ബജറ്റ്: ചോരാന്‍ പാടില്ലാത്ത രഹസ്യ രേഖ
പിണറായി സര്‍ക്കാരിന്റെ രണ്ടാമത്തെയും തോമസ് ഐസക്കിന്റെ എട്ടാമത്തെയും ബജറ്റ് ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ചത് ചോര്‍ന്നുപോയെന്ന ആരോപണത്തോടെയാണ്. ഈ ആക്ഷേപം ഗുരുതരമാണ്. ബജറ്റിന്റെ വിശുദ്ധി നഷ്ടപ്പെട്ടുവെന്ന് ആരോപിച്ച് പ്രതിപക്ഷം ബജറ്റ് അവതരണം ബഹിഷ്‌കരിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ധനമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. നോട്ടു നിരോധനത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ വരുത്തിവച്ച സാമ്പത്തിക തകര്‍ച്ച നേരിടുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി തന്നെയാണ്. അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്കും പൊതുജനാരോഗ്യത്തിനും പൊതു വിദ്യാഭ്യാസ ഉദ്ധാരണത്തിനും വേണ്ടി ബജറ്റില്‍ വലിയ പ്രാമുഖ്യമാണ് നല്‍കുന്നത്. സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും കാര്യമായ തുക നീക്കിവച്ചിട്ടുണ്ട്. ക്ഷേമബജറ്റ് എന്ന് വിശേഷിപ്പിക്കാവുന്നതാണ് ഒറ്റനോട്ടത്തില്‍.
പക്ഷേ, അതില്‍ എത്രത്തോളം യാഥാര്‍ഥ്യമുണ്ടെന്ന് വരും വര്‍ഷങ്ങളാണ് അടയാളപ്പെടുത്തുക. എം.ടി വാസുദേവന്‍ നായരുടെ പുസ്തകങ്ങളെയും കഥാപാത്രങ്ങളെയും കൂട്ടുപിടിച്ചാണ് ബജറ്റ് അവതരിപ്പിച്ചത്. ബജറ്റ് അദ്ദേഹത്തിനുള്ള നന്ദിപ്രമേയം കൂടിയാണോ എന്ന് തോന്നിപ്പോകും. ബജറ്റ് അവതരണത്തില്‍ ചേര്‍ക്കാന്‍ ബോധപൂര്‍വം എം.ടിയുടെ കഥാപാത്രങ്ങളെയും കഥാ സന്ദര്‍ഭങ്ങളെയും തേടിപ്പിടിച്ചത് പോലെയായി . കിഫ്ബിയുടെ സാമ്പത്തിക പങ്കാളിത്തത്തോടെ പ്രതിസന്ധി മറികടക്കാനാകുമെന്ന ആത്മവിശ്വാസം ബജറ്റില്‍ ഉടനീളം കാണാം. നോട്ടു നിരോധനം അഞ്ചു മാസം കഴിഞ്ഞിട്ടും സാമ്പത്തിക മാന്ദ്യം ഒഴിഞ്ഞുപോകാത്ത അവസ്ഥയില്‍ സാമ്പത്തിക മുരടിപ്പിനെ അതിജീവിക്കുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം കഠിനം തന്നെയാണ്. 2011-12 ല്‍ കയറ്റുമതി ഇനത്തില്‍ 24.5 ശതമാനം വര്‍ധനവുണ്ടായിരുന്നെങ്കില്‍ 2016-2017 ല്‍ 18.8 ശതമാനമായി ചുരുങ്ങി. എല്ലാ മേഖലകളിലും ഇതുതന്നെയാണ് അവസ്ഥ.
ഇത്തരമൊരു അവസ്ഥയില്‍ മിച്ചബജറ്റ് അവതരിപ്പിക്കുക എന്നത് ദുഷ്‌കരം തന്നെ. അതിനാല്‍ മേലിലും റവന്യൂ കമ്മി തുടരുമെന്ന് തന്നെ കരുതാം. 10.4 ശതമാനം പദ്ധതി അടങ്കലില്‍ മന്ത്രി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നത് സഫലമാകുമോ എന്ന് കണ്ടറിയണം. റവന്യൂ ചെലവ് കുറച്ചു കൊണ്ടുവരാന്‍ കഴിയാത്തതിന്റെ പ്രധാനകാരണം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ട ഭാരിച്ച ശമ്പളവും പെന്‍ഷനും തന്നെയാണ്. ശമ്പളവര്‍ധനവിനനുസൃതമായ ക്രയശേഷി ജീവനക്കാരില്‍ നിന്നും ഉണ്ടാകുന്നുമില്ല. പലപ്പോഴും അതുണ്ടാകുമെന്ന് ശമ്പളകമ്മിഷനുകള്‍ പ്രതീക്ഷിച്ചിരുന്നു. ആരോഗ്യ വിദ്യാഭ്യാസ മേഖലകളാണ് കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നത്. പത്ത് പേരില്‍ ഏഴു പേരും രോഗികളാണ്.
ശൈലീ രോഗ വാഹകരാണ് ജനങ്ങളില്‍ ഏറെ പേരും. ചികിത്സാ ചെലവ് ഭാരിച്ചതുമാണ്. കൊളസ്‌ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദം എന്നീ ശൈലീരോഗങ്ങള്‍ക്ക് മരുന്ന് സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനം ഇത്തരം രോഗികള്‍ക്ക് ആശ്വാസപ്രദമാണ്. പൊതുജനാരോഗ്യ മേഖലകള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് ബജറ്റില്‍ പ്രകടമാണ്. മന്ത്, കുഷ്ഠം രോഗനിവാരണങ്ങള്‍ക്ക് ഒരു കോടി യും മാലിന്യ സംസ്‌കരണത്തിനും ഹരിത മിഷനും വിവിധ പദ്ധതികളും സെപ്റ്റിക് ടാങ്കുകളുടെ യന്ത്രവല്‍കരണ ശുദ്ധീകരണത്തിന് 10 കോടി തുടങ്ങിയവയൊക്കെയും പൊതുജനാരോഗ്യ പദ്ധതികളില്‍ ഉള്‍പ്പെടുമെന്നതിനാല്‍ ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. മുഴുവന്‍ പൗരന്മാരുടെയും ആരോഗ്യനിലയെ കുറിച്ച് വിവരം ശേഖരിക്കാന്‍ ആരോഗ്യ ഡാറ്റാ ബാങ്ക്, ജില്ലാ താലൂക്ക് ആശുപത്രികളുടെ നവീകരണത്തിന് 2000 കോടി, 170 ആശുപത്രികളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കുക തുടങ്ങിയവയും ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.
അതുപോലെ പൊതുവിദ്യാഭ്യാസം കൂടുതല്‍ മെച്ചപ്പെടുത്തുവാനായി സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് 500 കോടി, ആയിരം കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് കിഫ്ബിയില്‍ നിന്നു ധനസഹായം, ഇന്റര്‍നെറ്റ് സേവനം വ്യാപകമാക്കല്‍, ഒരു സ്‌കൂളിന് പരമാവധി 3 കോടി, 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കുക തുടങ്ങി ഒട്ടേറെ പദ്ധതികള്‍ വിദ്യാഭ്യാസ മേഖലയിലും മന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതെല്ലാം യാഥാര്‍ഥ്യമാകണമെന്ന് മാത്രം. 60 കഴിഞ്ഞവര്‍ക്കെല്ലാം പെന്‍ഷന്‍ വാഗ്ദാനം ചെയ്യുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികളുമുണ്ട്. എന്നാല്‍ ഏറ്റവുമധികം പ്രയാസം അനുഭവപ്പെടുന്ന അരിവിലയുടെ കുതിച്ചുകയറ്റത്തിനും വരള്‍ച്ച മൂലം വരണ്ടുണങ്ങുന്ന ജല സ്രോതസ്സുകളെ പുനരുദ്ധരിപ്പിക്കാനും കാര്യമായ തുക നീക്കിവച്ചിട്ടില്ല. വിപണിയില്‍ ഇടപെടുന്നതിന് നീക്കിവച്ച 420 കോടി അപര്യാപ്തമാണ്. കുടിവെള്ള ക്ഷാമത്തിന് നീക്കിവച്ച 30 കോടിയും മതിയാവില്ല. സ്ത്രീസുരക്ഷയ്ക്കായി കാര്യമായ ഇടപെടല്‍ ഉണ്ടാകണമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."