ഐ.എസ് ബന്ധമാരോപിച്ചുള്ള അറസ്റ്റുകള്‍ തുടരുന്നു; ഇതുവരെ അറസ്റ്റിലായത് 17 കാരനടക്കം ഒമ്പത് പേര്‍
ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഐ.എസ് ബന്ധം ആരോപിച്ചുള്ള അറസ്റ്റുകള്‍ തുടരുന്നു. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 17കാരനടക്കം ഒമ്പതുപേരാണ് അറസ്റ്റിലായത്. സല്‍മാന്‍ ഖാന്‍, ഫഹദ് ഷാ, സമീന്‍, മുഹ്‌സിന്‍ ഖാന്‍, മുഹമ്മദ് മസ്ഹര്‍ ശൈഖ്, തഖി ഖാന്‍, സര്‍ഫറാസ് അഹമ്മദ്, സാഹിദ് ശൈഖ്, 17 കാരന്‍ എന്നിവരാണ് പിടിയിലായത്. മുംബ്ര, താനെ, ഔറംഗാബാദ് എന്നിവിടങ്ങളില്‍ നിന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) ആണ് ഇവരെ അറസ്റ്റ് ചെയ്തത്. റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായാണ് ഔദ്യോഗിക ഭാഷ്യം.
സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത്: മുംബ്രയില്‍ നിന്നുള്ള സല്‍മാന്‍, മുഹ്‌സിന്‍, തഖി എന്നീ സഹോദരങ്ങളാണ് ഒന്‍പത് പേരടങ്ങുന്ന ഐ.എസ് സംഘത്തെ നിയന്ത്രിച്ചത്. ഇതില്‍ തന്നെ മൂത്തസഹോദരന്‍ മുഹ്‌സിനായിരുന്നു സംഘത്തിന്റെ നേതാവ്. ഇവര്‍ എപ്പോഴും സാമൂഹിക മാധ്യമങ്ങള്‍ വഴി ബന്ധപ്പെട്ടുവരികയായിരുന്നു. പള്ളികള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ ഐ.എസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തുകൊണ്ടിരുന്നത്. മുംബ്ര പ്രദേശത്തെ ഫുട്‌ബോള്‍ കോച്ചായിരുന്നു സല്‍മാന്‍. ഒരുവര്‍ഷം മുന്‍പാണ് ഇദ്ദേഹം ഔറംഗാബാദിലേക്കു താമസം മാറ്റിയത്. ഐ.എസിലേക്ക് ആകൃഷ്ടരായ യുവാക്കളെ കണ്ടെത്താനുള്ള ചുമതല സല്‍മാനായിരുന്നു. ഇടയ്ക്കിടെ മുംബ്ര സന്ദര്‍ശിച്ച് ഔറംഗാബാദിലെ യുവാക്കളെ കുറിച്ച് ഇദ്ദേഹം മുഹ്‌സിനു വിവരം നല്‍കും. റമദാനില്‍ താന്‍ പറഞ്ഞാല്‍ അനുസരിക്കുന്ന യുവാക്കളുടെ യോഗം സല്‍മാന്‍ വിളിച്ചെന്നും പൊലിസ് പറഞ്ഞു.
ഭീവണ്ടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറായിരുന്നു മസ്ഹര്‍. മുംബ്രയില്‍ റമദാനില്‍ വിളിച്ച യോഗത്തില്‍ മസ്ഹര്‍ പങ്കെടുത്തിരുന്നു. ഈ യോഗത്തില്‍ പങ്കെടുത്തതാണ് സിവില്‍ എന്‍ജിനീയറായ ഫഹദിനെയും കുടുക്കിയത്. അറസ്റ്റിലായ 17 കാരന്‍ സൈബര്‍ സയന്‍സില്‍ ഡിപ്ലോമ വിദ്യാര്‍ഥിയാണ്. താനെയില്‍ മെഡിക്കല്‍ റെപ്രസന്റേറ്റിവ് ആണ് സമീന്‍. മുഹ്‌സിന്റെ സഹോദരീ ഭര്‍ത്താവായ സര്‍ഫറാസും ഔറംഗാബാദ് സ്വദേശിയാണെന്നും പൊലിസ് പറഞ്ഞു. ഇവര്‍ക്കെതിരെ യു.എ.പി.എയിലെ വിവിധ വകുപ്പുകളും ഐ.പി.സിയിലെ 120 ബിയും (ക്രിമിനല്‍ ഗൂഢാലോചന), ബോംബെ പൊലിസ് ആക്ടും പ്രകാരം കേസെടുത്തു.
കഴിഞ്ഞ മാസം അവസാനം വ്യത്യസ്ത സംഭവങ്ങളിലായി ഡല്‍ഹിയില്‍ നിന്നും സമീപപ്രദേശങ്ങളില്‍ നിന്നുമായി പത്തുപേരെയും ജനുവരി 12ന് എന്‍.ഐ.എ ഗാസിയാബാദില്‍ വച്ച് ഒരാളെയും ഇതേ ദിവസങ്ങളില്‍ കാസര്‍കോഡ് സ്വദേശിയായ ന്യൂനപക്ഷ മോര്‍ച്ച നേതാവ് തസ്‌ലീം അടക്കും മൂന്നുപേരെ ഡല്‍ഹി സ്‌പെഷ്യല്‍ സെല്ലും അറസ്റ്റ് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ തുടര്‍ച്ചയായി ന്യൂനപക്ഷസമുദായത്തിലെ യുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്യുന്നത് ചോദ്യംചെയ്ത് പി.ഡി.പി നേതാവും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മഹ്ബൂബാ മുഫ്തി രംഗത്തുവരികയും ചെയ്തു.
തീവ്രവാദകേസുകളില്‍ പിടിയിലായവര്‍ പലരും വര്‍ഷങ്ങള്‍ക്കു ശേഷം നിരപരാധികളാണെന്നു കണ്ടു വിട്ടയക്കപ്പെടുകയായിരുന്നുവെന്നും ഇങ്ങനെ പിടിയിലാവുന്നവരുടെ കുടുംബം നശിക്കുകയാണെന്നും മെഹ്ബൂബ പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് നടപടികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."