ജില്ലയില്‍ നിയമം കാറ്റില്‍ പറത്തി ബസുകള്‍ ചീറിപ്പായുന്നു
ഒലവക്കോട്: ജില്ലയില്‍ നിയമം കാറ്റില്‍ പറത്തി ബസുകള്‍ ചീറിപ്പായുമ്പോള്‍ ഉദ്യോഗസ്ഥര്‍ നോക്കുകുത്തികളാവുന്നു. സ്വകാര്യ ബസുകളിലൂടെ പുറകുവശത്ത് എമര്‍ജന്‍സി ഡോറും സ്പീഡ് ഗവര്‍ണര്‍ എന്നിവ സ്ഥാപിക്കലും കടലാസില്‍ മാത്രമൊതുക്കി അഞ്ഞൂറിലധികം ബസുകളാണ് ജില്ലയില്‍ നിരത്തുകളിലുള്ളതെന്ന് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഉള്‍പെടുന്ന യാത്രക്കാരുടെ സംഘടനകള്‍ ആരോപിക്കുന്നു. കഴിഞ്ഞവര്‍ഷം സ്വകാര്യ വ്യക്തിക്കു ലഭിച്ച വിവരാവകാശ നിയമപ്രകാരം ജില്ലയില്‍ 1269 സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തുന്നത്.
ഇവയില്‍ പകുതിയിലധികവും സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കാതെയാണ് സര്‍വീസ് നടത്തുന്നത്. പാലക്കാട് - തൃശൂര്‍ റൂട്ടിലും, ഗോവിന്ദാപുരം- തൃശൂര്‍, മീനാക്ഷിപുരം - തൃശൂര്‍, പാലക്കാട് - കോഴിക്കോട്, പാലക്കാട് -വാളയാര്‍, പാലക്കാട് -കൊല്ലങ്കോട് എന്നീപ്രദേശങ്ങളിലെ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് നിയമം കാറ്റില്‍ പറത്തി സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കാതെ ഓട്ടം നടത്തുന്നത്.
സ്വകാര്യ ബസുകള്‍ ഓട്ടത്തിന്റെ കാലാവധി കഴിയുന്ന സമയത്ത് ടെസ്റ്റ് കാണിച്ച് പുതുക്കുന്നതിനായി മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകളില്‍ എത്തുമ്പോള്‍ സ്പീഡ് ഗവര്‍ണര്‍ വാടകക്കെടുത്ത് ഘടിപ്പിക്കുകയും ബസിന്റെ പുറകുവശത്ത് എമര്‍ജന്‍സി എക്‌സിറ്റ് എന്ന സ്റ്റിക്കര്‍ പതിക്കുകയും ചെയ്താണ് കാര്യങ്ങള്‍ തരപ്പെടുത്തുന്നത്.
ടെസ്റ്റ് കഴിഞ്ഞ ഗ്രൗണ്ടില്‍ നിന്നും സ്വദേശത്തേക്ക് ബസുകള്‍ തിരിക്കുന്നതോടെ സ്പീഡ് ബ്രേക്കര്‍ അഴിച്ചു മാറ്റി ഡോറുകള്‍ തുറന്നും അഴിച്ചു വെച്ചു കൊണ്ടാണ് സര്‍വീസ് നടത്തുന്നത്. ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ടെസ്റ്റ് നടത്തുന്ന ബസുകളെ പിന്നീട് റോഡരുകിലെ പരിശോധനക്കിടെ ആര്‍.ടി.ഒ, പൊലിസ് എന്നിവര്‍ ഒരു നടപടികളും എടുക്കാറില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
വിദ്യാര്‍ത്ഥികളെയും യാത്രക്കാരെയും കുത്തിനിറച്ച് യാത്ര ചെയ്യുന്ന സ്വകാര്യ ബസുകളില്‍ ഭൂരിഭാഗവും രണ്ടു ഡോറുകളും തുറന്ന് കെട്ടിയിട്ട അവസ്ഥയാണുള്ളത്.
ഇതുമൂലം മിക്കപ്പോഴും വിദ്യാര്‍ഥികളും പ്രായമായ യാത്രക്കാരും ഓടുന്ന ബസില്‍ നിന്നും വീണ് പരുക്കേല്‍ക്കാറുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടാകാറില്ല. 2016 ജനുവരിയില്‍ പുതുതായി നിരത്തിലിറങ്ങിയ പുത്തന്‍ ബസുകളുടെ കാര്യത്തിലും നിയമപാലനത്തില്‍ മാറ്റമുണ്ടായിട്ടില്ല.
മീനാക്ഷിപുരം, വേലന്താവളം, ഗോപാലപുരം, വാളയാര്‍ എന്നീ പ്രദേശങ്ങളിലെ മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റുകള്‍ ഉണ്ടെങ്കിലും നിയമം കാറ്റില്‍ പറത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ ചെറു നടപടികള്‍ പോലും സ്വീകരിക്കാറില്ലെന്ന് യാത്രക്കാര്‍ പറയുന്നു.
നിയമം കാറ്റില്‍ പറത്തി പൊതു ജനങ്ങളുടെ ജീവന് വിലകല്‍പിക്കാതെയുള്ള സ്വകാര്യ ബസുകളുടെ സര്‍വീസുകള്‍ നിയമ വിധേയമാക്കുന്നതിനുള്ള കര്‍ശനമായ പരിശോധന നടത്തുവാന്‍ പൊലിസും മോട്ടോര്‍ വാഹനവകുപ്പും തയ്യാറാവണമെന്നാണ് ബസ് യാത്രക്കാരുടെയും വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."