അഴിമതിക്കേസില്‍ തടവില്‍ കഴിഞ്ഞിരുന്ന മൂന്ന് ബിസിനസ് പ്രമുഖര്‍ പുറത്തിറങ്ങി
റിയാദ്: സഊദി അഴിമതി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നടന്ന അഴിമതിക്കേസില്‍ പിടിക്കപ്പെട്ടവരില്‍ ഇത് വരെ തടവില്‍ കഴിഞ്ഞിരുന്ന മൂന്നു ബിസിനസ് പ്രമുഖര്‍ കൂടി പുറത്തിറങ്ങി. സഊദി ബിസിനസുകാരനും രണ്ടു മാനേജ്‌മെന്റ് കണ്‍സ്റ്റന്റുമാരുമാണ് ഒരുവര്‍ഷത്തിലധികമായി കഴിഞ്ഞിരുന്ന തടവില്‍ നിന്നും പുറത്തിറങ്ങിയതെന്നു വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇവര്‍ എന്ത് ഒത്തുതീര്‍പ്പിലാണ് ഇവര്‍ പുറത്തിറങ്ങിയതെന്ന് വ്യക്തമായിട്ടില്ല.
സഊദി കോടീശ്വരനും ബിസിനസുകാരനുമായ അംറ് ദബാഗ്, മെക്കിന്‍സി കണ്‍സല്‍ട്ടന്റ് ഹാനി ഹോജ, സമി അല്‍ സുഹൈബി എന്നിവരാണ് തടവറയില്‍ നിന്നും പുറത്തിറങ്ങിയത്. 2017 നവംബറില്‍ സഊദി കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നടന്ന കൂട്ട അറസ്റ്റിലാണ് മൂന്നു പേരും തടവിലായത്. ഇതേ നടപടിയില്‍ സഊദി രാജകുമാരന്മാരും സഊദി കോടീശ്വരന്മാരും, ബിസിനസ് പ്രമുഖരുമടക്കം മുന്നൂറിലധികം പേരെയാണ് അറസ്റ്റു ചെയ്തു നടപടിക്ക് തുടക്കമായത്. സഊദി കിരീടാവകാശിയുടെ ഉത്തരവില്‍ നിരവധി പേരെ പിടികൂടിയത് ഏവരെയും ഞെട്ടിച്ചിരുന്നു. തലസ്ഥാന നഗരിയായ റിയാദിലെ പ്രശസ്ത ഹോട്ടലായ റിയാദ് റിത്സ് കാള്‍ട്ടന്‍ ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയാണ് ശേഷമാണ് അഴിമതിക്കേസില്‍ തടവിലാക്കിയതായി പ്രഖ്യാപിച്ചത്. ലോക കോടീശ്വര പട്ടികയിലെ പ്രമുഖനും അറബ് ലോകത്തെ കോടീശ്വരനും ബിസിനസ് പ്രമുഖനുമായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍, രാജകുടുംബത്തിലെ പ്രമുഖനും മുന്‍ രാജാവായിരുന്ന അന്തരിച്ച അബ്ദുല്ല രാജാവിന്റെ ഇഷ്ട പുത്രനും നാഷണല്‍ ഗാര്‍ഡിന്റെ മുന്‍ തലവന്‍ കൂടിയായിരുന്ന മിതൈബ് ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനടക്കമുള്ളവരെയായിരുന്നു തടവിലാക്കിയിരുന്നത്.
എന്നാല്‍, ഇരുവരുമടക്കം പലരും സഊദി ഭരണകൂടവുമായി ഒത്തു തീര്‍പ്പിലെത്തി തടവില്‍ നിന്നും നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു. ഇതില്‍ പലരും അഴിമതി വിരുദ്ധ സേന കണ്ടെത്തിയ പണം പൊതു ഖജനാവിലേക്ക് തിരിച്ചടച്ചാണ് പുറത്തിറങ്ങിയത്, ഇത്തരത്തില്‍ നൂറു ബില്യണിലധികം തുകയാണ് ഖജനാവിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍, ചിലര്‍ അനുരജ്ഞനത്തിനും ഒത്തു തീര്‍പ്പിനും തയ്യാറാകാത്തതിനെ തുടര്‍ന്നു ഇവരെ തടവില്‍ തന്നെ വെക്കുകയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. എട്ടു പേരാണ് നിലവില്‍ കസ്റ്റഡിയില്‍ ഉള്ളതെന്ന് കിരീടാവകാശി കഴിഞ്ഞ ഒക്‌ടോബറില്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."