പൊതുമരാമത്ത് വകുപ്പിന്റെ വീഴ്ച കാരണം കരിങ്ങാച്ചിറ പാലം പണി നീളുന്നു
പുത്തന്‍ചിറ: പൊതുമരാമത്ത് വകുപ്പിന്റെ വീഴ്ച കാരണം കരിങ്ങാച്ചിറ പാലം പണി നീളുന്നു. ആറ് വര്‍ഷം മുന്‍പ് ആരംഭിച്ച കരിങ്ങാച്ചിറ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം അനിശ്ചിതമായി നീളാന്‍ കാരണം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. കരിങ്ങാച്ചിറ ജനകീയ കൂട്ടായ്മയുടെ പ്രസിഡന്റ് മാങ്കപ്പാടത്ത് സാലി സജീര്‍ വിവരാവകാശ ഓഫിസര്‍ക്ക് നല്‍കിയ അപേക്ഷയിന്‍ മേല്‍ ലഭിച്ച മറുപടിയിലാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ള വീഴ്ച വ്യക്തമായത്. കരിങ്ങാച്ചിറ പാലത്തിന്റെ അപ്രോച്ച് റോഡിന് വേണ്ടി ഏറ്റെടുക്കേണ്ടി വരുന്ന മസ്ജിദ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ യഥാസമയം പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നാണ് വിവരാവകാശ രേഖ പറയുന്നത്. അതിനെ തുടര്‍ന്നാണ് വഖഫ് ട്രൈബൂണല്‍ കോടതിയില്‍ വഖഫ് സംരക്ഷണ സമിതി കേസ് ഫയല്‍ ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് കോടതി ഏഴ് തവണ സമന്‍സ് അയച്ചിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മറുപടി നല്‍കാന്‍ തയാറാകാത്തത് പാലം പണി വൈകാന്‍ കാരണമായി. കരിങ്ങാച്ചിറ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ദ്രുതഗതിയില്‍ പാലം പണി പൂര്‍ത്തീകരിക്കാമെന്ന് കോണ്‍ട്രാക്റ്റര്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ കൂട്ടായ്മയുടെ ഭാരവാഹികള്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടപ്പോഴാണ് വഖഫ് ട്രെബ്യൂണല്‍ കോടതിയില്‍ ഉള്ള കേസ് അവസാനിപ്പിക്കാതെ പാലം പണി പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന് അറിയിക്കുന്നത്. തുടര്‍ന്ന് കരിങ്ങാച്ചിറ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്നലെ വകുപ്പ് ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും കരാറുകാരന്റെയും യോഗം ചേര്‍ന്നു. യോഗത്തില്‍ ഏറ്റെടുക്കുന്ന വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷമായി നിലനില്‍ക്കുന്ന കേസ് തീര്‍പ്പാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമം നടത്താത് കടുത്ത വിമര്‍ശനത്തിന് വിധേയമായി.
ചര്‍ച്ചക്കൊടുവില്‍ വരുന്ന ഏപ്രില്‍ മുപ്പതിനകം പാലം പണി പൂര്‍ത്തികരിക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. അപ്രോച്ച് റോഡ് നിര്‍മാണത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് പകരം റോഡിന്റെ മറുഭാഗത്തുള്ള സര്‍ക്കാര്‍ വക ഭൂമി നല്‍കുന്നതിനുള്ള നടപടകള്‍ മുന്നോട്ട് പോകാമെന്നും തത്വത്തില്‍ ധാരണയായതായി വാര്‍ഡ് മെമ്പര്‍ പി.ഐ നിസാര്‍ പറഞ്ഞു.യോഗത്തില്‍ ജനകീയ കൂട്ടായ്മയുടെ പ്രസിഡന്റ് മാങ്കപ്പാടത്ത് സാലി സജീര്‍ അധ്യക്ഷനായി.പുത്തന്‍ചിറ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുജിത് ലാല്‍ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൂട്ടായ്മയുടെ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."