പൂട്ടികിടക്കുന്ന പ്രീമെട്രിക് ഹോസ്റ്റല്‍ കെട്ടിടത്തില്‍ സ്‌കില്‍ പാര്‍ക്കിന് നിര്‍ദേശം
പട്ടാമ്പി: പട്ടാമ്പി കൂമ്പന്‍കല്ലില്‍ ഏഴുവര്‍ഷത്തോളമായി പൂട്ടിക്കിടന്നിരുന്ന പ്രീമെട്രിക് ഹോസ്റ്റല്‍ കെട്ടിടത്തില്‍ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് തുടങ്ങുന്നതിനായി പരിശോധിക്കാന്‍ നിര്‍ദേശം. 1989 ല്‍ സ്ഥാപിതമായ ഈ കെട്ടിടം പട്ടികജാതി വകുപ്പിന് കീഴിലാണ്.
2014 ല്‍ പട്ടികജാതി വികസന വകുപ്പില്‍ നിലനിറുത്തികൊണ്ട് സ്‌കില്‍ പാര്‍ക്കിനായി വിട്ടുകൊടുക്കാവുന്നതാണെന്ന ശുപാര്‍ശയോടെ ജില്ലാ പട്ടികജാതി ഓഫിസര്‍ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
വകുപ്പിന്റെ നിശ്ചിത യോഗ്യതയുള്ള ജീവനക്കാരെ അഡീഷണല്‍ അക്വിസിഷന്‍ പരിപാടിയുടെ ഭാഗമായി കമ്മ്യുണിറ്റി സ്‌കില്‍പാര്‍ക്കില്‍ നിയോഗിക്കാവുന്നതാണന്ന ശുപാര്‍ശയുമുണ്ട്. ഇതുസംബന്ധിച്ചുള്ള നിവേദനം മനുഷ്യവകാശ കമ്മീഷന്‍ രജിസ്ട്രാര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന് തലസ്ഥാനത്ത് നടന്ന സിറ്റിങില്‍ രണ്ട് മാസത്തിനകം റിപ്പാര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നിവേദനം നല്‍കിയ കേരള ദളിത് ഫോറം പ്രസിഡന്റ് ചോലയില്‍ വേലായുധന്‍ പറഞ്ഞു.
അതെ സമയം മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ഈ കെട്ടിടത്തില്‍ ഐ.ടി.ഐ പോലുള്ള കോഴ്‌സുകള്‍ തുടങ്ങണമെന്ന ആവശ്യം ഉന്നയിച്ച് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
പട്ടാമ്പി ഗവ.ഹൈസ്‌കൂളിലെ എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ ഈ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. 2010 ല്‍ കുട്ടികളാരും ഇല്ലാത്ത അവസ്ഥ വന്നപ്പോഴാണ് ഹോസ്റ്റല്‍ പൂട്ടാനിടവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."