ബജറ്റ് ചോരുന്നത് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ രണ്ടാം തവണ
തിരുവനന്തപുരം: ബജറ്റ് ചോരുന്നത് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ ഇതു രണ്ടാം തവണ. 1957ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ ആദ്യ ബജറ്റാണ് ചോര്‍ന്നത്. ഗവ. പ്രസിലെ കമ്പോസിങ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ബജറ്റ് ചോര്‍ത്തിയത്.
പ്രൂഫ് നോക്കാനായി ബജറ്റ് സമ്മറിയുടെ പേജ് കമ്പോസ് ചെയ്തു തയാറാക്കിയിരുന്ന ഫോറത്തില്‍നിന്ന് കോപ്പിയെടുത്ത് പുറത്തേക്കു കടത്തുകയായിരുന്നു. അന്നു ബജറ്റ് ചോര്‍ത്തിയതിന് മൂന്നു പേരെ പൊലിസ് അറസ്റ്റു ചെയ്തു കേസെടുത്തിരുന്നു. പിന്നീട് ഹൈക്കോടതി മൂന്നു പ്രതികള്‍ക്കും നാമമാത്രമായ പിഴശിക്ഷ നല്‍കി.
ഇന്നലെ ധനമന്ത്രി തോമസ് ഐസകിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയും മാധ്യമങ്ങളുടെ ചുമതല വഹിച്ചിരുന്ന പി.ആര്‍.ഡി ഉദ്യോഗസ്ഥനുമായ മനോജ് പുതിയവിളയാണ് ബജറ്റ് നിര്‍ദേശങ്ങള്‍ മാധ്യമങ്ങള്‍ക്ക് അയച്ചത്. ധനമന്ത്രി ബജറ്റ് പ്രസംഗം അവതരിപ്പിച്ചു കൊണ്ടു നില്‍ക്കേ നിയമസഭയില്‍ നിന്നാണു മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത്. അറിയാതെ ഫോണില്‍ ലോഡ് ചെയ്തിരുന്ന മെയില്‍ അയച്ചുപോയി എന്നാണ് ഇദ്ദേഹം പറയുന്നത്.
ബജറ്റ് അവതരിപ്പിക്കുന്നതിനു മുന്‍പ് മുഖ്യമന്ത്രിയും ധനമന്ത്രിയും മാത്രമേ കാണാവൂവെന്നും ബജറ്റ് പ്രസംഗം കഴിഞ്ഞതിനു ശേഷം മാത്രമേ പ്രസിലെ ജീവനക്കാരെ വരെ പുറത്തുവിടാന്‍ പാടുള്ളൂ എന്നുമാണ് ചട്ടം. എന്നാല്‍ ബജറ്റ് കോപ്പി അവതരിപ്പിക്കുന്നതിനു മുന്‍പു തന്നെ തന്റെ സെക്രട്ടറിക്ക് ധനകാര്യ മന്ത്രി കോപ്പി നല്‍കിയിരുന്നു.
ബജറ്റ് രഹസ്യങ്ങള്‍ പുറത്താകാതെ നോക്കേണ്ട ചുമതല ധനമന്ത്രിക്കാണ്. സഭയിലെ അംഗങ്ങള്‍ ബജറ്റ് വിവരങ്ങള്‍ മനസിലാക്കുന്നതിന് മുന്‍പായി മറ്റാരും അറിയാന്‍ പാടില്ല. ബജറ്റ് ചോര്‍ന്നതായി ആരോപണം ഉയര്‍ന്നാല്‍ സഭയിലെ ഏത് അംഗത്തിനും സ്പീക്കറോടു നടപടി ആവശ്യപ്പെടാം. ഇത്തരമൊരു റൂളിങ് നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."