മണലൂറ്റിനെ ചൊല്ലി വലിയപറമ്പില്‍ സംഘര്‍ഷം അതിര്‍ത്തി നിര്‍ണയിക്കാനെത്തിയ പോര്‍ട്ട് ഓഫിസറെ തടഞ്ഞു
തൃക്കരിപ്പൂര്‍: ഒരിയര അഴിമുഖത്തെ മണലെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനായുള്ള പരിശോധനക്കായി എത്തിയ പോര്‍ട്ട് ഓഫിസറെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും തടഞ്ഞു. പോര്‍ട്ട് ഓഫിസര്‍ മനോജിനെയാണ് മത്സ്യ തൊഴിലാളികള്‍ തടഞ്ഞത്. കഴിഞ്ഞ ദിവസം ചന്തേര പൊലിസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട തൊഴിലാളികളും നാട്ടുകാരും ജനപ്രതിനിധികളുമായി ആര്‍.ഡി.ഒ മൃണ്‍മയി ജോഷി നടത്തിയ ചര്‍ച്ചയിലുണ്ടാക്കിയ ധാരണ നടപ്പാക്കുന്നതിന്റെ മുന്നോടിയായി സ്ഥല പരിശോധനക്കെത്തിയതായിരുന്നു ആര്‍.ഡി.ഒ
പൊലിസ് സ്റ്റേഷനിലുണ്ടാക്കിയ ധാരണയില്‍ കരയില്‍ നിന്നു 50 മീറ്റര്‍ മാറി മാത്രമേ മണലെടുക്കാന്‍ പാടുള്ളൂവെന്ന നിലപാടില്‍ നിന്നു പോര്‍ട്ട് ഓഫിസര്‍ വ്യതിചലിച്ചതാണു പ്രകോപനത്തിനും സംഘര്‍ഷത്തിനും കാരണമായതായി പറയുന്നത്.
റോഡില്‍ നിന്നു 50 മീറ്റര്‍ മാറി മണലെടുക്കാമെന്നു പോര്‍ട്ട് ഓഫിസര്‍ നിര്‍ദേശിച്ചതോടെ ധാരണക്കും നിയമത്തിനും വിരുദ്ധമായി പോര്‍ട്ട് ഓഫിസര്‍ പെരുമാറുന്നത് മണല്‍ മാഫിയയെ സഹായിക്കാനെന്ന ആരോപണവുമായി മത്സ്യതൊഴിലാളികളും നാട്ടുകാരും പോര്‍ട്ട് ഓഫിസര്‍ക്കെതിരേ രംഗത്തെത്തി.
കടലില്‍ പരിശോധനക്കായി കരയിലേക്കു വന്ന വഞ്ചിയില്‍ കയറാന്‍ പോര്‍ട്ട് ഓഫിസറെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും അനുവദിച്ചില്ല.
കൃത്യമായ ദൂരപരിധി തീരുമാനിച്ച ശേഷമേ പരിശോധന അനുവദിക്കുകയുള്ളൂവെന്ന് തൊഴിലാളികളും വാശിപിടിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍, ചന്തേര എസ്.ഐ അനൂപ് കുമാര്‍, എം.കെ.എം അബ്ദുല്‍ ഖാദിര്‍, കെ മാധവന്‍, എന്‍.കെ ഹമീദ് ഹാജി, എം അബ്ദുള്‍ സലാം, വി.വി ഉത്തമന്‍, പോര്‍ട്ട് ഓഫിസര്‍ മനോജ്, മത്സ്യത്തൊഴിലാളി യൂനിയന്‍ ഏരിയാ സെക്രട്ടറി എം ശശി, പോര്‍ട്ട് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വി.വി ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ വലിയപറമ്പ പുലിമുട്ടില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സംഘര്‍ഷത്തിന് അയവ് വന്നത്.
പോര്‍ട്ട് മണല്‍ വിതരണത്തിന് അനുമതിയുള്ള ഓരി, കാവുഞ്ചിറ, മടക്കര കടവുകളിലേക്കുള്ള മണലാണ് മാവിലാക്കടപ്പുറം പുലിമുട്ടില്‍ നിന്നു ശേഖരിക്കുന്നത്. അഴിമുഖത്തു രൂപപ്പെടുന്ന മണല്‍ തിട്ടയില്‍ തട്ടി മത്സ്യ ബന്ധന ബോട്ടുകള്‍ അപകടപ്പെടുന്നതിനു പരിഹാരമായാണു പത്തു വര്‍ഷം മുന്‍പ് അംഗീകൃത കടവുകളിലേക്കു മണലെടുപ്പിന് ജില്ലാ ഭരണകൂടം അനുമതി നല്‍കിയത്.
രാത്രികാലങ്ങളിലെ മണലെടുപ്പ് പൂര്‍ണമായും നിരോധിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് നാലുവരെ മാത്രമേ മണലെടുക്കാന്‍ പാടുള്ളൂ. കൊമ്മവല, യന്ത്രയാനങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള മണലൂറ്റും നിയമവിരുദ്ധമാണ്. പരമ്പരാഗത രീതിയിലുള്ള മണലെടുപ്പിനു മാത്രമേ അനുമതിയുള്ളൂ. പുലിമുട്ടില്‍ നിന്ന് അന്‍പതു മീറ്റര്‍ മാറി മാത്രമേ പുതിയ തീരുമാനപ്രകാരം മണലെടുക്കാന്‍ അനുമതിയുള്ളൂ. കിഴക്ക് ഭാഗം കായലില്‍ നിന്നുള്ള മണലൂറ്റും തടയാന്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."