ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം പറഞ്ഞുവയ്ക്കുന്നത്
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി അതീവ ഗുരതരാവസ്ഥയില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുന്നത്. രാജ്യത്തെ ജി.ഡി.പി അഞ്ചു ശതമാനത്തിനു താഴെയാകുകയും വ്യവസായ മാന്ദ്യവും തൊഴിലില്ലായ്മയും കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയിലെ മൂര്‍ധന്യാവസ്ഥയില്‍ എത്തുകയും സമ്പദ്ഘടന കൂപ്പുകുത്തുകയും ചെയ്ത സന്ദര്‍ഭത്തില്‍ ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ബാക്കിവയ്ക്കുക നിരാശ മാത്രമാകും. ലോക സാമ്രാജ്യത്വത്തിനു പഴയ ശക്തിയൊന്നും ഇപ്പോഴില്ല. ആ സാമ്രാജ്യത്വത്തിനു നേതൃത്വം നല്‍കുന്ന അമേരിക്കയും വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. വന്‍കിട മുതലാളിത്ത രാജ്യങ്ങളെ ബാധിച്ച പ്രശ്‌നങ്ങള്‍ അമേരിക്കയിലും ശക്തി പ്രാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം മറച്ചുവച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തയാറെടുപ്പിലാണ് ട്രംപും അനുയായികളും. അതിനുള്ള കളമൊരുക്കുകയാണ് ഇന്ത്യയില്‍ നരേന്ദ്ര മോദിയും.
പുതിയ ലോകക്രമത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ അനുസരണയുള്ള അനുചരനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നു പറയുന്നതാകും ശരി. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവും ബ്രിട്ടീഷ് പ്രധാനമന്ത്രി ജോണ്‍സനും എന്നതുപോലെ ട്രംപിന് ഏറ്റവും വേണ്ടപ്പെട്ട ആളാണ് നരേന്ദ്ര മോദി. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ വിജയിപ്പിക്കാന്‍ പരസ്യമായി രംഗത്തുള്ള പ്രധാനപ്പെട്ട വിദേശനേതാക്കളില്‍ ഒരാളാണു മോദി. കഴിഞ്ഞവര്‍ഷം അമേരിക്കയില്‍ ഹൗഡി മോദി പരിപാടി സംഘടിപ്പിച്ചത് ട്രംപിന് ഇന്ത്യന്‍ വംശജരുടെ വോട്ട് നേടിക്കൊടുക്കുന്നതിനായിരുന്നു. അമേരിക്കയില്‍ സാമാന്യം നല്ല സ്വാധീനമുള്ള ഇന്ത്യന്‍ വ്യവസായികളെയും പ്രമാണിമാരെയും ട്രംപിന്റെ വിജയത്തിനായി രംഗത്തിറക്കുന്നതിനു തന്നെയാണ് ഫെബ്രുവരി 24, 25 തിയതികളിലെ ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ചുക്കാന്‍ പിടിക്കുന്ന മോദിയുടെ ലക്ഷ്യവും.
അഹമ്മദാബാദിലെ ട്രംപിന്റെ സ്വീകരണ പരിപാടികള്‍ക്കായി ചെലവാക്കുന്ന തുക 100 കോടിക്കും പുറത്താണെന്നാണു റിപ്പോര്‍ട്ടുകള്‍. ചേരികള്‍ മറച്ചുകൊണ്ടുള്ള കൂറ്റന്‍ മതിലുകളുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. അനേകം ചേരിനിവാസികളെ ഈ പ്രദേശത്തുനിന്ന് ബലം പ്രയോഗിച്ച് ഒഴിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. ട്രംപിനു വേണ്ടി പണിയുന്ന വന്‍ മതിലുകള്‍കൊണ്ട് ഈ രാജ്യത്തെ പട്ടിണിപ്പാവങ്ങളെ തല്‍ക്കാലം മറയ്ക്കാനേ കഴിയുകയുള്ളൂ. രാജ്യത്തെ ദാരിദ്ര്യവും സാമ്പത്തിക പ്രതിസന്ധിയുമൊന്നും ട്രംപില്‍ നിന്നും അമേരിക്കന്‍ ജനതയില്‍ നിന്നും മറച്ചുപിടിക്കാന്‍ മോദിക്കു കഴിയുമെന്ന് തോന്നുന്നില്ല. ലോക ബാങ്ക്, ഐക്യരാഷ്ട്രസഭാ സമിതികള്‍ തുടങ്ങിയവ ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ ദയനീയമായ സ്ഥിതിയെ കുറിച്ച് ഈയടുത്താണ് റിപ്പോര്‍ട്ട് ചെയ്തത്. ആ ഒരവസ്ഥയില്‍ രാജ്യത്ത് വിദേശ ഭരണാധികാരിയെ സ്വീകരിക്കാന്‍ മാത്രം 100 കോടിക്കു പുറത്ത് രൂപ ചെലവാക്കുന്നതിന്റെ യുക്തിയെ ആര്‍ക്കും ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുകയില്ല.
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഇപ്പോഴത്തെ മുഖമുദ്ര മുസ്‌ലിംവിരുദ്ധതയും വര്‍ണവെറിയും ജനാധിപത്യവിരുദ്ധ സ്വേച്ഛാധിപത്യ നിലപാടുകളാണ്. ഈ സ്വഭാവങ്ങളെല്ലാം ഒത്തുചേരുന്ന ഒരു സഹചാരിയെയാണ് മോദിയില്‍ക്കൂടി ട്രംപിനു ലഭിച്ചിരിക്കുന്നത്. ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന പരിപാടികളാണ് അഹമ്മദാബാദില്‍ സംഘടിപ്പിക്കുന്നതെന്നാണ് മോദിയും ബി.ജെ.പി നേതൃത്വവും അറിയിച്ചിരിക്കുന്നത്. 'നമസ്‌തേ ട്രംപ് ' എന്ന പരിപാടിയിലൂടെ അഹമ്മദാബാദില്‍ അമേരിക്കന്‍ പ്രസിഡന്റിനെ സ്വാഗതം ചെയ്യുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി റാംമാധവ് പറഞ്ഞിരിക്കുന്നു. അഹമ്മദാബാദില്‍ നടക്കുന്ന പരിപാടിയില്‍ ജനലക്ഷങ്ങള്‍ പങ്കാളികളാകും. കടന്നുപോകുന്ന വഴികളില്‍ ജനസഹസ്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഡൊണാള്‍ഡ് ട്രംപിനും സ്വാഗതമരുളാന്‍ കാത്തുനില്‍ക്കും. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള പരസ്പര ആശയവിനിമയത്തിനു മുന്‍തൂക്കം നല്‍കുന്നത് ഇന്ത്യാ-യു.എസ് ബന്ധത്തിന്റെ പ്രധാന ഭാഗമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം അതിന്റെ പ്രതിഫലനമാണെന്നും മാധവ് പറഞ്ഞു. യു.എസ്-ഇന്ത്യാ ബന്ധം കൂടുതല്‍ ഉയര്‍ന്ന തലത്തിലേക്ക് കൊണ്ടുപോകാനുള്ള പ്രതിജ്ഞാബദ്ധത ആവര്‍ത്തിക്കുന്നതിനാണ് നമസ്‌തേ ട്രംപ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ ഈ സന്ദര്‍ശനം സഹായിക്കുമെന്നും റാംമാധവ് പറഞ്ഞു.
പറഞ്ഞുവരുന്നത്, കൊട്ടിഘോഷിക്കപ്പെട്ട നിലയില്‍ വന്‍ വ്യാപാര കരാറുകളൊന്നും ട്രംപിന്റെ ഈ സന്ദര്‍ശനത്തോടനുബന്ധിച്ച് ഉണ്ടാവുകയില്ലെന്ന് വ്യക്തമായിരിക്കുന്നു. ട്രംപും അമേരിക്കന്‍ വക്താക്കളും ഈ വിവരം ഇതിനകം സൂചിപ്പിച്ചിട്ടുമുണ്ട്. വിവാദങ്ങള്‍ അവസാനിപ്പിക്കാനുള്ള ഇന്ത്യ-യു.എസ് വ്യാപാരകരാര്‍ സന്ദര്‍ശനത്തിനിടെ ഉണ്ടായിരിക്കില്ലെന്നു യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കുകയും ചെയ്തു. അതേസമയം ഇന്ത്യയുമായുള്ള കരാര്‍ പിന്നീട് നടക്കുമെന്നും നവംബറില്‍ നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്‍പ് ഇതു യാഥാര്‍ഥ്യമാകുമെന്ന് ഉറപ്പില്ലെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഏറെ നാളായി നിലനില്‍ക്കുന്ന വ്യാപാര സംഘര്‍ഷവും തര്‍ക്കങ്ങളും പരിഹരിക്കാന്‍ ഉതകുന്ന കരാറിനായി ഇരു രാജ്യങ്ങളിലെയും വാണിജ്യ മന്ത്രാലയങ്ങള്‍ പരിശ്രമിച്ചുവരികയാണ്. ഇന്ത്യന്‍ വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍, യു.എസ് വാണിജ്യ പ്രതിനിധി റോബര്‍ട്ട് ലെയ്‌ത്തേസറിന്റെയും നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ട്രംപ്-മോദി കൂടിക്കാഴ്ചയ്ക്കു ശേഷം കരാര്‍ ഒപ്പിട്ടേക്കുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിന്റെ സാധ്യത ട്രംപിന്റെ തുറന്നുപറച്ചിലിലോടെ മങ്ങി. ഏതാനും വിഷയങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ ഒരു 'ട്രേഡ് പാക്കേജി'ല്‍ ഇരു രാജ്യങ്ങളും ഒപ്പിട്ടേക്കുമെന്നാണ് അറിയുന്നത്. അതേസമയം, ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉയര്‍ന്ന താരിഫുകളോടുള്ള നീരസവും ട്രംപ് ഒളിച്ചുവച്ചില്ല. 'ഇന്ത്യ അത്ര സുഖകരമായല്ല ഞങ്ങളെ പരിഗണിക്കുന്നതെന്ന്' അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നും ഇന്ത്യാ സന്ദര്‍ശനത്തെ വളരെ ആവേശത്തോടെയാണ് നോക്കിക്കാണുന്നതെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു.
ട്രംപിന് ഈ വന്‍ സ്വീകരണം ഒരുക്കുന്നതിനു പിന്നില്‍ മോദിക്കും പരിവാരങ്ങള്‍ക്കും ഹീനമായ ചില ലക്ഷ്യങ്ങളുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തതിനും പൗരത്വ നിയമ ഭേദഗതി പോലുള്ള ജനവിരുദ്ധ നടപടികള്‍ക്കും ട്രംപ് വഴി സാമ്രാജ്യത്വ രാജ്യങ്ങളുടെ പിന്തുണ ആര്‍ജിക്കുകയുമാണ് ഈ ഗൂഢലക്ഷ്യം. ട്രംപിന്റെ വന്‍ സ്വീകരണ പരിപാടിയുടെ തയാറെടുപ്പുകള്‍ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനും അഹമ്മദാബാദ് അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയും ചേര്‍ന്നാണു നടത്തുന്നത്. അഹമ്മദാബാദ് നഗരത്തിലെ 17 റോഡുകള്‍ പുതുക്കിപ്പണിയുകയാണിപ്പോള്‍. ഇതിനുമാത്രം ചെലവ് 60 കോടിയാണ്. കൂടാതെ പുതിയ റോഡുകള്‍ നിര്‍മിക്കാന്‍ 20 കോടി വേറെയും. മൊണ്ടേര സ്റ്റേഡിയം ഉദ്ഘാടനം ചെയ്തതിനു ശേഷം ട്രംപിനു വിമാനത്താവളത്തിലേക്ക് മടങ്ങിപ്പോകാനായി മാത്രം ഒന്നര കിലോമീറ്റര്‍ പുതിയ റോഡും ഇതിനകം നിര്‍മിച്ചിട്ടുണ്ട്. റോഡുകളും സ്റ്റേഡിയവും പൂച്ചെടികളും പാം മരങ്ങളും മറ്റും വച്ചുപിടിപ്പിച്ച് മനോഹരമാക്കാന്‍ മാത്രം ആറു കോടിയാണു ചെലവ്. ഷാഹിബാദിലെ എയര്‍പോര്‍ട്ട് റോഡിന്റെ ഡിവൈഡറുകളില്‍ വലിയ പാം മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ട്രംപിന്റെ യാത്രാവഴിയിലുള്ള ചേരി വന്‍ മതില്‍കെട്ടി മറച്ചിട്ടുമുണ്ട്.
ഇന്ത്യയില്‍ ന്യൂനപക്ഷ വിരുദ്ധമായ നിയമങ്ങള്‍ സ്ഥാപിക്കുന്ന നരേന്ദ്ര മോദി കടുത്ത ന്യൂനപക്ഷവിരുദ്ധ നിലപാടുള്ള ട്രംപിനെ പോലുള്ള സാമ്രാജ്യത്വ ചേരിയിലെ ഭരണാധികാരികളുമായി ചേര്‍ന്നുനില്‍ക്കുമ്പോള്‍ നിരാശയും പ്രതിഷേധവും മാത്രമാണ് ബാക്കിയാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."