് മുന്‍കൈ എടുത്തിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടിയുടെ മുന്‍ തീരുമാനപ്രകാരമുള്ള ജില്ലാ സമ്മേളനം 27, 28, 29 ദിവസങ്ങളില്‍ മൂവാറ്റുപുഴയില്‍ നടക്കും. പ്രളയത്തില്‍ വീട് തകര്‍ന്ന വൈപ്പിന്‍ സ്വദേശിക്ക് വീടുവച്ചു നല്‍കും.
ജില്ലാ നേതാക്കളായ പി.സി വര്‍ഗീസ്, ജോര്‍ജ് കിഴക്കുമശ്ശേരി, ഡൊമിനിക് കാവുങ്കല്‍, ലാലുവര്‍ഗീസ് തുടങ്ങി പത്ത് നിയോജക മണ്ഡലങ്ങളിലെയും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. അതേസമയം അനൂപ് ജേക്കബിന് പിന്തുണയുമായി മറ്റൊരു വിഭാഗം നേതാക്കന്മാരുമെത്തി. ജില്ലാ സെക്രട്ടറി എം.എ ഷാജി, ആന്റണി പാലക്കുഴി തുടങ്ങിയവരാണ് ലയന നീക്കം തള്ളി രംഗത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."