കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ: ഉമ്മന്‍ ചാണ്ടി
കാസര്‍കോട്: കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിനു തന്നെയെന്ന് അടിവരയിട്ടു പ്രഖ്യാപിച്ച് മുന്‍ മുഖ്യമന്തിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി. കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയര്മാന് ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്രയ്ക്ക് തുടക്കം കുറിച്ച് നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലങ്ങളായി കേരള കോണ്‍ഗ്രസ് പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് കോട്ടയം. അതുകൊണ്ടു തന്നെ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മത്സരിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
കോട്ടയം സീറ്റുമായി ബന്ധപ്പെട്ടു ചില കേന്ദ്രങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും യാതൊരു അടിസ്ഥാനവുമില്ല.
ഒരു ഘടകകക്ഷിയുടേയും സീറ്റ് കൈവശപ്പെടുത്തുക എന്നത് കോണ്‍ഗ്രസിന്റെ സംസ്കാരവും നയവും അല്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ജനങ്ങള്‍ അധികാരത്തില്‍നിന്നു പുറത്താക്കും.
വിവിധ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ രൂപപ്പെട്ട മതേതര സഖ്യം വലിയ രാഷട്രീയ സന്ദേശമാണ് ഇന്ത്യക്ക് നല്‍കുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഇന്നലെ തുടങ്ങിയ കേരള യാത്ര ഫെബ്രുവരി 15ന് തിരുവനന്തപുരത്ത് സമാപിക്കും. കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം മാണി അധ്യക്ഷനായി. വര്‍ക്കിംങ് ചെയര്മാന് പി.ജെ ജോസഫ് ജോസ് കെ. മാണിക്ക് പാര്‍ട്ടി പതാക കൈമാറി ജാഥയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജി. ദേവരാജന്‍, ജോയി എബ്രഹാം എക്സ് എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ, റോഷി അഗസ്റ്റിന് എം.എല്‍.എ, ഡോ. എന്‍. ജയരാജ് എം.എല്‍.എ, ജോസഫ് എം. പുതുശ്ശേരി, തോമസ് ചാഴിക്കാടന്, തോമസ് ഉണ്ണിയാടന്, സ്റ്റീഫന്‍ ജോര്‍ജ്, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, പി.വി മൈക്കിള്‍, ജെറ്റോ ജോസഫ്, സേവി കുരുശുവീട്ടില്‍, സജി മഞ്ഞക്കടമ്പില്‍, ഉഷായലം ശിവരാജന്, ജോസ് പുത്തന്‍കാല, റെജി കുന്നംക്കോട്ട് തുടങ്ങി കേരളാ കോണ്‍ഗ്രസിന്റെയും സംസ്ഥാന നേതാക്കള്‍, വിവിധ ഘടകകക്ഷി നേതാക്കള്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."