മഹാത്മാക്കളുടെ മഹത്വം: നിലപാട് വ്യക്തമാക്കണം - എസ്.വൈ.എസ്
കോഴിക്കോട്: പ്രവാചക തിരുമേനി (സ)യുടെ മഹത്വവും അമാനുഷികതകളും മരണാനന്തരം അവസാനിച്ച് പോകുമെന്നുള്ള കാന്തപുരം വിഭാഗത്തിലെ ചില പ്രമുഖരുടെ വിശദീകരണങ്ങളെക്കുറിച്ച് പണ്ഡിതസംഘടന നിലപാട് വ്യക്തമാക്കണമെന്ന് സുന്നിയുവജനസംഘം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
പ്രവാചകരുടെ ഭൗതിക ശരീരഭാഗമായ വിശുദ്ധ കേശം മരണാനന്തരം നശിച്ചുപോകുമെന്നും നബി (സ)ക്ക് ജീവിതകാലത്ത് നിഴലുണ്ടായിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ മരണാനന്തരം വിശുദ്ധ കേശത്തിന് നിഴലുണ്ടാകുമെന്നുമുള്ള വാദം പ്രവാചക തിരുമേനിയെ ഇകഴ്ത്തിക്കാണിക്കുന്നതിന്റെ ഭാഗമാണ്. വ്യാജകേശം ഒറിജിനലാക്കാനുള്ള വിഫലശ്രമത്തിന്റെ ഭാഗമായുള്ള ഇത്തരം നീക്കത്തില്‍ നിന്ന് അവര്‍ അടിയന്തരമായി പിന്‍വാങ്ങണം.
മഹാത്മാക്കളുടെ കഴിവുകളും പ്രത്യേകതകളും മരണത്തോടെ ഇല്ലാതാകുമെങ്കില്‍ എങ്ങനെയാണവര്‍ മരണാനന്തരം സഹായിക്കുകയെന്നും കാന്തപുരം വിഭാഗത്തിന്റെ പണ്ഡിത സംഘടന വിശദീകരിക്കാന്‍ ബാധ്യസ്ഥരാണ്.
സാമ്പത്തികവും സംഘടനാപരവുമായ കുറ്റകൃത്യങ്ങളുടെ പേരില്‍ സമസ്തയില്‍ നിന്ന് പുറത്താക്കപ്പെട്ട കാന്തപുരം ഗ്രൂപ്പ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സമസ്തയുടെ പേര് ഇപ്പോഴും ഉപയോഗിക്കുന്നത് പ്രതിഷേധാര്‍ഹവും വഞ്ചനയുമാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. ഇത്തരം നീക്കത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ ഉടനെ പിന്തിരിയണമെന്നും പൊതുജനങ്ങള്‍ വഞ്ചിതരാവരുതെന്നും യോഗം ആവശ്യപ്പെട്ടു.
കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ ചേര്‍ന്ന സുന്നിയുവജന സംഘം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വൈസ് പ്രസിഡന്റ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തങ്ങള്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഹാജി കെ മമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
മെട്രോ മുഹമ്മദ് ഹാജി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍, മലയമ്മ അബൂബക്കര്‍ ഫൈസി, കെ മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ, കെ.എ റഹ്മാന്‍ ഫൈസി, എ.എം പരീദ്, ഒ.എം ശരീഫ് ദാരിമി, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, അലവി ഫൈസി കുളപ്പറമ്പ്, കെ.ഇ മുഹമ്മദ് മുസ്‌ലിയാര്‍, സലീം എടക്കര, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഇബ്‌റാഹിം ഫൈസി പേരാല്‍, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, എ.എം ശരീഫ് ദാരിമി പ്രസംഗിച്ചു. നാസര്‍ ഫൈസി കൂടത്തായി നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."