തമ്മിലടിപ്പിച്ചത് ബി.ജെ.പിയും സി.പി.എമ്മും: ആന്റണി
ന്യൂഡല്‍ഹി: പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ട മലയാളികളെ ശബരിമല വിഷയത്തില്‍ തമ്മിലടിപ്പിച്ചത് സി.പി.എമ്മും ബി.ജെ.പിയുമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.
ജാതി, മത വേര്‍തിരിവുകളില്ലാതെ ഒറ്റക്കെട്ടായിനിന്നാണ് നാം പ്രളയത്തെ അതിജീവിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ ഭിന്നതകള്‍ വെടിഞ്ഞ് എല്ലാവരും മുഖ്യമന്ത്രിക്കൊപ്പം നിന്നു. എന്നാല്‍ ശബരിമല കേസില്‍ സുപ്രിംകോടതി വിധി വന്നതോടെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മറന്നു സര്‍ക്കാര്‍ പിടിവാശിയോടെ നീങ്ങി. ആരെതിര്‍ത്താലും വിധി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് ബി.ജെ.പിക്കും ആര്‍.എസ്.എസിനും വളമായത്. ആദ്യം വിധിയെ സ്വാഗതം ചെയ്ത ബി.ജെ.പിയും ആര്‍.എസ്.എസും പിന്നീട് നിലപാട് മാറ്റി അക്രമങ്ങളിലേക്കു തിരിയുകയും ചെയ്‌തെന്നും ആന്റണി ആരോപിച്ചു.
കോടതി വിധി നടപ്പാക്കാന്‍ പ്രളയ സാഹചര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കൂടുതല്‍ സമയം ചോദിക്കാമായിരുന്നു. എന്നാല്‍ അതിനു മുതിരാതെ തിരക്കിട്ട് വിധി നടപ്പാക്കാനാണു സര്‍ക്കാര്‍ ശ്രമിച്ചത്. പ്രശ്‌ന പരിഹാരത്തിന് തങ്ങളുടെ തന്നെ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയേയും സമീപിക്കാതെ ബി.ജെ.പിയും അക്രമങ്ങളിലേക്കു നീങ്ങി.
പ്രധാനമന്ത്രി കേരളത്തില്‍ വന്നുനടത്തിയ പ്രസംഗത്തില്‍ ശബരിമല പ്രശ്‌നപരിഹാരത്തിന് മാര്‍ഗം നിര്‍ദ്ദേശിക്കുക പോലുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. മലയാളികള്‍ പൊതുവേ തീവ്രവാദ സ്വഭാവം ഉള്ളവരല്ല. ഈ വികാരം ഒടുങ്ങി കഴിയുമ്പോള്‍ കോണ്‍ഗ്രസ് എടുത്ത നിലപാട് ശരിയായിരുന്നു എന്നു ജനം വിലയിരുത്തും. ആ അംഗീകാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ആന്റണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."