പരിമിതിയില്‍ വീര്‍പ്പുമുട്ടി പാലായി റോഡിലെ ആയുര്‍വേദ ഡിസ്‌പെന്‍സറി
നീലേശ്വരം: നീലേശ്വരം നഗരസഭയുടെ കീഴില്‍ പാലായി റോഡിലുള്ള ആയുര്‍വേദ ഡിസ്‌പെന്‍സറി സ്ഥലസൗകര്യമില്ലാതെ വീര്‍പ്പുമുട്ടുന്നു. നീലേശ്വരം നഗരസഭയാകുന്നതിനും അഞ്ചു വര്‍ഷം മുന്‍പ് തുടങ്ങിയതാണ് പാലായി റോഡിലുള്ള ആയുര്‍വേദ ഡിസ്‌പെന്‍സറി. ഗ്രാമീണ കര്‍ഷക ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയിലുള്ള ഒരു ആശുപത്രിയായിരുന്നു ലക്ഷ്യം. രണ്ട് ഷട്ടറോടു കൂടിയ മുറിയിലായിരുന്നു ഡിസ്‌പെന്‍സറി തുടങ്ങിയത്. സ്ഥലസൗകര്യമില്ലാതിരുന്ന അക്കാലത്ത് ക്ലിനിക്കും മരുന്ന് സൂക്ഷിക്കുന്നതും ഫാര്‍മസിയുമെല്ലാം ഒരേ റൂമിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇന്ന് ഒ.പി വിഭാഗത്തില്‍ തന്നെ നൂറിനടുത്ത് രോഗികള്‍ ഇവിടെ ദിവസവും ചികിത്സക്കായി എത്താറുണ്ട്. നീലേശ്വരം നഗരസഭയില്‍നിന്ന് മാത്രമല്ല, തൊട്ടടുത്ത കിനാനൂര്‍-കരിന്തളം, കയ്യൂര്‍-ചീമേനി പഞ്ചായത്തുകളില്‍നിന്ന് ഇവിടെ രോഗികള്‍ ഇവിടെയെത്തുന്നുണ്ട്. എന്നാല്‍ ദൂരെ സ്ഥലങ്ങളില്‍നിന്നെത്തുന്ന രോഗികള്‍ക്കോ അവരുടെ കൂടെ വരുന്നവര്‍ക്കോ ഇരിക്കാനോ പ്രാഥമിക സൗകര്യങ്ങള്‍ നിറവേറ്റാനോ ഇവിടെ സൗകര്യമില്ല. ഡിസ്‌പെന്‍സറി കൂടുതല്‍ മെച്ചപ്പെട്ട സ്ഥലസൗകര്യമുള്ള ഒരിടത്തേക്ക് മാറ്റണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ അതിനു തയാറാകുന്നില്ല. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്‌പെന്‍സറി വാടകയുടെ പേരില്‍ ഒഴിയാനും നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നഗരസഭ ഇതൊന്നും ചെവികൊള്ളാതെ അവിടെ തന്നെ ഡിസ്‌പെന്‍സറി നടത്താനുള്ള ശ്രമത്തിലാണ്.
നീലേശ്വരം ഇടത്തോട് റോഡ് വക്കില്‍ നഗരസഭാതിര്‍ത്തിയില്‍ തന്നെ ഇഷ്ടം പോലെ റവന്യൂ സ്ഥലം ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
റവന്യൂ വകുപ്പുമായി സഹകരിച്ച് സ്ഥലം സ്വന്തമാക്കി എല്ലാ സൗകര്യങ്ങളോടും കൂടിയ ആയുര്‍വേദ ആശുപത്രി സ്ഥാപിക്കാന്‍ നഗരസഭ മുന്‍കൈയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."