അധികൃതരുടെ കനിവ് കാത്ത് മിനിയും രാഖിലും
പനമരം: ആദിവാസി ഉന്നമനത്തിന് ഭരണകൂടങ്ങള്‍ കോടികള്‍ ചെലവഴിക്കുമ്പോഴും തുടര്‍ ചികിത്സക്ക് പണമില്ലാതെ വലഞ്ഞ് ആദിവാസികള്‍. അരിവാള്‍ രോഗിയായ മാനന്തവാടി എട്ടില്‍ പണിയ കോളനിയിലെ മിനിയും തലച്ചോര്‍ സംബന്ധമായ രോഗമുള്ള ദ്വാരകയിലെ കുഞ്ഞോത്ത് പണിയ കോളനിയിലെ രാഖിലുമാണ് തുടര്‍ ചികിത്സക്ക് പണമില്ലാതെ ദുരിത ജീവിതം നയിക്കുന്നത്.
കുങ്കിയുടെ രണ്ടു മക്കളില്‍ ഒരാളായ മിനിക്ക് 30 വയസായി. രോഗം ബാധിച്ച് എല്ലും തോലുമായ മിനിയെ പരിചരിക്കാനിരിക്കുന്നത് കാരണം കുങ്കിക്ക് ജോലിക്ക് പോകാനും കഴിയുന്നില്ല. കുടുംബത്തിന് അത്താണിയാകാന്‍ പഠനമുപേക്ഷിച്ച് കൂലിപ്പണിക്ക് പോകുകയാണ് കുങ്കിയുടെ ഇളയ മകന്‍.
മിനിയുടെ ചികിത്സക്കായി ഇതിനുമുമ്പ് മുട്ടില്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ഒരു പറ്റം വിദ്യാര്‍ഥികള്‍ കരോക്കേ ഗാനമേള സംഘടിപ്പിച്ച് 30000 രൂപ നല്‍കിയിരുന്നു. തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ നാലു മാസത്തോളം ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. അരിവാള്‍ രോഗികള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായമായ 1000 രൂപ മാത്രമാണ് ഇവരുടെ ഏക വരുമാനം. മിനിയുടെ അച്ഛന്‍ കുടുംബത്തെ ഉപേക്ഷിച്ച് പോയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ദുരിതങ്ങള്‍ക്കിടയിലും കയറിക്കിടക്കാന്‍ ചോര്‍ന്നൊലിക്കാത്ത വീടില്ലെന്നത് ഇവരുടെ ദുരിതം ഇരട്ടിയാക്കുകയാണ്.
കഴിഞ്ഞ രണ്ട് മാസമായി കൂളിവയലില്‍ പുതുതായി ആരംഭിച്ച സ്വകാര്യ ആയുര്‍വ്വേദ ക്ലിനിക്കില്‍ ചികിത്സയിലാണ് മിനി. ഇവിടുന്നും കയ്യൊഴിഞ്ഞാല്‍ മരണമല്ലാതെ വേറൊരു വഴിയില്ല എന്നാണ് കുങ്കി പറയുന്നത്.
ദ്വാരകയിലെ കുഞ്ഞോത്ത് പണിയ കോളനിയിലെ രാഖിലിന് തലച്ചോറിന് തകരാറാണ്. പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാന്‍ പോലുമാകില്ല. ചെറുപ്പത്തിലെ പോഷകാഹാര കുറവാണ് രാഖിലിനെ നിത്യരോഗിയാക്കിയിരിക്കുന്നതെന്ന് ഹോസ്പിറ്റലിലെ ആയുര്‍വ്വേദ ഡോക്ടര്‍ പറഞ്ഞു. കൂളിവയലിലെ രണ്ട് മാസത്തെ ചികിത്സ കൊണ്ട് രാഖിലിന് ചെറിയ മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ തുടര്‍ ചികിത്സക്ക് പണമില്ലാത്തതിനാല്‍ ഇവര്‍ വീടുകളിലേക്ക് തിരികെ പോകാനുള്ള ഒരുക്കത്തിലാണ്.
അടച്ചുറപ്പുള്ള വീടില്ലാത്തതും ഇവരെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. വലിയമ്മ കുങ്കിയുടെ സംരക്ഷണയിലാണ് രാഖില്‍. ട്രൈബല്‍ വകുപ്പിന്റെ ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് ഇരുവരും പറയുന്നു. മിനിയുടേയും രാഖിലിന്റെയും തുടര്‍ ചികിത്സക്ക് ഭീമമായ തുക വേണം. ഇതുവരെ ഇവരെ സൗജന്യമായാണ് ഡോക്ടര്‍ ചികിത്സിച്ചിരുന്നത്. മിനിയും രാഖിലും സാധാരണ ജീവിതത്തിലേക്കെത്തണമെങ്കില്‍ അധികൃതര്‍ കനിയുക തന്നെവേണം. സര്‍ക്കാരിന്റെ കനിവും കാത്ത് കഴിയുകയാണ് ഈ കുടുംബങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."