കാരശേരിയില്‍ സര്‍വേ താല്‍ക്കാലികമായി നിര്‍ത്തി
മുക്കം: നിര്‍ദ്ദിഷ്ട കൊച്ചി മംഗലാപുരം വാതക പൈപ്പ് ലൈനുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ക്ക് വീണ്ടും തുടക്കമായി.
കഴിഞ്ഞ ശനിയാഴ്ച മുക്കം നഗരസഭയിലെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം മൂന്ന് പ്രവൃത്തി ദിനങ്ങള്‍ കഴിഞ്ഞ് വീണ്ടും സര്‍വേ പുനരാരംഭിച്ചു. കാരശേരി ഗ്രാമപഞ്ചായത്തിലെ സര്‍വേ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ച് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തതിര്ത്തിയില് നിന്ന് സര്‍വേ ആരംഭിക്കുകയായിരുന്നു. രാവിലെ 10.30 ഓടെ ആരംഭിച്ച സര്‍വേ വന്‍ പൊലിസ് സാന്നിധ്യത്തിലാണ് നടന്നത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൊടുവള്ളി സി.ഐ ബിശ്വാസ് ,മുക്കം എസ്.ഐ സനല്‍രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് സര്‍വേ സംഘത്തോടൊപ്പമുള്ളത്.
ജനങ്ങളുടെ സംശയങ്ങള്‍ക്ക് ചെറിയ രീതിയില്‍ ഉദ്യോഗസ്ഥര്‍ മറുപടിയും നല്‍കുന്നുണ്ട്. സര്‍വെ വിവരമറിഞ്ഞ് ജനപ്രതിനിധികളുള്‍പ്പെടെ വന്‍ ജനാവലി സ്ഥലത്തെത്തിയിരുന്നു. കാര്യമായ പ്രതിഷേധങ്ങള്‍ ഒന്നും തന്നെയില്ലാതെയാണ് കൊടിയത്തൂരില്‍ ഇന്നലെ സര്‍വേ നടന്നത്.
കഴിഞ്ഞ ദിവസം ജോര്‍ജ് എം തോമസ് എം.എല്‍.എ, കാരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് എന്നിവര്‍ ഗയില്‍ അധികൃതരുമായും ഡെപ്യൂട്ടി കലക്ടര്‍ രാധാകൃഷ്ണനുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കാരശേരിയില്‍ അലൈന്മെന്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുകയും പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാരശേരിയില്‍ സര്‍വേ നിര്‍ത്തിവച്ചതെന്ന് പറയുന്നുണ്ടങ്കിലും ജന രോഷം തണുപ്പിക്കാന്‍ ഇപ്പോള്‍ സര്‍വേ നിര്ത്തിയതാണന്നും ഏതാനും ദിവസങ്ങള്‍ക്കകം സര്‍വേ പുനരാംഭിക്കുമെന്നുമാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."