സ്‌കൂള്‍ കെട്ടിടത്തില്‍ അഗ്നിബാധ; ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല !
കോഴിക്കോട്: പൊടുന്നനെയാണ് സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തില്‍ തീപിടിച്ചെന്ന സന്ദേശം ലഭിച്ചത്. ഉടന്‍ തന്നെ ബീച്ച് ഫയര്‍സ്റ്റേഷനില്‍ നിന്ന് രണ്ടു യൂനിറ്റ് ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനത്തിന്. അപായസൂചന മുഴക്കി അഗ്നിശമന സേന ഓടിയടുക്കുമ്പോള്‍ കുട്ടികളുടെ മുഖത്ത് ഭീദിതമായ നിസ്സഹായാവസ്ഥ. തീയണക്കുന്നതിനൊപ്പം കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഓടിക്കൂടിയവര്‍ക്കും കേട്ടറിഞ്ഞവര്‍ക്കും ആശങ്ക, ഭീതി, ഉദ്വേഗനിമിഷങ്ങള്‍... പിന്നീടാണറിഞ്ഞത് മോക്ഡ്രില്‍. ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. ഭീതിയില്‍ നിന്നകന്ന് മുഖങ്ങളില്‍ ചിരിപടര്‍ന്നു.
ദേശീയ അഗ്‌നി രക്ഷാപ്രവര്‍ത്തന ആചരണത്തിന്റെ ഭാഗമായി ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തിലാണു മോക്ഡ്രില്‍ സംഘടിപ്പിച്ചത്. അതേസമയം മോക്ഡ്രില്‍ കുട്ടികള്‍ക്കും നവ്യാനുഭവമായി. തീപിടിച്ചാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് കുട്ടികള്‍ക്ക് മികച്ച ബോധവല്‍ക്കരണവുമായി മോക്ഡ്രില്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണു മോക്ഡ്രില്‍ സംഘടിപ്പിച്ചത്. ബീച്ച് ഫയര്‍സ്റ്റേഷന്‍ ഓഫിസര്‍ പനോത്ത് അജിത്കുമാര്‍, ലീഡിങ് ഫയര്‍മാന്‍ ടി. ബിജു പ്രസാദ് നവീന്‍, ഒ.കെ ശ്രീജിത്ത്, ജിതിന്‍ ബാബു, ജിഗേഷ് ഉണ്ണികൃഷ്ണന്‍, ജയപ്രകാശ്, പ്രധാനാധ്യാപിക എ.സി നീമ, പി.ഇ ഉഷ തോമസ്, സ്റ്റാഫ് സെക്രട്ടറി സീന കൊറിയ എന്നിവരുടെ നേതൃത്വത്തിലാണു മോക്ഡ്രില്‍ നടന്നത്. സ്‌കൂളിലെ 1500 ഓളം വിദ്യാര്‍ഥികളും 38 ഓളം അധ്യാപകരും പങ്കാളികളായി. തുടര്‍ന്ന് ബോധവല്‍ക്കരണ ക്ലാസും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."