HOME
DETAILS
MAL
എന്നെ സര്‍ക്കാരുദ്യോഗസ്ഥന്‍ അല്ലാതാക്കിയ പത്രാധിപര്‍
backup
February 23 2020 | 00:02 AM
ഏറെ വര്‍ഷം മുന്‍പു നടന്ന സംഭവമാണ്.
ഒരുനാള്‍ കേരളകൗമുദി കോഴിക്കോട് ബ്യൂറോയിലെ ഫോണിലേക്ക് അന്നത്തെ കലാകൗമുദി എഡിറ്റര്‍ എസ്. ജയചന്ദ്രന്‍നായരുടെ വിളിവരുന്നു.
ജയചന്ദ്രന്‍സാര്‍ മിക്കപ്പോഴും വിളിക്കാറുണ്ട്. അടുത്തലക്കം കലാകൗമുദിക്ക് ഏതെങ്കിലും പ്രമുഖരുടെ ഇന്റര്‍വ്യൂ വേണം, അല്ലെങ്കില്‍ ഇന്ന വിഷയത്തെക്കുറിച്ച് ഒരു കുറിപ്പുവേണം എന്നൊക്കെയായിരിക്കും ആവശ്യം. നിര്‍ദേശിച്ച സമയത്ത് അത് കലാകൗമുദി ഓഫിസില്‍ എത്തിയിരിക്കുമെന്നതിനാല്‍ പലപ്പോഴും ഡെഡ്‌ലൈനിനു തൊട്ടുമുന്‍പൊക്കെയാവും അദ്ദേഹം വിളിക്കുക.
ഇത്തവണത്തെ ചോദ്യം തികച്ചും വ്യത്യസ്തമായിരുന്നു.
''നിങ്ങള്‍ സര്‍ക്കാര്‍ ജോലിയില്‍ കയറാന്‍ പോകുന്നുണ്ടോ.''
ഞാന്‍ അത്ഭുതപ്പെട്ടു.
സംഗതി സത്യമായിരുന്നു. രണ്ടുദിവസം മുന്‍പ് പി.എസ്.സിയില്‍ നിന്നു നിയമന ഉത്തരവ് കിട്ടിയിരുന്നു. പി.ആര്‍.ഡിയില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തസ്തികയില്‍ സ്വന്തം നാടായ കോഴിക്കോട്ടാണ് നിയമനം.
പക്ഷേ, വീട്ടുകാര്‍ക്കും അടുത്ത ചില സുഹൃത്തുക്കള്‍ക്കുമല്ലാതെ ആര്‍ക്കും അക്കാര്യം അറിയില്ല. പിന്നെങ്ങനെ ജയചന്ദ്രന്‍സാര്‍ അറിഞ്ഞു.
പി.എസ്.സിയുടെ കത്തുവന്ന കാര്യവും മറ്റും അദ്ദേഹത്തോട് പറഞ്ഞു. പിന്നാലെ കൗതുകത്തോടെ ഇങ്ങനെ ചോദിച്ചു, ''സാറിതെങ്ങനെ അറിഞ്ഞു.''
''മണി പറഞ്ഞു. മണി ആവശ്യപ്പെട്ടിട്ടാണ് ഞാന്‍ വിളിക്കുന്നത്. നിങ്ങള്‍ ജോയിന്‍ ചെയ്യുന്നുണ്ടോ.''
''ഞാന്‍ തീരുമാനിച്ചിട്ടില്ല. സാറും മണിസാറുമൊക്കെ എന്തു പറയുന്നു.''
''തീരുമാനിക്കേണ്ടത് നിങ്ങളാണ്. സജീവന്‍ നല്ല പത്രപ്രവര്‍ത്തകനാണ് എന്നാണ് മണി പറഞ്ഞത്. ഞങ്ങള്‍ പറയുന്നത് മുഖവിലക്കെടുക്കേണ്ട. നിങ്ങള്‍ക്കു തീരുമാനിക്കാം.''
അത്രയും പറഞ്ഞ്, ആ വിഷയം വിട്ട് മറ്റു പലതും സംസാരിച്ച് ജയചന്ദ്രന്‍സാര്‍ ഫോണ്‍വച്ചു.
സത്യത്തില്‍, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു ആ നിമിഷം.
കേരളത്തിലെ ഏറ്റവും പ്രമുഖരായ രണ്ടു പത്രാധിപന്മാരാണ് പറയുന്നത് പത്രപ്രവര്‍ത്തനത്തില്‍ ഭാവിയുള്ളവനാണ് ഞാനെന്ന്. പത്രപ്രവര്‍ത്തന രംഗത്ത് എല്ലാ വൈതരണികളും തരണം ചെയ്ത് വിജയക്കൊടി നാട്ടിയവരാണ് രണ്ടുപേരും, പ്രത്യേകിച്ച് മണിസാര്‍.
പിതാമഹന്‍ സ്ഥാപിച്ച്, പിതാവ് വലിയൊരു പ്രസ്ഥാനമാക്കി വളര്‍ത്തിക്കൊണ്ടു വന്ന കേരളകൗമുദിയില്‍ പത്രാധിപ പുത്രനായി വിരാജിക്കുന്നതിനു പകരം സാധാരണ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചു പ്രതിഭ തെളിയിച്ച മഹാന്‍. മന്ത്രിക്കസേര വീഴ്ത്തുന്നതുള്‍പ്പെടെയുള്ള എക്‌സ്‌ക്ലൂസീവ് വാര്‍ത്തകളിലൂടെ കേരളത്തെ ഞെട്ടിച്ച പത്രപ്രവര്‍ത്തന പ്രതിഭ. അദ്ദേഹമാണ് എന്റെ ജീവിതവഴിയില്‍ ശോഭനമായത് പത്രപ്രവര്‍ത്തനമാണെന്ന് ആശീര്‍വദിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ജോലി വളരെ സുഖമാണ്, സുരക്ഷിതമാണ്, അടിത്തൂണ്‍ പറ്റിയാല്‍ നല്ല പെന്‍ഷന്‍ ഉറപ്പാക്കാവുന്നതാണ് എന്ന യാഥാര്‍ഥ്യം അറിയാമായിരുന്നു. അടുപ്പക്കാര്‍ പലരും അത് ഓര്‍മിപ്പിക്കുകയും ചെയ്തു. പക്ഷേ, എന്റെ പാത ഏതാണെന്ന് ജയചന്ദ്രന്‍ സാറിലൂടെ മണിസാറിന്റെ അഭിപ്രായം കേട്ട ആ നിമിഷം ഞാന്‍ തീരുമാനിച്ചിരുന്നു.
അങ്ങനെ ഞാനൊരു പത്രപ്രവര്‍ത്തകനായി. പത്രപ്രവര്‍ത്തന ജീവിതത്തില്‍ പില്‍ക്കാലത്ത് കയ്പ്പുനിറഞ്ഞതും പ്രയാസകരവുമായ ചില അനുഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും തുറന്നു പറയട്ടെ, ഞാന്‍ തെരഞ്ഞെടുത്ത വഴി തെറ്റായിരുന്നുവെന്ന് ഇന്നുവരെ തോന്നിയിട്ടില്ല. പില്‍ക്കാലത്ത് എല്‍.എല്‍.ബി പാസായ ഘട്ടത്തില്‍ വക്കീലായിക്കൂടേയെന്ന് ഉപദേശിച്ച പലരുമുണ്ടായിരുന്നു. അപ്പോഴും, 'അവനൊരു നല്ല പത്രപ്രവര്‍ത്തകനാണ്' എന്ന മണിസാറിന്റെ ആശീര്‍വാദം എനിക്ക് ഊര്‍ജമായി നിന്നു.
പത്രപ്രവര്‍ത്തക ട്രെയിനിയായി ആദ്യമായി കേരളകൗമുദിയിലേക്കു കടന്നുവന്നപ്പോഴുള്ള കൗതുകവും ആവേശവും മടുപ്പില്ലായ്മയും ഈ പ്രായത്തിലും നിലിനിര്‍ത്താന്‍ എനിക്കു കഴിയുന്നുണ്ട് എന്ന് അഭിമാനത്തോടെ പറയട്ടെ. അതിനു കാരണം, എന്റെ ഗുരുവായ മണിസാറിന്റെ ശിക്ഷണം മാത്രമാണ്. അരുമശിഷ്യനെപ്പോലെ, അല്ല, ഒരു മകനെപ്പോലെയാണ് അദ്ദേഹം ഉപദേശ നിര്‍ദേശങ്ങളുമായി എന്നും എനിക്കൊപ്പമുണ്ടായിരുന്നത്.
ജോലിയിലെ മികവു നോക്കി ഉദ്യോഗക്കയറ്റവും പരിഗണനയും നല്‍കുക എന്നതാണല്ലോ ഇപ്പോള്‍ ഒട്ടുമിക്ക മേഖലയിലും അവലംബിച്ചു വരുന്ന രീതി. പത്രപ്രവര്‍ത്തനത്തിലും ആ രീതി ഇന്നു ഫലപ്രദമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. എത്ര കാലം ജോലി ചെയ്തു എന്നതല്ല, എത്ര മികവോടെ ജോലി ചെയ്തു എന്നതാണ്, എന്നതായിരിക്കണം ഉദ്യോഗക്കയറ്റത്തിനും ശമ്പളവര്‍ധനവിനും മറ്റും മാനദണ്ഡമാകേണ്ടത്.
പണ്ട് പത്രസ്ഥാപനങ്ങളില്‍പ്പോലും അതായിരുന്നില്ല രീതി. ഒരു ദിവസം മുന്‍പ് ജോലിയില്‍ പ്രവേശിച്ചയാളെ മറികടക്കാന്‍ എത്ര മിടുക്കുള്ളവനാണെങ്കിലും കഴിയുമായിരുന്നില്ല. എത്ര ഉഴപ്പനായാലും പ്രവര്‍ത്തി ചെയ്ത ദിവസങ്ങളുടെയും മാസങ്ങളുടെയും വര്‍ഷങ്ങളുടെയും എണ്ണക്കൂടുതലിന്റെ ബലത്തില്‍ കയറിക്കയറി പോകും. മാനേജ്‌മെന്റ് മിടുക്കന്മാര്‍ക്ക് മറികടക്കാന്‍ അവസരമൊരുക്കിയാല്‍ യൂനിയനുകള്‍ കണ്ണുരുട്ടും. പൊല്ലാപ്പാകും. അതുകൊണ്ട് മിക്ക മാനേജ്‌മെന്റുകളും കുഴിമടിയന്മാരെ സഹിക്കാന്‍ നിര്‍ബന്ധിതരാകും.
ഈ കീഴ്‌വഴക്കം ധൈര്യപൂര്‍വം തെറ്റിച്ച പത്രാധിപരായിരുന്നു എം.എസ് മണി. ആളും പേരും സൂചിപ്പിക്കാതെ ഒരു സംഭവം പറയാം. ഒരു പയ്യന്‍ ട്രെയിനി ജേണലിസ്റ്റിനുള്ള ഇന്റര്‍വ്യൂവിന് കേരളകൗമുദിയില്‍ ചെന്നു. അന്ന് അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്തവരില്‍ അവിടത്തെ സീനിയര്‍ ജേണലിസ്റ്റുകളില്‍ ഒരാളുമുണ്ടായിരുന്നു. തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആ സീനിയര്‍ ജേണലിസ്റ്റിന്റെ കീഴില്‍ ഒരു ബ്യൂറോയിലാണ് നിയമനം കിട്ടിയത്.
പത്രപ്രവര്‍ത്തനത്തിലുള്ള കൗതുകം മൂലം ആ പയ്യന്‍ ധാരാളം എക്‌സ്‌ക്ലൂസീവ് വാര്‍ത്തകള്‍ തേടിപ്പിടിച്ചു പ്രസിദ്ധീകരിച്ചു. മാസത്തില്‍ മിക്ക ദിവസങ്ങളിലും ആ പയ്യന്റെ ബൈലൈന്‍ വാര്‍ത്തകള്‍ പത്രത്തില്‍ വരാന്‍ തുടങ്ങി. പത്രാധിപരായ എം.എസ് മണി അതു ശ്രദ്ധിച്ചു. ആ പയ്യന്‍ ആരെന്നു പോലും അദ്ദേഹത്തിനറിയില്ല.
അടുത്തമാസത്തെ ബ്യൂറോ മീറ്റിങ്ങിനു സമയമായപ്പോള്‍ അദ്ദേഹം എക്‌സിക്യൂട്ടീവ് എഡിറ്ററോട് നിര്‍ദേശിച്ചു. ഇത്തവണത്തെ മീറ്റിങ്ങില്‍ ഇന്ന ബ്യൂറോയില്‍ നിന്ന് ആ പയ്യന്‍ വന്നാല്‍ മതി. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എതിര്‍ത്തു നോക്കി. സീനിയര്‍ റിപ്പോര്‍ട്ടര്‍മാര്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഒരു ട്രെയിനിയെ പങ്കെടുപ്പിക്കുന്നത് മുറുമുറുപ്പും പ്രതിഷേധവുമൊക്കെ ക്ഷണിച്ചുവരുത്തുമെന്നു പറഞ്ഞുനോക്കി.
'പണിയെടുക്കുന്നവനെയാണ് അംഗീകരിക്കേണ്ടത്. അല്ലാതെ കസേരയ്ക്കു ഭാരമാകുന്നവനെയല്ല.' അതായിരുന്നു എം.എസ് മണിയെന്ന പത്രാധിപരുടെ മറുപടി. അത് അന്തിമവാക്കുമായിരുന്നു.
സ്വന്തം പിതാവ് പത്രാധിപരും ഉടമയുമായ പത്രത്തില്‍ അലങ്കാരത്തിനു ലേഖകനായ ആളായിരുന്നില്ല എം.എസ് മണി. അദ്ദേഹം ഓടി നടന്നു വാര്‍ത്തകള്‍ കണ്ടെത്തുകയും ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇരുപതാം വയസില്‍ തുടങ്ങിയ തൊഴിലിലെ ആ ഊര്‍ജ്ജസ്വലത ജീവിതസായാഹ്നത്തിലും തുടരുന്നതു ഞങ്ങള്‍ അത്ഭുതത്തോടെ, കൗതുകത്തോടെ അടുത്തുനിന്നു കണ്ടിട്ടുണ്ട്.
എം.എസ് മണി വര്‍ക്ക്‌ഹോളിക് എന്ന വാക്കിന്റെ പര്യായമായിരുന്നു. മടുപ്പില്ലാതെ പണിയെടുക്കുന്നവരെ മാത്രം ഇഷ്ടപ്പെട്ടയാളായിരുന്നു. ജോലിയില്‍ നോ എന്നു പറയാതിരിക്കുകയും നോ എന്നു പറയാത്തവരെ അകമഴിഞ്ഞ് സ്‌നേഹിക്കുകയും മടിയന്മാരെ പരസ്യമായിത്തന്നെ വിമര്‍ശിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ഇഷ്ടപ്പെട്ട വാര്‍ത്തയോ ലേഖനമോ കണ്ടാല്‍ ഉടന്‍ അത് എഴുതിയ ആളെ വിളിച്ച് അഭിനന്ദിക്കുമായിരുന്നു അദ്ദേഹം.
പത്രപ്രവര്‍ത്തനം സത്യസന്ധമാകണം, ധീരമാകണം, സ്വാധീനങ്ങള്‍ക്കു വഴിപ്പെടാത്തതാകണം, മടുപ്പില്ലാത്തതാകണം എന്നു തുടങ്ങിയ സദ്പാഠങ്ങള്‍ക്ക് പുതുതലമുറ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാതൃക തേടാവുന്ന ജീവിതമാണ് എം.എസ് മണിയുടേത്. ജീവിതസായാഹ്നത്തില്‍ റെറ്റിനോപ്പതി ബാധിച്ച് ഏറെക്കാലം കാഴ്ചശക്തിയില്ലാതെ ജീവിക്കേണ്ടി വന്നപ്പോഴും സജീവവും ഊര്‍ജസ്വലവുമായിരുന്നു എം.എസ് മണിയുടെ പത്രപ്രവര്‍ത്തന ജീവിതം.
കടുത്ത നിരാശ തോന്നാവുന്ന എത്രയോ ഘട്ടങ്ങള്‍ നേരിടേണ്ടിവന്നപ്പോഴും മണിസാര്‍ ധീരനായി, ഊര്‍ജസ്വലനായി നിലനിന്നു. അതൊരു മികവും കഴിവും തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."