HOME
DETAILS
MAL
ഒന്‍പത് വര്‍ഷത്തിനിടെ ആറ് കുട്ടികളുടെ മരണം, ജനിതക രോഗമെന്ന് നിഗമനം
backup
February 20 2020 | 04:02 AM
തിരൂര്‍: ഒന്‍പത് വര്‍ഷത്തിനിടെ ആറ് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്നും മരണകാരണം 'സിഡ്‌സ്' (സഡന്‍ ഇന്‍ഫന്റ് ഡത്ത് സിന്‍ഡ്രോം) എന്ന അപൂര്‍വ ജനിതകരോഗം മൂലമാകാമെന്നും കുട്ടികളെ ചികിത്സിച്ചിരുന്ന തിരൂരിലെ സ്വകാര്യ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. നൗഷാദ് പറഞ്ഞു. ജനിതക പ്രശ്‌നങ്ങള്‍ മൂലം പ്രതിരോധശേഷി കുറയുന്ന അവസ്ഥയാണ് സിഡ്‌സ്. ഒരു വയസിനിടെ മരണം സംഭവിക്കാവുന്ന അപൂര്‍വ രോഗമാണിത്. മൂന്നര വയസ് വരെ ഒരു കുട്ടി ജീവിച്ചിരുന്നുവെന്നത് തന്നെ അത്ഭുതമാണെന്നും ഡോക്ടര്‍ വെളിപ്പെടുത്തി. എന്നാല്‍ ഈ രോഗമാണെന്ന് സ്ഥിരീകരിക്കാനാകാത്ത സാഹചര്യമാണുള്ളത്.
തറമ്മല്‍ റഫീഖ്-സബ്‌ന ദമ്പതികളുടെ ആറു മക്കളാണ് ഒന്‍പത് വര്‍ഷത്തിനിടെ മരിച്ചത്. 93 ദിവസം പ്രായമുള്ള ആണ്‍കുട്ടി കഴിഞ്ഞദിവസം മരിച്ചതോടെയാണ് സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന പരാതി ഉയര്‍ന്നത്.
രണ്ടു കുട്ടികള്‍ സമാന സാഹചര്യത്തില്‍ മരിച്ചതിനു പിന്നാലെ റഫീഖും സബ്‌നയും തന്നെ കാണാനെത്തിയെന്നും മൂന്നാമത്തെ കുട്ടി ഉള്‍പ്പെടെയുള്ളവരെ താന്‍ പരിശോധിച്ചിരുന്നതായും ഡോക്ടര്‍ നൗഷാദ് പറഞ്ഞു. കുട്ടികള്‍ക്ക് മറ്റ് പ്രശ്‌നങ്ങളൊന്നും പരിശോധനയില്‍ കണ്ടിരുന്നില്ല. സിഡ്‌സ് ആണോ എന്നതു സംബന്ധിച്ച് വിദഗ്ധ പരിശോധനയ്ക്ക് സൗകര്യം ഇല്ലാത്തതിനാല്‍ താന്‍ ഇവരെ അമൃത ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്യുകയായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. ആ കുട്ടിയും പിന്നീട് മരിച്ചു. കുട്ടിയുടെ സ്‌പെസിമെന്‍ ഹൈദരാബാദില്‍ അയച്ചു പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കുട്ടികളുടെ മരണകാരണം കണ്ടെത്താന്‍ ഓരോ കുട്ടികളുടെയും രക്തപരിശോധന പ്രത്യേകം പ്രത്യേകം നടത്തേണ്ടതാണെന്നും ഡോക്ടര്‍ പറഞ്ഞു. കുട്ടികള്‍ക്ക് പെട്ടെന്ന് ഛര്‍ദിയോ അസ്വസ്ഥതയോ അനുഭവപ്പെടുകയും മരിക്കുകയുമാണ് ചെയ്യുന്നത്.
അതേസമയം കഴിഞ്ഞദിവസം മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല. വിഷം ഉള്ളില്‍ ചെന്നതിന്റെയോ ശരീരത്തില്‍ ക്ഷതമേറ്റതിന്റെയോ സൂചനകളില്ല. ശിശുക്കളില്‍ ഉറക്കത്തില്‍ ഓക്‌സിജന്‍ ലഭ്യത കുറയുന്നതാണ് മരണ കാരണമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ഇതേത്തുടര്‍ന്ന് ശരീരത്തില്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡ് നിറയുന്നതാണ് മരണത്തിലേയ്ക്ക് നയിക്കുന്നത്. ഇത്തരം രോഗബാധയുള്ള കുട്ടികള്‍ക്ക് രണ്ടു മുതല്‍ മൂന്നുമാസം വരെയുള്ള പ്രായമാണ് ഏറെ അപകടം പിടിച്ചതെന്നും ആരോഗ്യരംഗത്തെ വിദഗ്ധര്‍ സൂചിപ്പിക്കുന്നു.
ഒന്നാമത്തെ കുട്ടി എട്ടുമാസം പ്രായമുള്ളപ്പോഴും രണ്ടാമത്തെ കുട്ടി 55 ദിവസം പ്രായമുള്ളപ്പോഴും മൂന്നാമത്തെ കുട്ടി 25 ദിവസം പ്രായമുള്ളപ്പോഴും നാലാമത്തെ കുട്ടി മൂന്നു വയസും എട്ട് മാസവും പ്രായമുള്ളപ്പോഴും അഞ്ചാമത്തെ കുട്ടി ആറുമാസം പ്രായമുള്ളപ്പോഴും ആറാമത്തെ കുട്ടി 93 ദിവസം പ്രായമുള്ളപ്പോഴുമാണ് മരണപ്പെട്ടത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് ഒടുവിലത്തെ കുട്ടി മരിച്ചത്. ക്ഷീണമനുഭവപ്പെട്ട കുട്ടിയെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തുടര്‍ന്ന് തിരൂര്‍ കോരങ്ങത്ത് ജുമാമസ്ജില്‍ ഖബറടക്കി. ബന്ധുക്കളിലൊരാള്‍ പൊലിസിനേയും മാധ്യമപ്രവര്‍ത്തകരേയും അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മറവ് ചെയ്ത മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്വാഭാവിക മരണമെന്ന് കണ്ടെത്തി. മൃതദേഹത്തില്‍ നിന്നെടുത്ത സാംപിളുകളുടെ രാസപരിശോധന കോഴിക്കോട് റീജ്യനല്‍ സയന്റെഫിക് ലബോറട്ടറിയിലും ആന്തരികാവയവങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും വിദഗ്ധ പരിശോധന നടത്തിയ ശേഷം ആര്‍.ഡി.ഒ ക്ക് റിപ്പോര്‍ട്ട് നല്‍കും. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വീണ്ടും മയ്യിത്ത് ഖബറക്കി. മരിച്ച ആറു കുട്ടികളുടേയും മെഡിക്കല്‍ രേഖകളുടെ പരിശോധനയില്‍ ദുരൂഹതകളുള്ളതായി തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ഡിവൈ.എസ്.പി കെ.എ സുരേഷ് ബാബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."