മണപ്പുള്ളി വേല കാണാന്‍ ആയിരങ്ങളെത്തി
പാലക്കാട്: നഗരവേലയെന്നറിയപ്പെടുന്ന മണപ്പുള്ളി വേല ആഘോഷിച്ചു പാലക്കാട് നഗരത്തിലെ കിഴക്കേയാക്കര, പടിഞ്ഞാറേ യാക്കര, കൊപ്പം, വടക്കന്തറ, മുട്ടിക്കുളങ്ങര, കളളിക്കാട് ദേശങ്ങളിലെ വേലകള്‍ കോട്ടമൈതാനത്ത് സംഗമിച്ചു. ആനകള്‍ അണിനിരന്നതിനു ശേഷം വൈകിട്ട് അതാതു ദേശങ്ങളിലേക്കു തിരിച്ചുപോയി. പുലര്‍ച്ചെ ഈടുവെടിയോടെ വേലയാഘോഷത്തിന് തുടക്കമായി.
അമ്മയുടെ തിരുനാളില്‍ തൊഴുതുവണങ്ങി അനുഗ്രഹം വാങ്ങാന്‍ ആയിരങ്ങളെത്തി. മണപ്പുള്ളി ഭഗവതിയെ ഒരു നോക്കുകാണാന്‍ ഭക്തര്‍, അവരവരുടെ ദേശങ്ങളിലുള്ള മണപ്പുള്ളി ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ മുതല്‍ തന്നെ എത്തിത്തുടങ്ങി. ദേവീപ്രീതിക്കായി വഴിപാടുകളും പൂജകളും നടത്തി. തലയെടുപ്പുള്ള ഗജവീരന്‍മാരും അഴകുള്ള വേഷവിധാനങ്ങളും ആര്‍ത്തു നിലവിളിച്ചു ചാടുന്ന തട്ടിന്‍മേല്‍ കൂത്തും വേലയെ ആഹ്ലാദപൂരിതമാക്കി.
കേരളത്തിലെ പ്രശസ്ത കലാകാരന്‍മാര്‍ അണിനിരക്കുന്ന പഞ്ചവാദ്യവും പഞ്ചാരിയും വേലയെ താളലയമാക്കി. ഇതിനു പുറമെ തപ്പട്ടയും ശിങ്കാരി മേളവും ന്യൂജനറേഷന്‍ വാദ്യങ്ങളും മണപ്പുള്ളി അമ്മയുടെ തട്ടകങ്ങളെ പ്രകമ്പനം കൊള്ളിച്ചു.
വേലയുടെ പ്രധാനികളായ കിഴക്കേയാക്കര മണപ്പുള്ളിക്കാവില്‍ കാലത്ത് നാലിന് നടതുറക്കും. 5.30 ന് ഉഷപൂജ. നാദസ്വരം 6.30 ന് മഞ്ഞപ്ര മോഹനും സംഘവും അവതരിപ്പിക്കുന്ന സമ്പ്രദായ ഭജന, 7.00 ന് പരിവാര പൂജ, 8.00 ന് പഞ്ചാരിമേളത്തോടെ കാഴ്ചശീവേലി, 10.00 ന് അന്നദാനം എന്നിവ നടന്നു. 11.00 ന് പൂര്‍ണ ചാന്താഭിഷേകം, ഉച്ചപൂജ എന്നിവയും ഉച്ചയ്ക്ക് 1.30 ന് കല്ലൂര്‍ രാമന്‍കുട്ടിമാരാരും പോരൂര്‍ ഉണ്ണികൃഷ്ണമാരാരും അവതരിപ്പിക്കുന്ന ഡബിള്‍ തായമ്പക അരങ്ങേറി. വൈകുന്നേരം 3.15ന് കോട്ടമൈതാനിയിലേക്ക് വേല എഴുന്നെള്ളിപ്പും തുടര്‍ന്ന് പഞ്ചവാദ്യവും നടന്നു രാത്രി 8.30ന് വേല മന്ദ് കയറിയതോടെ വെടിക്കെട്ടും പാണ്ടിമേളവും നടന്നു. രാത്രി 12ന് മെഗാ ഗാനമേളയും പുലര്‍ച്ചെ രാവേലയും നടന്നതോടെ വേലക്കു സമാപനമായി.
നാലിന് രാവിലെ ഏഴിന് കൊടിയിറക്കമാണ്. ഇതോടെ വേലയാഘോഷത്തിന് സമാപനമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."