ഒരേയൊരു റഫി
ഡോ. ഗോവിന്ദന്‍ പുതുമന
വിശ്രുത ഗായകന്‍ മുഹമ്മദ് റഫിയുടെ 94-ാം ജന്മവാര്‍ഷിക ദിനമായിരുന്നു ഇക്കഴിഞ്ഞ ഡിസംബര്‍ 24. ശ്രവണേന്ദ്രിയങ്ങളില്‍ സംഗീതത്തിന്റെ അമൃതധാര, കാലം എത്ര പിന്നിട്ടാലും അതാണ് റഫിയുടെ ശബ്ദം. ഏതു തലമുറയിലെ ഗാനാസ്വാദകനും റഫിയുടെ ഒരു ഗാനം കേട്ടാല്‍പ്പോലും ആ ശബ്ദം ജീവിതത്തിന്റെ ഭാഗമായി മാറുന്നു. വര്‍ഷങ്ങള്‍ കഴിയുന്തോറും ആസ്വാദകര്‍ വര്‍ധിച്ചുവരുന്ന അദ്ഭുതപ്രതിഭാസം! ''ലോകത്തില്‍ ഇത്രയേറെ മനോഹരമായ ശബ്ദം വേറെയില്ല, അതുകൊണ്ടാണ് എന്റെ പോക്കറ്റ് ഡയറിയില്‍ റഫി സാബിന്റെ ഫോട്ടോ സൂക്ഷിക്കുന്നതും ഇഷ്ടദേവനായ ഗുരുവായൂരപ്പനോടൊപ്പം സാബിനെ ആരാധിക്കുന്നതും. എനിക്കിനി ആയിരം ജന്മങ്ങളുണ്ടെങ്കില്‍ ആ ഓരോ ജന്മത്തിലും റഫി സാബിന്റെ ഗാനങ്ങള്‍ കേള്‍ക്കാന്‍ ഇടവരണേ എന്നാണ് പ്രാര്‍ഥന.'' പറയുന്നത് മലയാളികളുടെ നിത്യഹരിത ഗായകന്‍ പി. ജയചന്ദ്രന്‍.
പഞ്ചാബിലെ കോട്ട്‌ല സുല്‍ത്താന്‍ സിങ് എന്ന കൊച്ചുഗ്രാമത്തില്‍ 1924 ഡിസംബര്‍ 24നാണ് മുഹമ്മദ് റഫി ജനിച്ചത്. ഉസ്താദ് അബ്ദുല്‍ വാഹിദ് ഖാന്‍, ഉസ്താദ് ഫിറോസ് നിസാമി, പണ്ഡിറ്റ് ജീവന്‍ ലാല്‍ എന്നീ ഗുരുക്കന്മാര്‍ക്കു കീഴില്‍ സംഗീതം അഭ്യസിച്ച് ചുരുങ്ങിയ കാലം കൊണ്ടുതന്നെ അമൃത്‌സറിലെ 'പാട്ടുസുല്‍ത്താനാ'യി അദ്ദേഹം. ആദ്യഗാനം 1941ല്‍ പതിനേഴാം വയസില്‍ പഞ്ചാബി ചിത്രമായ 'ഗുല്‍ബലോയി' യിലെ 'സോണിയെ ഹടിയെ..' തുടര്‍ന്നു നാലു ദശാബ്ദക്കാലം 25,000ത്തിലേറെ ഗാനങ്ങള്‍ പാടി ഒരു യുഗം തന്നെ സൃഷ്ടിച്ചു ലോകമെമ്പാടുമുള്ള സംഗീതസ്‌നേഹികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടുകയായിരുന്നു റഫി. 'സഹസ്രാബ്ദത്തിലെ പ്രഥമസ്ഥാനീയനായ ഗായകന്‍' എന്ന പുരസ്‌കാരമടക്കം അസംഖ്യം അംഗീകാരങ്ങളും അദ്ദേഹം നേടി.
ഭാരതീയ ചലച്ചിത്രസംഗീതത്തിനു നൂതനമായ ഒരു ദിശ നല്‍കിയ മഹാഗായകനായിരുന്നു റഫി. വെള്ളിത്തിരയില്‍ പാടി അഭിനയിക്കുന്ന കഥാപാത്രത്തിന്റെ ഭാവപ്രകടനങ്ങള്‍ക്കും അഭിനയശൈലികള്‍ക്കും അനുസൃതമായി ആലാപനരീതികളില്‍ അസാമാന്യമായ വ്യത്യസ്തതകള്‍ ജനിപ്പിക്കാന്‍ കഴിവുള്ള ഗാനസാമ്രാട്ടായിരുന്നു അദ്ദേഹം. ഒരു ഗാനം ആലപിക്കുമ്പോഴുള്ള സ്ഥായീമാറ്റങ്ങളില്‍ സ്വരശുദ്ധിക്ക് അല്‍പ്പം പോലും മാറ്റമില്ലാതെ ഭാവവും വൈകാരികതയും ആവിഷ്‌കരിക്കാന്‍ സാധിച്ചിരുന്നത് റഫിയുടെ മാത്രം പ്രത്യേകതയാണെന്ന് അദ്ദേഹത്തിന്റെ കോടാനുക്കോടി ആസ്വാദകരുടെ ഹൃദയം തുറന്നുള്ള അഭിപ്രായമാണ്. മന്ദ്രസ്ഥായിയില്‍നിന്നു മധ്യസ്ഥായിയിലേക്കും തുടര്‍ന്നു താരസ്ഥായിയിലേക്കും റഫിയുടെ വിസ്മയസ്വരം അവിരാമമായി ഒഴുകുമ്പോള്‍ അനുവാചകന്‍ ഹൃദയം കൊണ്ട് ആ സ്വരപ്രവാഹത്തെ അനുഗമിക്കുന്നു. ഗാനം ആവശ്യപ്പെടുന്ന വികാരത്തിനുമപ്പുറം തത്ത്വചിന്താത്മകമായ ഒരു സ്‌നേഹസ്പര്‍ശം കൂടി ചേരുമ്പോള്‍ റഫിയുടെ ഗാനം സ്‌നേഹപൂര്‍ണമായ തലോടല്‍ പോലെയായിരിക്കും ശ്രോതാവിന്.
ശുദ്ധസംഗീതം പോലെത്തന്നെ പരിശുദ്ധമായിരുന്നു റഫിയുടെ വ്യക്തിജീവിതവും. കരുണാര്‍ദ്രമായ ഹൃദയവും നന്മ നിറഞ്ഞ വ്യക്തിത്വവുമായിരുന്നു ആ മഹാപുരുഷന്റെ സവിശേഷത. ഗായകന്‍ പി. ജയചന്ദ്രന്‍ ഒരു സ്വകാര്യസംഭാഷണത്തില്‍ വിവരിച്ചുകേട്ട അനുഭവമുണ്ട്: ''സംഗീതസംവിധായകരായ ലക്ഷ്മീകാന്ത് പ്യാരേലാല്‍ ടീമിന്റെ തുടക്കക്കാലത്തെ ഒരു ഗാനത്തിന്റെ റെക്കോര്‍ഡിങ്. നിര്‍മാതാവ് സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നു ഗാനം ആലപിക്കാന്‍ വന്ന റഫി സാബ് അറിഞ്ഞപ്പോള്‍ അദ്ദേഹം പ്രതിഫലം സ്വീകരിച്ചില്ല. അദ്ദേഹത്തിന്റെ പത്‌നിക്കു സമ്മാനിക്കാന്‍ ഒരു പട്ടുസാരി മാത്രമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. റഫി സാബിന്റേതു വലിയ മനസായിരുന്നു.''
ജയചന്ദ്രന്റെ എത്രയോ സംഗീതസദസുകള്‍ ആസ്വദിക്കാന്‍ ഭാഗ്യം ലഭിച്ച ഒരാളെന്ന നിലയ്ക്ക് ലേഖകന്‍ ആ മെഹ്ഫിലുകളില്‍ കൂടുതലും കേട്ടത് റഫി അനശ്വരമാക്കിയ ഗാനങ്ങളായിരുന്നു. മലയാളികളുടെ പ്രിയഗായകന്‍ യേശുദാസ് ഒരഭിമുഖത്തില്‍ വിവരിക്കുന്നു: ''എന്റെ ബാല്യകാലത്ത് ഏറ്റവുമധികം സ്വാധീനിച്ച ശബ്ദമാണ് മുഹമ്മദ് റഫിയുടേത്. അന്ന് എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളിലൊന്നായിരുന്നു 'ഇന്‍സാഫ് കാ മന്ദിര്‍ ഹേ..ഭഗവാന്‍ കാ ഘര്‍ ഹേ'. 'ദോസ്തി' എന്ന ചിത്രത്തിനുവേണ്ടി റഫി സാബ് പാടിയ 'ചാഹൂംഗാ മേം തുജെ' ജീവിതത്തില്‍ വഴിത്തിരിവായ കഥയാണ് ഗായകനും നടനുമായ കൃഷ്ണചന്ദ്രന്‍ ഓര്‍ക്കുന്നത്: ''1980ല്‍ കോഴിക്കോട്ട് നടന്ന ഫിലിം ചേംബറിന്റെ ഗാനമേളയില്‍ റഫിയുടെ ഈ ഹിറ്റ് ഗാനം പാടിയപ്പോള്‍, കേട്ടിരുന്ന സംവിധായകന്‍ ഐ.വി ശശി എന്റെ പാട്ട് ഇഷ്ടപ്പെട്ട് അടുത്ത ചിത്രമായ 'ഇണ'യിലേക്ക് എല്ലാ ഗാനങ്ങളും പാടാനായി എന്നെ തിരഞ്ഞെടുക്കുകയായിരുന്നു.''
കൗമാരകാലത്ത് കേട്ടുകേട്ടു സിരകളിലെ രക്തത്തോടു ചേര്‍ന്നലിഞ്ഞ ഗാനമാണ് 1956ലെ 'രാജ്ഹഥ് ' എന്ന ചിത്രത്തിലെ 'ആയേ ബഹാര്‍ ബന്‍ കെ ലുഭാ കര്‍ ചലേ ഗയേ..' എന്ന് മണ്‍മറഞ്ഞ പ്രശസ്ത ഹാസ്യനടന്‍ മാള അരവിന്ദന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. 'ഈ ഗാനത്തിലെ റഫി സാബിന്റെ സ്വരം കേട്ടുകൊണ്ട് എന്നെന്നേക്കുമായി ഈ ലോകത്തോടു വിടപറയണമെന്നാഗ്രഹിക്കുന്നു' എന്ന ആ ശ്രേഷ്ഠകലാകാരന്റെ ആഗ്രഹം റഫിയുടെ സ്വര്‍ഗീയനാദത്തിനു ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നല്ലേ?
ദക്ഷിണേന്ത്യന്‍ ചലച്ചിത്രസംഗീതത്തില്‍ ഭാവഗായകന്‍ ജയചന്ദ്രന് അല്‍പ്പം തിരക്കുകുറഞ്ഞ ആ കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ ഒരനുഭവമാണ്. ആന്ധ്രക്കാരനായ ഒരു പുതുമുഖ നിര്‍മാതാവ് അന്നത്തെ പുതിയ തമിഴ്ചിത്രത്തില്‍ ഗാനം ആലപിക്കാനായി ജയചന്ദ്രനെ സമീപിക്കുന്നു.
''താങ്കളുടെ അധികം ഗാനങ്ങളൊന്നും കേട്ടാസ്വദിക്കാന്‍ ഭാഗ്യം ചെയ്ത ഒരാളല്ല ഞാന്‍; പക്ഷേ, ഈ ഗാനം താങ്കള്‍ക്കു നല്‍കാന്‍ അതിനുമപ്പുറം മറ്റൊരു പ്രത്യേക കാരണമുണ്ട്.'' വലിയ അദ്ഭുതത്തോടെ നിഷ്‌കളങ്കമായി ജയചന്ദ്രന്‍ അദ്ദേഹത്തോട് ചോദിച്ചു: ''എന്താണാവോ ആ കാരണം?''നിര്‍മാതാവിന്റെ മറുപടി: ''റഫി സാബിന്റെ ഒരു കടുത്ത ഭക്തനാണ് ഞാന്‍. രൂപംകൊണ്ട് താങ്കള്‍ റഫി സാബുമായി സാദൃശ്യമുണ്ട്. ഇതുമാത്രമാണു കാരണം.'' അപ്പോള്‍ ജയചന്ദ്രന്റെ ഉള്ളിലുണ്ടായ നിര്‍വൃതി എത്രയെന്ന് ഊഹിക്കാമല്ലോ!
ഇനിയും ശതകോടി വര്‍ഷങ്ങള്‍ കഴിഞ്ഞാലും മറ്റൊരു മുഹമ്മദ് റഫി ഉണ്ടാകില്ല. റഫിയുടെ സംഗീതസിംഹാസനം ഇന്നും ഒഴിഞ്ഞുകിടക്കുന്നു. റഫിക്കു പകരം റഫി മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."