ഓണ്‍ലൈനില്‍ വിദ്യാര്‍ഥികള്‍; രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി പൊലിസ്
മുക്കം: സംസ്ഥാനത്തു സൈബര്‍ ചതിക്കുഴികളില്‍ വിദ്യാര്‍ഥികള്‍ അകപ്പെടുന്നത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി പൊലിസ്. തങ്ങളുടെ കുട്ടികള്‍ സൈബര്‍ ലോകത്തു സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തേണ്ടത് രക്ഷിതാക്കളുടെ ചുമതലയാണെന്ന് പൊലിസ് വ്യക്തമാക്കുന്നു. കുട്ടികളുടെ ഓണ്‍ലൈന്‍ ഇടപെടലുകള്‍ എന്തൊക്കെയാണെന്ന് രക്ഷിതാക്കള്‍ കൃത്യമായി നിരീക്ഷിക്കണമെന്നും പൊലിസ് നിര്‍ദേശം നല്‍കുന്നു.
സൈബര്‍ ഭീഷണികളെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തണമെന്നും ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ചും ഓണ്‍ലൈന്‍ ഗെയിമുകളെക്കുറിച്ചും അവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നും പൊലിസ് പറയുന്നു. കുട്ടികള്‍ അധികസമയം ഓണ്‍ലൈനില്‍ ചെലവഴിക്കുന്നത് ശ്രദ്ധയില്‍പെടുകയോ അതു വിലക്കുമ്പോള്‍ അവര്‍ എതിര്‍ക്കാന്‍ ശ്രമിക്കുകയോ ഓണ്‍ലൈന്‍ ഇടപെടലുകളില്‍ രഹസ്യസ്വഭാവം പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പെടുകയോ ചെയ്താല്‍ സൈബര്‍ ഗ്രൂമിങിനു വിധേയരാകുന്നതിന്റെ സൂചനയായി കണക്കാക്കണം. ലൈംഗിക ചൂഷണം ലക്ഷ്യമാക്കി ചാറ്റ് മുഖേനെയോ മറ്റു മാര്‍ഗങ്ങളിലൂടെയോ സമൂഹ മാധ്യമങ്ങള്‍ വഴി കുട്ടികളുമായി വൈകാരികമായ അടുപ്പം സൃഷ്ടിച്ചെടുക്കുന്നതിനെയാണ് സൈബര്‍ ഗ്രൂമിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതിന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ കുറിച്ചും രക്ഷിതാക്കള്‍ കുട്ടികളെ ബോധ്യപ്പെടുത്തണം. പ്രൈവസി സെറ്റിങ്‌സ് എങ്ങനെ സുരക്ഷിതവും ശക്തവുമാക്കാമെന്ന് കുട്ടികള്‍ക്ക് മനസിലാക്കിക്കൊടുക്കണം. ഇ മെയില്‍ വഴിയോ മെസേജ് ആയോ അജ്ഞാത കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സംശയകരമായ ലിങ്കുകള്‍ തുറക്കരുത്. ഹാക്കര്‍മാര്‍ക്ക് നിരീക്ഷണം നടത്താന്‍ കഴിയാത്ത വിധത്തില്‍ ലാപ്‌ടോപ്പ് അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങളിലെ കാമറകള്‍ അവ കൈകാര്യം ചെയ്യാത്ത സമയങ്ങളില്‍ മറച്ചുവയ്ക്കണം. രക്ഷിതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലുള്ള ആന്റി വൈറസുകള്‍, സോഫ്റ്റ്‌വെയറുകള്‍ തുടങ്ങിയവ ഇന്‍സ്റ്റാള്‍ ചെയ്ത് കുട്ടികള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ, വെബ്‌സൈറ്റുകള്‍ എന്നിവ നിരീക്ഷിക്കാന്‍ ശ്രമിക്കണം.
വിശ്വാസ യോഗ്യമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍, ഗെയിമുകള്‍, ആപ്ലിക്കേഷനുകള്‍ തുടങ്ങിയവ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കണം. സ്വകാര്യവിവരങ്ങള്‍ ഹാക്കര്‍മാര്‍ കൈക്കലാക്കുന്നത് തടയുന്നതിനായി ഓപറേറ്റിങ് സിസ്റ്റവും സോഫ്റ്റ്‌വെയറുകളും കൃത്യമായി അപ്‌ഡേറ്റ് ചെയ്യണം. സുരക്ഷിതമായ ബ്രൗസിങ് ടൂള്‍സ് ഉപയോഗിക്കണമെന്നും ബ്രൗസറുകള്‍ അപ്‌ഡേറ്റഡ് വേര്‍ഷന്‍ ആണെന്ന് ഉറപ്പുവരുത്തണമെന്നും പൊലിസ് മുന്നറിയിപ്പു നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."