കെ.എസ്.ഐ.എന്‍.സി ഒഡിഷയുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
കൊച്ചി: ഒഡിഷ വിനോദ സഞ്ചാര വകുപ്പ് കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനുമായി (കെ.എസ്.ഐ.എന്‍.സി) ടൂറിസം മേഖലയില്‍ ധാരണാപത്രം ഒപ്പുവച്ചു.
ഒഡിഷ സംസ്ഥാനത്തെ കടല്‍-കായല്‍ ടൂറിസം വികസനവുമായി ബന്ധപ്പെട്ടാണ് ധാരണയായത്. വാട്ടര്‍ സ്‌പോര്‍ട്ട്‌സ്, അഡ്വഞ്ചര്‍, ആക്ടിവിറ്റികള്‍, ഹൗസ്‌ബോട്ട് എന്നിവ നിര്‍മിക്കുന്നതിനും ഒഡിഷയിലെ ജല ടൂറിസം വികസനത്തിനുമുള്ള സഹകരണത്തിനുമാണ് പ്രാഥമിക ഘട്ടത്തില്‍ ധാരണ.
കൂടാതെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ഫ്‌ളോട്ടിങ് റസ്റ്ററന്റുകളും ഇതിന്റെ ഭാഗമായി നിര്‍മിക്കും.
ഒഡിഷ ടൂറിസം മന്ത്രി ജ്യോതി പ്രകാശ് പാണിഗ്രഹിയുടെ സാന്നിധ്യത്തില്‍ കെ.എസ്.ഐ.എന്‍.സി മാനേജിങ് ഡയരക്ടര്‍ എന്‍. പ്രശാന്ത്, ഒഡിഷ ടൂറിസം കമ്മിഷണര്‍ വിശാല്‍ ദേവ് എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
കെ.എസ്.ഐ.എന്‍.സിയുടെ ആഡംബരനൗകയില്‍ ഇന്ത്യന്‍ രാഷ്ട്രപതി ഒരു സായാഹ്നം ചെലവഴിച്ചത് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.
ഇതിന് പിന്നാലെയാണ് ഒഡിഷ സര്‍ക്കാര്‍ പരസ്പര സഹകരണത്തിന് അനുവാദം നല്‍കിയത്. തങ്ങളുടെ സാങ്കേതിക മികവ് കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തും എത്തിക്കുവാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിനുള്ള അംഗീകാരമാണ് ഇതെന്ന് കെ.എസ്.ഐ.എന്‍.സി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."