പുതുമകളുമായി ഓള്‍ട്ടോ 800
ഹ്യുണ്ടായിയുടെ ഇയോണേും ടാറ്റയുടെ നാനോയും തങ്ങള്‍ക്കു ഭീഷണിയല്ലെന്നു മാരുതി വളരെ നേരത്തേ മനസിലാക്കിയിരുന്നു. ഒരു 800 സി.സി മോഡല്‍ ആയിരുന്നിട്ടുകൂടി ഉയര്‍ന്ന വിലയായിരുന്നു ഇയോണിനു പാരയായതെങ്കില്‍ ഒരു കാര്‍ എന്ന പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിക്കാത്തതാണ് ടാറ്റയുടെ നാനോയ്ക്കു തിരിച്ചടിയായത്. ഇതിനിടയില്‍ കാര്യമായ പ്രശ്‌നങ്ങളില്ലാതെ ഓള്‍ട്ടോ മുന്നോട്ടുപോയെങ്കിലും മത്സരത്തിന്റെ ചുടുകാറ്റേറ്റുതുടങ്ങിയതോടെയാണ് ഇന്ത്യയില്‍ ഏറ്റവും വില്‍പനയുള്ള കാറില്‍ ചില മാറ്റങ്ങളുമായി മാരുതി എത്തുന്നത്.
ബേസിക് ഡിസൈനില്‍ കമ്പനി തൊട്ടുകളിച്ചിട്ടില്ലാത്തതിനാല്‍ ഒറ്റനോട്ടത്തില്‍ പുതിയ ഓള്‍ട്ടോയ്ക്ക് കാര്യമായ മാറ്റങ്ങള്‍ പറയാനാകില്ല. ഹെഡ്‌ലൈറ്റും പിറകിലെ വിന്‍ഡോയ്ക്ക് ശേഷം കാണുന്ന കട്ടികൂടിയ സി പില്ലറും വീല്‍ ആര്‍ച്ചുകളും എല്ലാം പഴയപടിതന്നെ. ക്രിസ്റ്റല്‍ ടെയില്‍ലാംപുകളും ടെയില്‍ഗേറ്റിലെ ഡിസൈനുമെല്ലാം പുതിയ ഓള്‍ട്ടോയിലുമുണ്ട്. മുന്‍വശത്താണ് കാര്യമായ മാറ്റങ്ങള്‍ പറയാനുള്ളത്. മുന്നിലെ ബംപര്‍ മുഴുവനായും മാറിയിട്ടുണ്ട്. ബംപറിനു മുകളിലായി ഒരു ഹെഡ്‌ലൈറ്റ് മുതല്‍ മറ്റൊന്നുവരെ നീളുന്ന വീതികുറഞ്ഞ ഗ്യാപ് ആണ് ഗ്രില്ലിനു പകരം ഉള്ളത്. ആദ്യമുണ്ടായിരുന്ന ക്ലിയര്‍ലെന്‍സിനു പകരം ആംബര്‍ടോണ്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ആണ് ഹെഡ്‌ലൈറ്റില്‍.
മുന്‍വശത്തെ ബംപറിലുള്ള എയര്‍ഡാമിലും മാറ്റംവരുത്തിയിട്ടുണ്ട്. ഫോഗ് ലാംപുകള്‍ക്കുള്ള സ്‌ളോട്ടുകളും ബംപറില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫോഗ് ലാംപുകള്‍ സ്റ്റാന്‍ഡേര്‍ഡ് എക്യുപ്‌മെന്‍് അല്ല. റീ ഡിസൈന്‍ ചെയ്ത പുതിയ ബംപര്‍ കാരണം നീളം അല്‍പം കൂടിയിട്ടുണ്ട്. 3430 മില്ലിമീറ്റര്‍ ആണു പുതിയ മോഡലിനു നീളം.
സീറ്റിലും ഡോര്‍പാഡിലും പുതിയ ഫാബ്രിക് അപ്‌ഹോള്‍സ്റ്ററിയുമായാണു പുതിയ ഓള്‍ട്ടോ എത്തുന്നത്. ഉയര്‍ന്ന വേരിയന്റുകളില്‍ പിറകിലെ സീറ്റിന് ഹെഡ്‌റെസ്റ്റുകളും ഉണ്ട്. റിമോട്ട്എന്‍ട്രി, ഫ്രണ്ട് പവര്‍വിന്‍ഡോ, സെന്‍ട്രല്‍ ലോക്ക്, ഫുള്‍വീല്‍ ക്യാപ്പ് എന്നിവ വി.എക്‌സ്.ഐ മോഡലില്‍ ലഭിക്കും. 48 ബി.എച്ച്.പി കരുത്തുള്ള മൂന്ന് സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിനു മാറ്റമില്ല. എന്നാല്‍ പ്രധാനപ്പെട്ട മറ്റൊരു കാര്യം മൈലേജിലുള്ള വര്‍ധനവാണ്. 22.7ല്‍ നിന്ന് 24.7 ആയി മൈലേജ് വര്‍ധിച്ചിട്ടുണ്ട്. ഇതിനു പുതിയ തെര്‍മല്‍ ഇഗ്‌നീഷ്യന്‍ സംവിധാനത്തിന് നന്ദി പറയാം.
സുരക്ഷയ്ക്കായി ഡ്രൈവര്‍സൈഡ് എയര്‍ബാഗുകള്‍ എല്ലാ മോഡലിലും ഓപ്ഷണല്‍ ആയി ലഭിക്കും. എന്നാല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം ഉള്‍പ്പെടുത്തിയിട്ടില്ല എന്ന ന്യൂനതയുമുണ്ട്. മത്സരച്ചൂടില്‍ കാലിടറുന്ന ഓള്‍ട്ടോയ്ക്ക് ഈ മാറ്റങ്ങള്‍ താല്‍ക്കാലികാശ്വാസമാകുമെങ്കിലും, ക്വിഡും റെഡി ഗോയുമെല്ലാം ഭീഷണി ഉയര്‍ത്തുന്ന മാറിയ സാഹചര്യത്തില്‍ മുന്നോട്ടുപോകാന്‍ കമ്പനി നന്നായി വിയര്‍ക്കേണ്ടിവരുമെന്ന് ഉറപ്പ്. 2018ല്‍ പുതിയ മോഡല്‍ ഓള്‍ട്ടോ നിരത്തിലിറങ്ങുംവരെ പിടിച്ചുനില്‍ക്കുകയാണു മാറ്റങ്ങളിലൂടെ മാരുതി ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."