ശബരിമല വിധിക്കെതിരായ ഹരജികള്‍ ഭരണഘടനാ ബെഞ്ച് ഫെബ്രുവരി എട്ടിന് പരിഗണിച്ചേക്കും
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധി ചോദ്യം ചെയ്ത് നല്കിയ നാലു റിട്ട് ഹരജികള്‍ ഫെബ്രുവരി എട്ടിനു പരിഗണിച്ചേക്കും. സുപ്രിം കോടതി വെബ്സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്. ചെന്നൈ സ്വദേശി വിജയകുമാര്‍, മുംബൈ സ്വദേശി ശൈലജ വിജയന്, വിശ്വ ഹിന്ദു പരിഷത് നേതാവ് എസ്. ജയരാജ് കുമാര്‍ എന്നിവരും അഖില ഭാരതീയ മലയാളി സംഘ് എന്ന സംഘടനയും നല്കിയ റിട്ട് ഹരജികളാണ് പരിഗണിക്കുക.
വിധിക്ക് എതിരായ പുന:പരിശോധന ഹരജികള്‍ ജനുവരി 22 ന് ഭരണഘടന ബെഞ്ച് തുറന്ന കോടതിയില്‍ പരിഗണിക്കാനായിരന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിധി പുറപ്പെടുവിച്ച ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധിയില്‍ ആയതിനാല്‍ മുന്‍ നിശ്ചയിച്ചത് പ്രകാരം ജനുവരി 22 ന് പരിഗണിക്കാന്‍ ഇടയില്ല എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
ജനുവരി 21 മുതല്‍ 24 വരെ കോടതി പരിഗണിക്കുന്ന കേസുകളുടെ പട്ടിക സുപ്രിം കോടതി ശനിയാഴ്ച പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ ദിവസങ്ങളില്‍ ഒന്നും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര കോടതിയില്‍ കേസുകള്‍ കേള്‍ക്കാന്‍ ഇരിക്കുന്നില്ല എന്നാണ് ലിസ്റ്റില്‍ നിന്ന് മനസിലാകുന്നത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ജനുവരി 27 വരെ അവധി നീട്ടിയതായും ഇതിനിടെ സുപ്രിം കോടതി വൃത്തങ്ങള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."