വൈദികന്റെ പീഡനം; വയനാട്ടില്‍ വിവിധയിടങ്ങളില്‍ പരിശോധന
കൊട്ടിയൂര്‍/കല്‍പ്പറ്റ: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച സംഭവത്തില്‍ വയനാട്ടില്‍ വിവിധയിടങ്ങളില്‍ പരിശോധന നടത്തി. മാനന്തവാടി രൂപതയിലെ മുതിര്‍ന്ന വൈദികനും കൊട്ടിയൂര്‍ നീണ്ടുനോക്കി ഇടവക വികാരിയുമായിരുന്ന റോബിന്‍ വടക്കഞ്ചേരിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് പൊലിസ് വയനാട്ടിലെത്തിയത്.
കണിയാമ്പറ്റയിലെ സി.ഡബ്ല്യു.സി ആസ്ഥാനത്തും കുഞ്ഞിനെ പാര്‍പ്പിച്ചിരുന്ന വൈത്തിരിയിലെ ഹോളി ഇന്‍ഫന്റ് മേരീസ് ചാരിറ്റി കേന്ദ്രത്തിലുമാണ് അന്വേഷണ സംഘമെത്തിയത്. പേരാവൂര്‍ സി.ഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ കണിയാമ്പറ്റ സി.ഡബ്ല്യു.സി ആസ്ഥാനത്തെത്തിയ സംഘം ഒരു മണിക്കൂറോളം ഇവിടെ പരിശോധന നടത്തി.
ചെയര്‍മാന്‍ ഫാ. തോമസ് തേരകത്തിന്റെ മൊഴിയും രേഖപ്പെടുത്തി. പെണ്‍കുട്ടിക്ക് ജനിച്ച നവജാതശിശുവിനെ പാര്‍പ്പിച്ചത് നിയമം ലംഘിച്ചാണെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹോളി ഇന്‍ഫന്റ് മേരീസ് ചാരിറ്റി കേന്ദ്രത്തില്‍ അന്വേഷണ സംഘമെത്തിയത്.
അധികൃതരില്‍ നിന്ന് മൊഴിയെടുത്ത സംഘം സംഭവത്തില്‍ മഠത്തിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിനുശേഷം പ്രതി ചേര്‍ക്കണമോയെന്നത് തീരുമാനിക്കുമെന്നും പറഞ്ഞു. ഫെബ്രുവരി ഏഴിനാണ് കുഞ്ഞിനെ ഇവിടെയെത്തിച്ചത്. എന്നാല്‍, 20നാണ് കുട്ടിയെത്തിയ വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ മഠം അധികൃതര്‍ അറിയിച്ചത്.
സംഭവം വിവാദമായതോടെ ഫെബ്രുവരി 26ന് അര്‍ദ്ധരാത്രി പേരാവൂരില്‍ നിന്ന് പൊലിസെത്തി കുഞ്ഞിനെ ഏറ്റെടുത്ത് തളിപ്പറമ്പിലെ കേന്ദ്രത്തിലേക്ക് മാറ്റി.
കണ്ണൂര്‍ ജില്ലയില്‍ തന്നെ ദത്തെടുക്കുന്നതിന് അംഗീകാരമുള്ള രണ്ട് കേന്ദ്രങ്ങളുണ്ടെന്നിരിക്കെ വയനാട്ടിലെത്തിച്ചത് ദുരൂഹതയുണര്‍ത്തുന്നുണ്ട്. പുലര്‍ച്ചെ രണ്ടിനാണ് പൊലിസ് കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് കോണ്ടുപോയത്. രാത്രിയില്‍ കുട്ടികളെ കസ്റ്റഡിയിലെടുക്കരുതെന്ന സുപ്രിം കോടതി ഉത്തരവുകള്‍ പൊലിസും സി.ഡബ്ല്യു.സിയും ലംഘിച്ചതായും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."