കെ.എ.എസ്: സര്‍ക്കാര്‍ തീരുമാനത്തിനുപിന്നില്‍ ന്യൂനപക്ഷങ്ങളുടെ കടുത്ത നിലപാട്
#കെ.ജംഷാദ്
കോഴിക്കോട്: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസിലെ (കെ.എ.എസ്) മൂന്നു ധാരകളിലും സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയതിനുപിന്നില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ കടുത്ത നിലപാട്.
സമസ്ത ഉള്‍പ്പെടെയുള്ള മതസംഘടനകളുടെ നേതൃത്വത്തില്‍ സംയുക്ത സമരപരിപാടികള്‍ക്കും നിയമ നടപടികള്‍ക്കും ഒരുങ്ങുന്നതിനിടെയാണ് സര്‍ക്കാര്‍ കെ.എ.എസിന്റെ മൂന്നു ധാരകളിലും സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതോടെ ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ സമ്മര്‍ദം ലക്ഷ്യംകണ്ടു.
നേരത്തെ കെ.എ.എസിലെ രണ്ടു ധാരകളില്‍ സംവരണം ഇല്ലായിരുന്നു. ഇതേക്കുറിച്ച് ടി.അഹമ്മദ് കബീര്‍ എം.എല്‍.എ വിഷയം സഭയില്‍ ഉന്നയിച്ചപ്പോള്‍ സംവരണ നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് എന്ന ആശയമാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. മൂന്നു സ്ട്രീമുകളിലും സംവരണം വരുന്നതോടെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് 75 കെ.എ.എസ്, ഐ.എ.എസ് ഓഫിസര്‍മാര്‍ക്ക് കൂടി അവസരം ലഭിക്കും.
ചരിത്രപരമായ തീരുമാനമാണ് കെ.എ.എസില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായതെന്നാണ് വിവിധ സംഘടനകളുടെ അഭിപ്രായം. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കെ.എ.എസ് സംവരണവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതില്‍ ഇടതുമുന്നണിയിലും എതിര്‍പ്പുയര്‍ന്നിരുന്നു. മുസ്‌ലിംകള്‍ ഉള്‍പ്പെടെ ഒ.ബി.സിയില്‍പ്പെടുന്ന നിരവധി വിഭാഗങ്ങള്‍ സര്‍ക്കാരിന് എതിരാകുമെന്ന കണക്കുകൂട്ടലും മുസ്‌ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പരസ്യ പ്രതിഷേധവുമായി രംഗത്തുവന്നതും സര്‍ക്കാരിനെ മാറിച്ചിന്തിപ്പിക്കാന്‍ ഇടയാക്കി. ലത്തീന്‍ സഭയും സംവരണ സമുദായ മുന്നണിയും വിവിധ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗ സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
കെ.എ.എസ് രാഷ്ട്രീയ വിഷയമായതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ മരവിപ്പിക്കണമെന്നാണ് ഇടതുമുന്നണിയില്‍ ആദ്യം ആവശ്യമുയര്‍ന്നത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ആകാമെന്ന് ആദ്യം ധാരണയിലെത്തിയെങ്കിലും ഒ.ബി.സിയെ ഉള്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ പലതവണ ആലോചിച്ചു. അന്തിമ നിയമന വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പി.എസ്.സി സര്‍ക്കാര്‍ അനുമതി തേടിയെങ്കിലും വിശദമായ ചര്‍ച്ച വേണ്ടതിനാല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല.
എല്ലാ വിഭാഗത്തിലും സംവരണം വേണമെന്ന നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഗൗരവമുള്ളതാണെന്നും പുതിയ റൂള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന തിരിച്ചറിവുമാണ് ഒടുവില്‍ സര്‍ക്കാരിനെ തീരുമാനത്തിലേക്ക് നയിച്ചത്. ന്യൂനപക്ഷ കമ്മിഷന്‍, പട്ടികജാതി-ഗോത്ര കമ്മിഷന്‍ എന്നിവയും മൂന്നു സ്ട്രീമിലും സംവരണം വേണമെന്ന നിലപാടായിരുന്നു സ്വീകരിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളെ ഇടതുമുന്നണിയില്‍ നിന്ന് അകറ്റാന്‍ മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള സാമുദായിക പാര്‍ട്ടികള്‍ കെ.എ.എസിനെ ആയുധമാക്കുമെന്ന ആശങ്കയാണ് വിവിധ സംഘടനകള്‍ സമരരംഗത്തിറങ്ങും മുന്‍പ് സര്‍ക്കാരിനെ നീക്കത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്. 150ഓളം തസ്തികകളുള്ള കെ.എ.എസില്‍ നേരിട്ടുള്ള റിക്രൂട്ട്‌മെന്റില്‍ മാത്രമായിരുന്നു നേരത്തെ സംവരണം നിശ്ചയിച്ചിരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാവുന്ന സ്ട്രീം രണ്ടിലും ഗസറ്റഡ് ഓഫിസര്‍മാര്‍ക്ക് അപേക്ഷിക്കാവുന്ന സ്ട്രീം മൂന്നിലുമാണ് പുതിയ തീരുമാനത്തിലൂടെ സംവരണം ഉണ്ടാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."