സ്‌കൂള്‍വിട്ടു വരികയായിരുന്ന വിദ്യാര്‍ഥികളെ ഗുണ്ടാസംഘം തടഞ്ഞു വെച്ചതായി പരാതി
പാലക്കാട്: സ്‌കൂള്‍വിട്ടു വരികയായിരുന്ന വിദ്യാര്‍ഥികളെ മദ്യലഹരിയിലായിരുന്ന ഗുണ്ടാസംഘം ഒരു മണിക്കൂറോളം തടഞ്ഞു വച്ചു. വിവരമറിഞ്ഞെത്തിയ രക്ഷിതാക്കള്‍ക്കു നേരെ സംഘം കത്തി വീശുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ പേഴുംകര മോഡല്‍ സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഷാമില്‍, തൗഫീഖ്, ഷാഹിദ് എന്നിവര്‍ റെയില്‍വേ ട്രാക്കിനരികിലൂടെ നടന്നു വരുമ്പോള്‍ കാവില്‍പ്പാട് സ്വദേശികളായ ഹെല്‍മറ്റ് സുജിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം തടഞ്ഞു വയ്ക്കുകയായിരുന്നു. അഞ്ചരയായിട്ടും വിദ്യാര്‍ഥികളെ കാണാതിരുന്നതിനെത്തുടര്‍ന്നു രക്ഷിതാക്കളായ ശംഖുവാര്‍മേട് കടകശേരിവളപ്പില്‍ ഖാജാഹുസൈന്‍, കൂരാറ്റുതൊടിയില്‍ ഷാജി എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ കാവില്‍പ്പാട് ഗെയ്റ്റിനു സമീപം വച്ചു വിദ്യാര്‍ഥികളെ ഗുണ്ടാസംഘം തടഞ്ഞു വച്ചതായി കണ്ടെത്തി.
രക്ഷിതാക്കള്‍ അടുത്തെത്തിയതോടെ സംഘം എസ് മോഡല്‍ കത്തിയുപയോഗിച്ചു ഇവരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഷാജിയുടെ കഴുത്തിനും തലയ്ക്കും മുറിവേറ്റു. ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.
സംഭവമറിഞ്ഞു നാട്ടുകാര്‍ എത്തിയപ്പോഴേക്കും ഗുണ്ടാസംഘം സ്ഥലം വിട്ടിരുന്നു. തുടര്‍ന്നു നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നോര്‍ത്ത് പൊലിസ് സ്ഥലത്തെത്തി. രക്ഷിതാക്കളുടെ പരാതിയിന്‍മേല്‍ ഇവര്‍ക്കെതിരേ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."