അനധികൃത ഹൗസ് ബോട്ടുകള്‍ക്ക് കുരുക്ക്; കര്‍ശന നടപടിയെടുക്കാന്‍ തീരുമാനം
തിരുവനന്തപുരം : ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത ഹൗസ് ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള ജലയാനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനം.
രജിസ്‌ട്രേഷന്‍ ഇല്ലാത്ത ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. സംസ്ഥാനത്ത് നിരവധി ഹൗസ് ബോട്ട് ഉടമകള്‍ ഗുരുതരമായ നിയമലംഘനം നടത്തുന്നതായി യോഗം വിലയിരുത്തി.
നിരവധി ഹൗസ് ബോട്ടുകള്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഒരേ രജിസ്‌ട്രേഷന്‍ നമ്പറില്‍ ഒന്നിലധികം ഹൗസ് ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യവും നിലവിലുണ്ടെന്നും തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ ഇല്ലാത്ത ബോട്ടുകള്‍ തുറമുഖ വകുപ്പ് പിടിച്ചെടുക്കും. പിടിച്ചെടുക്കുന്ന ബോട്ടുകളുടെ സംരക്ഷണത്തിനായി സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുകയും 15 വിമുക്ത ഭടന്മാരെ സുരക്ഷയ്ക്കായി നിയോഗിക്കുകയും ചെയ്യും. രജിസ്‌ട്രേഷന്‍ ഇല്ലാത്ത ബോട്ടുകളെ ടൂറിസം വകുപ്പിനു കീഴിലുള്ള ബോട്ട് ജെട്ടികളില്‍ പ്രവേശിപ്പിക്കില്ല. അഗ്‌നിബാധയ്ക്ക് ഏറ്റവും സാധ്യതയുള്ള ഹൗസ് ബോട്ടുകളിലെ അടുക്കളയില്‍ പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കള്‍ ഒഴിവാക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കും.
സുരക്ഷാ ഉപകരണങ്ങളുടെയും സുരക്ഷാ സംവിധാനങ്ങളുടെയും നിലവാരം ഫയര്‍ ഫോഴ്‌സ് വിഭാഗം പരിശോധന നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."