'തീപിടിച്ച്' ജില്ല
കാഞ്ഞങ്ങാട്: മാവുങ്കാലില്‍ അമൃത സ്‌കൂളിന് സമീപം മഞ്ഞംപൊതി കുന്നില്‍ രാവിലെയും വൈകീട്ടുമായി വന്‍തീപിടിത്തം. ഇന്നലെ ഉച്ചക്ക് 12നും വൈകിട്ട് നാലിനുമായാണ് തീപിടിച്ചത്. ഉച്ചക്ക് 12 മണിക്ക്്് തീപുകയുന്നത് കണ്ട്്് നാട്ടുകാര്‍ അഗ്‌നിശമന സേനയെയും പൊലിസിനെയും വിവരമറിയിക്കുകയായിരുന്നു.
ഉടന്‍ അഗ്നിശമന സേനയെത്തിയെങ്കിലും വാഹനം മുകളിലെത്തിക്കാനായില്ല. തുടര്‍ന്ന് കുന്നിന്റെ മുകളിലേക്ക് ഓടിക്കയറിയ സേനാംഗങ്ങളും നാട്ടുകാരും രണ്ടര മണിക്കൂറുകളോളം പ്രയത്‌നിച്ച് പച്ചില ഉപയോഗിച്ച് തല്ലിക്കെടുത്തുകയായിരുന്നു. 12 ഏക്കര്‍ സ്ഥലത്താണ് വന്‍ തീപിടിത്തമുണ്ടായത്.
കാഞ്ഞങ്ങാട് ഫയര്‍ ഫോഴ്‌സിലെ ലീഡിങ് ഫയര്‍മാന്‍ പി.കെ അനിലിന്റെ നേതൃത്വത്തിലാണ് അഗ്‌നിശമനസേനയെത്തിയത്. ഫയര്‍മാന്മാരായ ജയരാജന്‍, ദിലീപ്, പ്രവീണ്‍, ശ്രീസൂര്യ, ഹോം ഗാര്‍ഡ് കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. തീ കെടുത്തി മണിക്കൂറുകള്‍ക്ക് ശേഷം അതേ സ്ഥലത്ത് വീണ്ടും തീപടര്‍ന്നു. തുടര്‍ന്ന് കാഞ്ഞങ്ങാട് നിന്ന് ഫയര്‍ഫോഴ്‌സിന്റെ ഒരു യൂനിറ്റ് വാഹനമെത്തി തീ കെടുത്തുകയായിരുന്നു. ഇടുങ്ങിയ വഴികളിലൂടെ പോയി തീ കെടുത്താനും മുകളിലേക്ക് കയറാനുമുള്ള ചെറിയ വാഹനങ്ങള്‍ ഇല്ലാത്തത് വലിയ പ്രയാസമുണ്ടാക്കുന്നതായി ഫയര്‍മാന്‍മാര്‍ പറഞ്ഞു.
ബോവിക്കാനം: വനം വകുപ്പിന്റെ കശുമാവിന്‍ തോട്ടത്തില്‍ തീപിടിത്തം. ഇരിയണ്ണി ബോവിക്കാനം പാതയ്ക്കരികിലെ ചിപ്പിക്കായ്ക്ക് സമീപത്തെ തോട്ടത്തിലാണ് തീപിടിത്തമുണ്ടായത്.
കശുമാവുകള്‍ നിറഞ്ഞ രണ്ടേക്കറോളം തോട്ടം തീപിടിത്തത്തില്‍ നശിച്ചു. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം.
രണ്ട് ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം തോട്ടത്തിലെ രണ്ടിടത്ത് തീയിട്ട ശേഷം ഇരിയണ്ണി ഭാഗത്തേക്ക് പോവുകയായിരുന്നുവെന്ന് വനം വകുപ്പ് ജീവനക്കാര്‍ പറഞ്ഞു.
അതേസമയം ഇരിയണ്ണിയില്‍ റോഡരികിലെ ചില വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള സി.സി ടി.വി കാമറകള്‍ പരിശോധിച്ച് തീയിട്ടവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് വനം വകുപ്പ് അധികൃതര്‍. നാട്ടുകാരും വനം വകുപ്പ് ജീവനക്കാരും കാസര്‍കോട്ട് നിന്നെത്തിയ അഗ്‌നിശമന സേനയും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
പൊയിനാച്ചിയില്‍ തീപിടിത്തം
പൊയിനാച്ചി: പൊയിനാച്ചിയിലെ പറമ്പിലുണ്ടായ തീപിടിത്തത്തില്‍ തെങ്ങുകള്‍ കത്തി നശിച്ചു.
പൊയിനാച്ചി രാജധാനി ഓഡിറ്റോറിയത്തിന് സമീപം കഴിഞ്ഞദിവസം ഉച്ചയോടെയാണ് തീപിടിത്തം. ഓഡിറ്റോറിയത്തില്‍ കല്യാണ ചടങ്ങുകള്‍ക്കെത്തിയവര്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടയില്‍ കാസര്‍കോട്ട് നിന്ന് അഗ്‌നിരക്ഷാ ശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.
ബല്ലാ സ്‌കൂളിന് തീപിടിച്ചു, അഗ്നിശമന സേനയെത്തി തീയണച്ചു
കാഞ്ഞങ്ങാട്. ബല്ലാ ഈസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 'തീപിടുത്തം'. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് തീപിടിച്ചതായി വിവരം ലഭിച്ചത്. ഇതോടെ കുട്ടികളും അധ്യാപകരും പുറത്തേക്കോടി. തീപിടിച്ച വാര്‍ത്ത പരന്നതോടെ മറ്റുള്ളവരും ക്ലാസില്‍ നിന്നിറങ്ങി സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ഓടി. അതിനിടെ പ്രധാനാധ്യാപകന്‍ അഗ്‌നിശമനസേനയെ വിവരം അറിയിച്ചു. ഉടനെയെത്തിയ സേന രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു... അതിനിടെ സ്‌കൂള്‍ ബില്‍ഡിങ്ങിന് മുകളില്‍ മുകളില്‍ പ്ലംബിങ് ജോലിയിലേര്‍പ്പെട്ട തൊഴിലാളിയെ അഗ്നിശമന സേനാഗം മുകളില്‍ കയറി തോളിലേറ്റി താഴെയിറക്കി.
പിന്നീടാണറിഞ്ഞത് ഇത് അഗ്‌നിശമനസേനയും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് നടത്തിയ മോക്ഡ്രില്ലാണെന്ന്. എന്തായാലും തീപിടിച്ചാല്‍ എന്ത് ചെയ്യണമെന്നതിനെ കുറിച്ചും അഗ്നിശമന സേനയുടെ പ്രവര്‍ത്തനവും നേരില്‍ക്കണ്ട് മനസിലാക്കാന്‍ കഴിഞ്ഞതിന്റെ അനുഭൂതിയിലാണ് വിദ്യാര്‍ഥികള്‍.
പ്രധാനാധ്യാപകന്‍ എം. ശശി, കാഞ്ഞങ്ങാട് അഗ്‌നിശമന സേനയിലെ അസി. സ്റ്റേഷന്‍ ഓഫിസര്‍ കെ.കെ.വി ഗണേശന്‍, ലീഡിങ് ഫയര്‍മാന്‍ പി.കെ അനില്‍, ഡ്രൈവര്‍മാരായ കെ.ടി ചന്ദ്രന്‍, പ്രിയേഷ്, ഫയമാന്‍മാരായ സുധീഷ്, ഷിബിന്‍, പ്രവീണ്‍, ഉണ്ണി, ശ്രീസൂര്യ, രഞ്ജിത്ത്, ഹോം ഗാര്‍ഡ് ബാലകൃഷ്ണന്‍ എന്നിവരും അധ്യാപകരും ജീവനക്കാരും മോക്ഡ്രില്ലില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."