മുനവറലി തങ്ങളുടെ പ്രയത്‌നം ഫലം കണ്ടു; കുവൈറ്റില്‍ വധശിക്ഷയ്ക്ക് വിധിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയുടെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു
മലപ്പുറം: കുവൈത്തിലെ ജലീബില്‍ ഒരേസ്ഥാപനത്തില്‍ ജോലിചെയ്യുന്നതിനിടെയുണ്ടായ വാക്തര്‍ക്കത്തില്‍ മലപ്പുറം സ്വദേശി കൊല്ലപ്പെട്ട കേസില്‍ കുവൈത്ത് ഗവണ്‍മെന്റ് വധശിക്ഷയ്ക്ക് വിധിച്ചിരുന്ന തമിഴ് നാട് സ്വദേശി അര്‍ജ്ജുന്‍ അത്തിമുത്തുവിന്റെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് അര്‍ജ്ജുന്‍ അത്തിമുത്തുവിന്റെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചത്.
അര്‍ജുനന്റെ കുടുംബത്തിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതിനുപിന്നാലെ മാലതി മലപ്പുറത്തെത്തി പാണക്കാട് മുനവറലി ശിഹാബ് തങ്ങളെ കാണുകയായിരുന്നു. എല്ലാ പ്രതീക്ഷകളും അസ്തമിച്ച് നില്‍ക്കുന്ന ഘട്ടത്തിലാണ് അര്‍ജ്ജുന്‍ അത്തി മുത്തുവിന്റെ ഭാര്യ പ്രതീക്ഷകളോടെ കൊടപ്പനക്കലേക്കെത്തുന്നത്.
കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് 30 ലക്ഷം രൂപ നല്‍കിയാല്‍ അര്‍ജുനന്‍ രക്ഷപ്പെടുമായിരുന്നുവെങ്കിലും കിടപ്പാടം വിറ്റിട്ടും തുക കണ്ടെത്താന്‍ അര്‍ജുന്റെ ഭാര്യയ്ക്കായില്ല. ഈയവസരത്തില്‍ മുനവറലി തങ്ങളുടെ നേതൃത്വത്തില്‍ മാലതിയെ സഹായിക്കാനായി 25 ലക്ഷം രൂപ സ്വരൂപിക്കുകയായിരുന്നു. 25 ലക്ഷം രൂപയുടെ ചെക്ക് മലപ്പുറം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മാലതിക്ക് കൈമാറി. ശേഷം മാലതി സ്വരൂപിച്ച അഞ്ച് ലക്ഷംകൂടി ചേര്‍ത്ത് 30 ലക്ഷം രൂപ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും കൈമാറി.
മകന്‍ നഷ്ടപ്പെട്ട വേദനയില്‍ വിങ്ങുന്ന ഉമ്മയും, ഒരുനിമിഷം ചെയ്തുപോയ തെറ്റിന് ജീവന്‍ ബലിയായി നല്‍കാന്‍ വിധിക്കപ്പെട്ട അര്‍ജുനന്റെ പ്രിയപത്‌നി മാലതിയും കൊടപ്പനക്കലിലെ പൂമുഖത്ത് പരസ്പരം നോക്കി നിന്നു തേങ്ങി.
കൊല്ലപ്പെട്ട മലപ്പുറം സ്വദേശിയുടെ ഭാര്യയും 13 വയസുകാരി മകളും വാടക വീട്ടിലാണ് താമസം. നിത്യച്ചെലവിന് പോലും വകയില്ലാത്ത ഈ വിധവക്കും മകള്‍ക്കും ഈ തുക ഏറെ ആശ്വാസമായി. ഒപ്പം മാലതിക്കും 11 വയസുകാരി മകള്‍ക്കും കുടുംബനാഥനേയും തിരിച്ചുലഭിച്ചു.
കുവൈത്തിലെ ജലീബില്‍ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2013 സെപ്റ്റംബര്‍ 21നായിരുന്നു സംഭവം. അര്‍ജുനനെ പൊലിസ് പിടികൂടി വിചാരണക്ക് ശേഷം തൂക്കിലേറ്റാന്‍ വിധിക്കുകയായിരുന്നു. മാപ്പ് നല്‍കിയതായുള്ള രേഖ ഡല്‍ഹി എംബസി വഴി കുവൈത്തിലെ കോടതിയിലെത്തിയതോടെയാണ് അര്‍ജുന്റെ ശിക്ഷ ജീവപര്യന്തമായി കുറച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."