ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് ഡുപ്ലെസിസ്
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയുടെ ടി20, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് ബാറ്റ്‌സ്മാന്‍ ഫാഫ് ഡുപ്ലെസിസ്. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പിന്മാറിയെങ്കിലും ടീമില്‍ തുടരുമെന്നും ഡുപ്ലെസിസ് അറിയിച്ചു. പുതിയ തലമുറക്കായി മാറിനില്‍ക്കുകയാണെന്നാണ് താരത്തിന്റെ വിശദീകരണം.
ഇംഗ്ലണ്ടിനെതിരേ ഇക്കഴിഞ്ഞ ഏകദിന, ടി20 പരമ്പരയില്‍നിന്ന് താരം വിട്ടുനിന്നിരുന്നു. അന്ന് വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കാണ് ടീമിനെ നയിച്ചിരുന്നത്. ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുമ്പായി ഡു പ്ലെസിസിന് പകരം ക്വിന്റന്‍ ഡിക്കോക്കിനെ ക്യാപ്റ്റനാക്കി നിയമിച്ചിരുന്നു. ടി20 പരമ്പരയിലും ഡുപ്ലെസിസ് ഇല്ലാതിരുന്നതോട ഡിക്കോക്കിന് തന്നെയാണ് നായക ചുമതല. ടെസ്റ്റില്‍ പകരക്കാരന്‍ ആരെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും ഡികോക്കിന് തന്നെയാണ് സാധ്യത. എന്നാല്‍ ജൂലൈയില്‍ മാത്രമെ ദക്ഷിണാഫ്രിക്കയ്ക്ക് ഇനി ടെസ്റ്റ് പരമ്പരയുള്ളൂവെന്നതിനാല്‍ ഔദ്യോഗിക പ്രഖ്യാപനം വൈകും.
ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിലെ ദയനീയ പുറത്താവലിന് ശേഷം കുറച്ചു മാസങ്ങളായി താരത്തിന് കീഴിലിറങ്ങിയ ടീമിന് വന്‍ വിജയങ്ങളൊന്നും അക്കൗണ്ടിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയോട് വൈറ്റ്‌വാഷിന് വഴങ്ങിയതിന് പിന്നാലെ ഹോം പരമ്പരയില്‍ ഇംഗ്ലണ്ടിനോട് 3-1ന്റെ പരാജയവും ഏറ്റുവാങ്ങി. ബാറ്റിങ്ങിലും ദയനീയമായിരുന്നു പ്രകടനം. അവസാന 14 മത്സരങ്ങളില്‍ നിന്ന് വെറും 20.94 ആണ് ശരാശരി റണ്‍സ്.
35കാരനായ ഡുപ്ലെസിസ് 2011ലാണ് അരങ്ങേറുന്നത്. 2012 മുതല്‍ ടി20 ടീമിന്റെ ക്യാപ്റ്റനായിരുന്ന ഡുപ്ലെസിസ് 2017ഓടെ ഏകദിന, ടെസ്റ്റ് ടീമുകളുടേയും ക്യാപ്റ്റനായി മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."