ഒരു സമരകവിത
അറിയുക,
ആദ്യമവര്‍ നമ്മളില്‍ ചിലരെ
അതിനിഷ്ഠുരമായി കൊന്നുകളഞ്ഞു.
'കൊന്നു'എന്നതിന് ആലങ്കാരികമായ
മറ്റൊരു പദവും നമ്മള്‍ തിരയേണ്ടതില്ല.
ഉപമകളില്ലാത്ത ഒറ്റവാക്കായ്
അത് ചരിത്രത്തില്‍ തെറ്റി നില്‍ക്കട്ടെ.
പിഞ്ചുകുഞ്ഞുങ്ങളെ
ശൂലമുനകളില്‍ കോര്‍ത്തും,
ഉടുതുണിയുരിഞ്ഞ്
പെണ്ണുടലുകളില്‍ കാമം വിസര്‍ജ്ജിച്ചും
ഉന്മാദദേശീയതയുടെ
കൊടി അവരുയര്‍ത്തി.
അവരുടെ വാള്‍ത്തലപ്പുകളില്‍ നിന്ന്
വേര്‍പെട്ടുപോയ
തലയുള്ള ഉടലുകളെ തിരഞ്ഞുപിടിച്ചു.
രാജ്യദ്രോഹികളെന്ന ചാപ്പകുത്തി
ചാട്ടവാറടിച്ച്
അഴികള്‍ക്കുള്ളില്‍ കുഴിച്ചുമൂടി.
മറ്റുചിലരെ പിന്നിലൂടെ വന്ന്
പുറങ്കാലുകൊണ്ട്
പട്ടികണക്കെ തട്ടിയെറിഞ്ഞു.
ഇപ്പോഴവര്‍,
ദേശത്തിനായ് ജീവത്യാഗം ചെയ്തവരുടെ
വംശവേരുകളെ
അടിയോടെ പിഴുത്
അഭയാര്‍ഥികളാക്കാന്‍ കോപ്പുകൂട്ടുന്നു.
അതാ നോക്കൂ...
ഞാന്‍ തന്നെയാണ്
ദേശമെന്നുറക്കെ പറഞ്ഞുകൊണ്ടൊരു ശവം,
നാടുനീളെ അലറിപ്പായുന്നത് കാണുന്നില്ലേ..
ദേശത്തിന്റെ തുടിക്കുന്ന
പെണ്ണിടങ്ങളെ...
നിങ്ങളൊരുകയ്യില്‍
ചെറു കല്ലുകളെടുക്കുക.
മറുകയ്യില്‍ പനിനീര്‍ പൂവുമെടുക്കുക.
രാജ്യത്തെ നെഞ്ചോട്
ചേര്‍ത്തു പിടിക്കുക.
ചൂണ്ടു വിരല്‍ നീട്ടിപിടിച്ചുകൊണ്ട്
ഉച്ചത്തില്‍...
അതിലുമേറെ ഉച്ചത്തില്‍ വിളിച്ചുപറയുക.
ഇന്ത്യ ആരുടേയും തന്തയുടെ വകയല്ല...!!!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."