തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണ
തിരുവനന്തപുരം: ഹൈക്കമാന്‍ഡ് ആവശ്യപ്പെടുന്നപക്ഷം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് എ.ഐ.സി.സി സെക്രട്ടറി ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന ചര്‍ച്ചകള്‍ നേരത്തെതന്നെ ഉണ്ടായിരുന്നെങ്കിലും അക്കാര്യത്തില്‍ ഒരു സ്ഥിരീകരണവുമുണ്ടായിരുന്നില്ല.
എം.എല്‍.എമാരായിട്ടുള്ളവര്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനമെന്ന് പറഞ്ഞ് സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍നിന്ന് ഉമ്മന്‍ചാണ്ടി നേരത്തെ ഒഴിഞ്ഞു മാറിയിരുന്നു.
ഇപ്പോള്‍ ആ നിലപാടില്‍ ഉമ്മന്‍ചാണ്ടി അയവു വരുത്തിയതായാണ് ഈ അഭിപ്രായത്തിലൂടെ വ്യക്തമാകുന്നത്.
എവിടെയും സ്ഥാനാര്‍ഥിയാക്കാന്‍ കഴിയുന്ന ആളാണ് ഉമ്മന്‍ചാണ്ടിയെന്നും എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അത്തരത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പക്ഷേ ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് സജീവമായ ചര്‍ച്ച കോണ്‍ഗ്രസില്‍ നടക്കുന്നുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണയായി. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ തവണ വിജയിച്ചവരെല്ലാം ഇത്തവണ മത്സരിക്കും.
പത്തനംതിട്ടയില്‍ ആന്റോ ആന്റണിതന്നെ മത്സരിക്കുമ്പോഴും ശബരിമല വിഷയം ഉള്ളതിനാല്‍ പ്രതിസന്ധി കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. അതു മറികടക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ കഴിയുമെന്നും വിലയിരുത്തുന്നു.
ആലപ്പുഴയില്‍ കെ.സി.വേണുഗോപാല്‍, മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ്, എറണാകുളത്ത് കെ.വി.തോമസ്, കോഴിക്കോട് എം.കെ.രാഘവന്‍ എന്നിവരുടെ സ്ഥാനാര്‍ഥിത്വത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്.
കാസര്‍കോട് മുന്‍ എം.പി. ഐ.രാമറായിയുടെ മകന്‍ സുബ്ബറായി, ബാലകൃഷ്ണന്‍ പെരിയ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം.
വനിതാ സംവരണം പാലിക്കാനായി മൂന്നു സീറ്റുകള്‍ കോണ്‍ഗ്രസ് വനിതകള്‍ക്കായി മാറ്റിവച്ചേക്കും. വയനാട്, ആലത്തൂര്‍, തൃശൂര്‍ മണ്ഡലങ്ങളാണ് ഇതിനായി പരിഗണിക്കുന്നത്. ഷാനിമോള്‍ ഉസ്മാന്‍, ഷീബ, പത്മജ വേണുഗോപാല്‍ തുടങ്ങിയവരുടെ പേരുകള്‍ ഇത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
ചാലക്കുടിയില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍നിന്നുള്ളയാള്‍ വേണമെന്നതിനാല്‍ യു.ഡി.എഫ് കണ്‍വീനറായ ബെന്നി ബഹന്നാന്‍, കണ്ണൂരില്‍ കെ.സുധാകരന്‍, പാലക്കാട് വി.കെ.ശ്രീകണ്ഠന്‍, തൃശൂരില്‍ വി.എം.സുധീരന്‍ തുടങ്ങിയ പേരുകളും സജീവമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്.
നരേന്ദ്രമോദി സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ ഗ്രൂപ്പ് പരിഗണനയോ മറ്റൊന്നുമില്ലാതെ ഏറ്റവും മികച്ച സ്ഥാനാര്‍ഥികളെ രംഗത്തിറക്കണമെന്ന ആലോചനയിലാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും.
അതുകൊണ്ടുതന്നെ വിജയസാധ്യത കണ്ടുമാത്രം സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന തീരുമാനവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."