കടുത്ത വേനലില്‍ അധികൃതരുടെ ഇരുട്ടടി: വൈദ്യുതി ബില്ല് അടച്ചില്ല, പമ്പ് ഹൗസിന്റെ ഫീസുരി
ഫറോക്ക് : കുടിവെളളത്തിനായി നെട്ടോട്ടമോടുന്ന ജനത്തിനു കെ.എസ്.ഇ.ബിയുടെയും കോര്‍പ്പറേഷന്റെയും ഇരുട്ടടി. കോര്‍പ്പറേഷന്‍ വൈദ്യുതി ബില്ല് അടക്കാത്തതില്‍ കെ.എസ്.ഇ.ബി അധികൃതര്‍ പമ്പ് ഹൗസിന്റെ ഫീസ് ഊരിയത് ആയിരങ്ങളുടെ കുടിവെളളമാണ് മുട്ടിച്ചത്. ചെറുവണ്ണൂര്‍ വെളളില വയല്‍ ഹരിജന്‍ വാട്ടര്‍ സ്‌പ്ലൈ സ്‌കീമിന്റെ മധുര ബസാറിലെ പമ്പ് ഹൗസിന്റെ ഫീസാണ് കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബിക്കാര്‍ ഊരിയത്.
കോര്‍പ്പറേഷന്‍ ബില്ല് അടക്കാത്തതാണ് വൈദ്യുതി വിഛേദിക്കാന്‍ കാരണം. വെളളിയാഴ്ചയാണ് പമ്പ് ഹൗസിന്റെ ഫീസ് ഊരിയത്. പൈപ്പില്‍ വെളളമെത്താത്തിനെ തുടര്‍ന്നു അന്വേഷിച്ചപ്പോഴാണ് കോര്‍പ്പറേഷന്‍ വൈദ്യതിബില്ല് അടച്ചിട്ടില്ലെന്ന വിവരം ജനം അറിയുന്നത്. മണിക്കൂറുകളോളം പൈപ്പിനു മുന്‍പില്‍ പൊരിവെയിലും കൊണ്ടു കാത്തിരുന്ന് നിരാശരായതിലും രണ്ടു ദിവസമായി കുടിവെളളം ലഭിക്കാത്തതിലും ജനം കടുത്ത പ്രതിഷേധമാണുയര്‍ത്തിയത്. ഇതിനെ തുടര്‍ന്നു ഇന്നലെ തന്നെ കോര്‍പ്പറേഷന്‍ വൈദ്യുതി ബില്ല് അടച്ചതായും ഉച്ചയോടെ പമ്പ് ഹൗസിലേക്കുളള വൈദ്യുതി പുനസ്ഥാപിച്ചതായും കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ഓഡിറ്റ് ഒബ്ജക്ഷന്‍ വന്നതാണ് വൈദ്യുതി ബില്ല് അടക്കാതിരിക്കാന്‍ കാരണമെന്നാണ് കോര്‍പറേഷന്റെ വിശദീകരണം. എന്നാല്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടും ഇന്നലെ വൈകിയും കുടിവെളള വിതരണം ആരംഭിച്ചിട്ടില്ല.
ചെറുവണ്ണൂര്‍ - നല്ലളം മേഖലയില്‍ കുടിവെളള ക്ഷാമം അതിരൂക്ഷമായ കുണ്ടായിത്തോട്, നെല്ലോളി പടന്ന, നാത്തൂനിപാടം ചെറൂക്കപ്പറമ്പ്, മധുരബസാര്‍ എന്നി പ്രദേശങ്ങളിലെ നൂറ് കണക്കിനു കുടുംബങ്ങള്‍ ഈ കുടിവെളള പദ്ധതിയെയാണ് ആശ്രയിക്കുന്നത്. പമ്പിംഗ് നിലച്ചതോടെ ഇവിടെയുളളവര്‍ കിലോമീറ്ററുകള്‍ താണ്ടി സ്വകാര്യ വ്യക്തിയുടെ കിണറില്‍ നിന്നാണ് വെളളം ശേഖരിക്കുന്നത്. ജപ്പാന്‍ കുടിവെളള വിതരണത്തിനുളള പൈപ്പും ഈ മേഖലയിലേക്ക് സ്ഥാപിച്ചിട്ടില്ല. മീഞ്ചന്ത മോഡേണിലുളള സംഭരണിയില്‍ നിന്നാണ് ഇവിടേയ്ക്ക് വെളളമെത്തിക്കേണ്ടത്.
എന്നാല്‍ ദേശീയപാത കീറുന്നതിനുളള അനുമതി കിട്ടാത്തതാണ് ഈ പ്രദേശത്തേക്കു കുടിവെളള വിതരണ പൈപ്പ് സ്ഥാപിക്കുന്നതിനുളള തടസ്സം. ഇത് കോഴിക്കോട് കോര്‍പ്പറേഷന്‍ 46-ാം ഡിവിഷനിലെ ആയിരക്കണക്കിനു കുടുംബങ്ങള്‍ക്കാണ് തിരിച്ചടിയായത്.
ചെറുവണ്ണൂരില്‍ ജപ്പാന്‍ പദ്ധതിയില്‍ നിന്നും കുടിവെളള വിതരണം ആരംഭിക്കുന്നതോടൊപ്പം തന്നെ ഈ പ്രദേശങ്ങളിലും ശുദ്ധജല വിതരണം നടത്തണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഈ മാസം 9ന് കോര്‍പ്പറേഷന്‍ ചെറുവണ്ണൂര്‍ - നല്ലളം മേഖല സോണല്‍ ഓഫിസിനു മന്‍പില്‍ നാട്ടുകാര്‍ ധര്‍ണ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."