അവിനാശിയില്‍ ടയര്‍ പൊട്ടിയാണ് അപകടമുണ്ടായതെന്നു വരുത്തിതീര്‍ക്കാന്‍ ശ്രമം: പൂര്‍ണ ഉത്തരവാദിത്വം ലോറി ഡ്രൈവര്‍ക്കെന്ന് ഗതാഗത മന്ത്രി, അന്വേഷണ റിപ്പോര്‍ട്ട് ഗതാഗത കമ്മീഷണര്‍ക്ക് ഇന്ന് സമര്‍പ്പിക്കും
തിരുവനന്തപുരം: അവിനാശിയിലുണ്ടായ കെ.എസ്.ആര്‍.ടി.സി അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ടാങ്കര്‍ ലോറി ഡ്രൈവര്‍ക്കാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ഇദ്ദേഹം ഉറങ്ങിപോയതാണ് അപകടത്തിലേക്കു നയിച്ചത്. അല്ലാതെ ടര്‍പൊട്ടിയല്ല അപകടമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ടയര്‍ പൊട്ടിയാണ് അപകടമുണ്ടായതെന്നു വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ടെയ്‌നര്‍ ലോറികളുടെ ഓട്ടം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കും. തമിഴ്‌നാടിന്റെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 25ന് റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേ സമയം അപകടത്തെക്കുറിച്ച് അന്വേഷിച്ച മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒയുടെ റിപ്പോര്‍ട്ട് ഇന്ന് ഗതാഗത കമ്മീഷണര്‍ക്ക് കൈമാറും.
കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നുതന്നെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. അപകടസ്ഥലത്തെ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. കെ.എസ്.ആര്‍.ടി.സിയുടെ വക അന്വേഷണം വേറെയും തുടങ്ങിയിട്ടുണ്ട്. പരിശോധനകള്‍ക്കായി തിങ്കളാഴ്ച അവിനാശിയില്‍ നിന്നും ബസ് ഏറ്റെടുക്കുമെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
അതേ സമയം അപകടത്തില്‍ മരിച്ചവരില്‍ രണ്ടുപേരുടേതല്ലാത്തവരുടെ മൃതദേഹങ്ങളുടെ സംസ്‌കാരം ഇന്നലെ തന്നെ നടന്നിരുന്നു. രണ്ടുപേരുടെ സംസ്‌കാരം ഇന്നും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."