കണ്ണീര്പെയ്ത് ചേറ്റുകുണ്ട്്; ആറുപേര്‍ക്കും ഒന്നിച്ച് അന്ത്യനിദ്ര
ഉദുമ (കാസര്‍കോട്): നോമ്പുതുറയ്ക്ക് പോകുന്നതിനിടെ തിങ്കളാഴ്ച വൈകുന്നേരം ബേക്കല്‍ പള്ളിക്കര തീരദേശപാതയില്‍ കാറപകടത്തില്‍ മരണപ്പെട്ട കുടുംബത്തിലെ ആറുപേര്‍ക്കും ചേറ്റുകുണ്ട് ഇബ്രാഹിം ബാദുഷാ ജുമാ മസ്ജിദ് പരിസരത്ത് അന്ത്യനിദ്ര. കളനാട്ടെ ഹമീദിന്റെ മകന് സജീര്‍ (20) (കഴിഞ്ഞ ദിവസം സജീറിന്റെ ചിത്രം തെറ്റായാണ് പ്രസിദ്ധീകരിച്ചിരുന്നത്), മകള്‍ സറീന (17), ഇവരുടെ മാതാവ് സക്കീന (39), സക്കീനയുടെ മകന് ഇര്‍ഫാന്റെ ഭാര്യ റംസീന (19), സഹോദരന് അസ്ഹറിന്റെ ഭാര്യ ഖൈറുന്നിസ (24), ഖൈറുന്നിസയുടെ മകള്‍ ഫാത്വിമ (രണ്ട്) എന്നിവരെയാണ് ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെ അടുത്തടുത്തായി ഖബറടക്കിയത്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തളങ്കര മാലിക്ദീനാര്‍ ജുമാമസ്ജിദ്, കാഞ്ഞങ്ങാട് ബനാത്ത്വാല സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നു കുളിപ്പിച്ച മൃതദേഹങ്ങള്‍ ഉച്ചയോടെ ചേറ്റുകുണ്ടിലേക്കെത്തിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയാണ് ചേറ്റുകുണ്ടില്‍ നിന്നും സക്കീനയുടെ മറ്റൊരു മകള്‍ ശമീനയുടെ കാസര്‍കോട്ടുള്ള വീട്ടിലേയ്ക്ക് നോമ്പുതുറയ്ക്കായി പോകുന്നതിനിടെ നിയന്ത്രണംവിട്ട കാര്‍ പള്ളിക്കര വില്ലേജ്ഓഫിസിന് മുന്നില്‍ പാതയോരത്തെ മരത്തിലിടിച്ചത്. കാറോടിച്ചിരുന്ന സജീറിന്റെ സുഹൃത്ത് അര്‍ഷാദ് (19), ഖൈറുന്നിസയുടെ മറ്റൊരു മകന് അജ്മല്‍ (അഞ്ച്), റംസീനയുടെ മകന് ഇനാം (ഒരു വയസ്) എന്നിവര്‍ പരുക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."