ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിത നിലവാരമുയര്‍ത്താന്‍ പദ്ധതി
പാലക്കാട്: ഇതര സംസ്ഥാന തൊഴിലാളികളുടെതാമസസൗകര്യത്തിനായി 'അപ്നാ ഘര്‍' എന്ന പേരില്‍ തൊഴില്‍ വകുപ്പിന് കീഴില്‍ രൂപവത്കരിച്ച ഭവനം ഫൗണ്ടേഷന്റെ ചുമതലയില്‍ ജില്ലയിലെ കഞ്ചിക്കോട് വ്യവസായ മേഖലയില്‍ 750 പേര്‍ക്ക് താമസിക്കാവുന്ന ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു.
ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയ്ക്കായി 'ആവാസ്' എന്ന പേരില്‍ ഒരു ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയും നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കെട്ടിടനിര്‍മാണം, ഇരുമ്പുരുക്ക് വ്യവസായം, പ്ലൈവുഡ്, തുടങ്ങിയ മേഖലകളില്‍ ഇവരുടെ തൊഴില്‍ പങ്കാളിത്തം ഏകദേശം പൂര്‍ണമാണ്. നമ്മുടെ നാട്ടിലെ ഒരു തൊഴിലാളിക്ക് ലഭിക്കുന്ന എല്ലാ തൊഴില്‍ അവകാശങ്ങള്‍ക്കും ഭരണഘടനയിലെ മൗലികാവകാശം വഴി ഇതര സംസ്ഥാന തൊഴിലാളിക്കും അര്‍ഹതയുണ്ട്.
മിനിമം വേതന നിയമം, വ്യവസായ തര്‍ക്ക നിയമം, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമം, ഇ.എസ്.ഐ നിയമം തുടങ്ങി എല്ലാ തൊഴില്‍ നിയമങ്ങള്‍ പ്രകാരവുമുളള അവകാശങ്ങളും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കണം. അഞ്ചിലധികം ഇതര സംസ്ഥാന തൊഴിലാളികളെ കരാറുകാരന്‍ മുഖേന ഒരു സ്ഥാപനത്തില്‍ ജോലിക്ക് നിയോഗിക്കുമ്പോള്‍ അവര്‍ക്ക് 1979 ലെ ഇതര സംസ്ഥാന തൊഴിലാളി (തൊഴില്‍ ക്രമീകരണവും, സേവന വ്യവസ്ഥകളും) നിയമപ്രകാരം ഒട്ടനവധി മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്.
വൈദ്യസഹായം, സുരക്ഷ, വസ്ത്രങ്ങള്‍, കുടിവെളളം, ശൗചാലയം, വിശ്രമമുറി, കാന്റീന്‍, കുട്ടികള്‍ക്കുളള ക്രഷ് സൗകര്യം, സൗജന്യമായ താമസസൗകര്യം, വിനോദത്തിനുളള സൗകര്യങ്ങള്‍, കട്ടില്‍, പാചകത്തിനുളള സൗകര്യം എന്നിവ നല്‍കുന്നതിന് മുഖ്യതൊഴിലുടമയും കരാറുകാരനും ബാധ്യസ്ഥരാണ്.
നാട്ടില്‍ പോയി വരുന്നതിനുളള വണ്ടിക്കൂലി കരാറുകാരന്‍ നല്‍കണം. കൂടാതെ നാട്ടില്‍ പോയി വരുന്ന സമയം ജോലിയായി കണക്കാക്കി ഈ ദിവസങ്ങളിലെ കൂലി നല്‍കണം.
കരാറുകാരന്‍ വേതനം നല്‍കിയില്ലെങ്കില്‍ മുഖ്യതൊഴിലുടമ കൂലി നേരിട്ട് നല്‍കി കുടിശ്ശിക കരാറുകാരനില്‍ നിന്ന് ഈടാക്കി നല്‍കണം. പെയ്‌മെന്റ് ഓഫ് വേജസ് നിയമം, മിനിമം വേതനിയമം, എംപ്ലോയീസ് കോംപന്‍സേഷന്‍ നിയമം, വ്യവസായ തര്‍ക്ക നിയമം എന്നിവയ്ക്കായി ബന്ധപ്പെട്ട തൊഴില്‍ വകുപ്പിലെ ക്ലെയിം അധികാരി മുമ്പാകെ ഹാജരായാല്‍ നിയമസഹായം ആവശ്യമെങ്കില്‍ ബന്ധപ്പെട്ട അധികാരി സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെ ഒരു അഭിഭാഷകന്റെ സഹായം ഉറപ്പു വരുത്തണം.
ഇവരുടെ ക്ഷേമത്തിനായി ഇതരസംസ്ഥാന തൊഴിലാളി ക്ഷേമപദ്ധതി കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡ് മുഖാന്തിരം നടപ്പിലാക്കി വരുന്നു. കൂടാതെ സംസ്ഥാന തൊഴില്‍ വകുപ്പ് എല്ലാ ജില്ലകളിലും മെഡിക്കല്‍ ക്യാംപുകളും ബോധവത്കരണ പരിപാടികളും വ്യവസായ മേഖലകള്‍ കേന്ദ്രീകരിച്ച് നടത്തുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."