വിജ്ഞാപനമായി, സ്ഥലമേറ്റെടുക്കല്‍ ഉടന്‍; ശ്രീകാര്യം മേല്‍പാലം യാഥാര്‍ഥ്യമാകുന്നു
കഴക്കൂട്ടം: ശ്രീകാര്യത്ത് വര്‍ഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കിനു പരിഹാരമായി ശ്രീകാര്യം മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നു.
സ്ഥലമേറ്റെടുക്കല്‍ നടപടിക്കു മുന്നോടിയായുള്ള പ്രാഥമിക വിജ്ഞാപനം ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചു. സ്ഥലമേറ്റെടുക്കല്‍ ഉടന്‍ ആരംഭിക്കും. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുള്ള സാമൂഹികാഘാത പഠനത്തെ തുടര്‍ന്നായിരുന്നു നടപടി. സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഇന്‍ ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ ബിഹേവിയര്‍ എന്ന സ്ഥാപനമാണ് സാമൂഹിക പ്രത്യാഘാത പഠനം നടത്തിയത്.
ശ്രീകാര്യം ചാവടിമുക്കിനടുത്തു തുടങ്ങി കല്ലമ്പള്ളി ജങ്ഷനില്‍ അവസാനിക്കുന്ന മേല്‍പ്പാലത്തിന് അരക്കിലോമീറ്റര്‍ നീളമുണ്ടാകും. ഇതിനായി ചെറുവയ്ക്കല്‍, ഉള്ളൂര്‍, പാങ്ങപ്പാറ വില്ലേജിലായുള്ള 183 സ്ഥലങ്ങളാണ് ഏറ്റെടുക്കേണ്ടിവരുന്നത്. ഇതില്‍ 177 സ്ഥലങ്ങള്‍ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ വകയാണ്. ആറു സ്ഥലങ്ങള്‍ മാത്രമാണ് സര്‍ക്കാരിന്റേതായുള്ളത്.
ചെറുവയ്ക്കലില്‍ 64 എണ്ണവും ഉള്ളൂരില്‍ 63ഉം പാങ്ങപ്പാറയില്‍ 56ഉം സ്ഥലങ്ങളാണ് ഏറ്റെടുക്കുന്നത്. 183 സ്ഥലങ്ങളിലില്‍ 151 എണ്ണവും വ്യക്തികളുടെ പേരിലുള്ള സ്ഥലവും കെട്ടിടവുമാണ്. ബാക്കിയുള്ളവയില്‍ 15 എണ്ണം തുറസ്സായ സ്ഥലവും 16 എണ്ണം മറ്റുവിഭാഗങ്ങളില്‍പ്പെടുന്നവയുമാണ്. 121 വാണിജ്യ സ്ഥാപനങ്ങളും 20 പാര്‍പ്പിടങ്ങളും വാണിജ്യാവശ്യത്തിനും താമസത്തിനും കൂടി ഉപയോഗിക്കുന്ന 10 സ്ഥലങ്ങളുമാണുള്ളത്. 1.3 ഹെക്ടര്‍ ഭൂമിയാണ് മേല്‍പ്പാലത്തിനായി ഏറ്റെടുക്കേണ്ടി വരിക.
വിജ്ഞാപനമായ സാഹചര്യത്തില്‍ പട്ടികയില്‍ പറയുന്ന വസ്തുവകകള്‍ ഇനി കൈമാറ്റം ചെയ്യാന്‍ കഴിയില്ല. ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുനരധിവാസത്തിനുമുള്ള 2013ലെ അവകാശ നിയമപ്രകാരം ഡെപ്യൂട്ടി കലക്ടറെ ഭൂമി ഏറ്റെടുക്കലിനു സര്‍ക്കാര്‍ മൂന്നുവര്‍ഷം മുന്‍പേ ചുമതലപ്പെടുത്തിയിരുന്നു. നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം സ്ഥലമുടമകള്‍ക്കു സര്‍ക്കാര്‍ അറിയിപ്പ് നല്‍കിക്കഴിഞ്ഞു. പരാതിയുള്ളവര്‍ രണ്ടാഴ്ചയ്ക്കകം ഡെപ്യൂട്ടി കലക്ടറെ (സ്ഥലം ഏറ്റെടുക്കല്‍) രേഖാമൂലം അറിയിക്കണം.
നിലവില്‍ സ്ഥലം ഏറ്റെടുപ്പുമായുള്ള തര്‍ക്കങ്ങള്‍ ശ്രീകാര്യത്തുണ്ട്. മേല്‍പ്പാലം വരുമ്പോള്‍ 15 സെന്റ് ഭൂമി നഷ്ടപ്പെടുന്ന ശ്രീകാര്യം ജമാഅത്തിനു എതിര്‍പ്പുണ്ട്. പള്ളിയുടെ വശത്തുനിന്നു 14 മീറ്റര്‍ വീതിയിലും എതിര്‍വശത്ത് ഏഴു മീറ്റര്‍ വീതിയിലുമാണ് ഭൂമി ഏറ്റെടുക്കുന്നതെന്നാണ് പള്ളി ഭാരവാഹികളുടെ പരാതി. ജമാഅത്ത് ഭാരവാഹികള്‍ ഇതിനോടകം തന്നെ പരസ്യ സമരത്തിനും ഇറങ്ങി.
ഇരുവശത്തുനിന്നു തുല്യമായി സ്ഥലെേമറ്റടുക്കണമെന്നാണ് ആവശ്യം. വ്യാപാരികളും എതിര്‍പ്പുമായി മുന്നോട്ടു വന്നിട്ടുണ്ട്. ചുരുക്കത്തില്‍ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് മുന്നില്‍ കടമ്പകള്‍ ഇനിയും ബാക്കി നില്‍ക്കുകയാണ്. മേല്‍പ്പാലം വരുന്നതോടെ ശ്രീകാര്യത്ത ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കഴിയും. ഭാവിയില്‍ ലൈറ്റ് മെട്രോ വരുമ്പോള്‍ അതുംകൂടി ഉള്‍ക്കൊള്ളുന്ന രീതിയിലാകും പാലത്തിന്റെ നിര്‍മാണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."