ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ധിപ്പിക്കുന്നത് പരിഗണിക്കും: മന്ത്രി മൊയ്തീന്‍
കല്‍പ്പറ്റ: മൂന്നുദിവസമായി നടന്നുവരുന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിന് വൈത്തിരിയില്‍ സമാപനം. സമാപന സമ്മേളനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
കാലങ്ങളായുള്ള ഈ ആവശ്യത്തോട് അനുകൂലമായ സമീപനമാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍, ഇതിനുള്ള വഴികള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ തന്നെ കണ്ടെത്തണം. പഞ്ചായത്തുകള്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ഇതിനായി വിവിധ പദ്ധതികള്‍ നടപ്പാക്കണം. നികുതി വര്‍ധനയിലൂടെ മാത്രം വരുമാനം വര്‍ധിപ്പിച്ചാല്‍ പോര. നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് വരുമാനം വര്‍ധിപ്പിച്ചാല്‍ ഓണറേറിയം ഉയര്‍ത്തുന്നതിന് സര്‍ക്കാരിന് പ്രയാസമില്ല. സംസ്ഥാനത്ത് രണ്ട് പഞ്ചായത്തുകള്‍ ഒഴികെ 939 പഞ്ചായത്തുകളും ഐ.എസ്.ഒ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് നേടിയത് തദ്ദേശ ഭരണ വകുപ്പിന്റെ അഭിമാനം ഉയര്‍ത്തിയെന്നും മന്ത്രി പറഞ്ഞു. ഈ നേട്ടം സാധ്യമാക്കിയ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. സേവനങ്ങളില്‍ ഐ.എസ്.ഒ ഗുണനിലവാരം നിലനിര്‍ത്തേണ്ടതിലാണ് ഇനി തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധപതിപ്പിക്കേണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കെ.ജി.പി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. വിശ്വംഭര പണിക്കര്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."