കേളി ഇടപെടൽ; 8 വർഷത്തെ ദുരിതത്തിനൊടുവിൽ കൃഷ്ണപ്പിള്ള നാടണഞ്ഞു
റിയാദ് : ഇഖാമ പുതുക്കാനാവാതെയും പ്രായാധിക്യം മൂലമുള്ള രോഗങ്ങൾ മൂലവും കഴിഞ്ഞ എട്ട് വർഷമായി സൗദിയിൽ ദുരിത ജീവിതം നയിച്ചിരുന്ന കൃഷ്ണപ്പിള്ള കേളി പ്രവർത്തകരുടെ യും ഇന്ത്യൻ എംബസിയുടെയും സഹായത്താൽ നാടണഞ്ഞു.
34 വർഷമായി അൽഖർജിലെ അരീഖിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ പ്ലംബറായി ജോലി ചെയ്തുവരികയായിരുന്ന പത്തനംതിട്ട ആറന്മുള സ്വദേശിയായ കൃഷ്ണപ്പിള്ള കഴിഞ്ഞ ദിവസമാണ് എയർ ഇന്ത്യാ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചത്.
മൂന്നര പതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിനിടയിൽ ആദ്യ കാലത്ത് വലിയ പ്രയാസങ്ങളൊന്നുമില്ലാതെയാണ് കൃഷ്ണപിള്ള മുന്നോട്ട് പോയത്. കൃത്യമായി അവധിക്ക് നാട്ടിൽ പോകാൻ പറ്റിയിരുന്നില്ലെങ്കിലും കൃഷ്ണപിള്ള സന്തോഷവാനായിരുന്നു. എന്നാൽ തൊഴിൽ നിയമത്തിലെ പരിഷ്‌കാരങ്ങളും ഇഖാമ പുതുക്കാൻ വലിയ തുക ആവശ്യമായി വരികയും കൂടി ചെയ്തതോടെ എട്ട് വർഷത്തോളമായി ഇഖാമ പുതുക്കാൻ പറ്റാതെ വന്നു. ഇഖാമയില്ലാതെ ജോലിയിൽ തുടരേണ്ടി വന്നത് കൃഷ്ണ പിള്ളയെ ഏറെ പ്രയാസപ്പെടുത്തി. ഇതിനിടെ ഹൃദ്രോഗം പിടിപ്പെട്ട കൃഷ്ണപിള്ളക്ക് മതിയായ ചികിത്സയും ലഭ്യമായില്ല. പ്രായവും അസുഖവും തളർത്തിയ അദ്ദേഹത്തിന്റെ ദയനീയ സ്ഥിതി മനസ്സിലാക്കിയ സുഹൃത്തുക്കളാണ് കേളി പ്രവർത്തകരെ ബന്ധപ്പെട്ട് നാട്ടിലെത്തിക്കാനുള്ള സഹായം അഭ്യർത്ഥിച്ചത്. തുടർന്ന് കേളി ജീവകാരുണ്യ വിഭാഗം വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്ന് എംബസി ഉടനടി ഇടപെടുകയും തർഹീൽ വഴി എക്സിറ്റ് അടിക്കാനുള്ള രേഖകൾ തയ്യാറാക്കി നൽകുകയും ചെയ്തു. കൃഷ്ണപ്പിള്ള ജോലി ചെയ്തിരുന്ന കമ്പനിയുമായി ബന്ധപ്പെട്ട് വിഷയത്തിൽ പരിഹാരം കാണാൻ ശ്രമിച്ച കേളി പ്രവർത്തകർ അദ്ദേഹത്തിനാവശ്യമായ ചികിത്സാ സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു. പ്രതിസന്ധി ഘട്ടത്തിൽ തന്നെ സഹായിച്ച കേളിയോടും, ഇന്ത്യൻ എംബസിയോടും, കേളി അൽഖർജ് ഏരിയയിലെ പ്രവർത്തകരായ രാജൻ പള്ളിത്തടം, ലിപിൻ, രാജു സി.കെ, തിലകൻ, നാസർ പൊന്നാനി, ഷാൻ കൊല്ലം, ബഷീർ, ചന്ദ്രൻ, ഡേവിഡ് രാജ് എന്നിവരോടുമുള്ള നന്ദി പറഞ്ഞാണ് കഴിഞ്ഞ ദിവസത്തെ എയർ ഇന്ത്യ വിമാനത്തിൽ കൃഷ്ണപ്പിള്ള നാട്ടിലേക്ക് തിരിച്ചത്.
ചിത്രം: കേളി അൽഖർജ് രക്ഷാധികാരി സമിതി അംഗം രാജു സി.കെ കൃഷ്ണപ്പിള്ളക്ക് യാത്രാരേഖകൾ കൈമാറുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."