കാവനൂര്‍ ഉപതെരഞ്ഞെടുപ്പ് എല്ലാവരും പറയുന്നത് വികസന കാര്യം!
എന്‍.സി ഷെരീഫ്
അരീക്കോട്: കാവനൂര്‍ പഞ്ചായത്തിലെ 16 ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണ രംഗത്ത് സജീവമായി സ്ഥാനാര്‍ഥികള്‍. എല്‍.ഡി.എഫും യു.ഡി.എഫും ഖാഇദെമില്ലത്ത് ഫോറവുമാണ് നിലവില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെയുണ്ടാകും. എസ്.ഡി.പി.ഐ മത്സരിക്കുന്നില്ല.
എളയൂര്‍ സ്വദേശിയായ പൂന്തല സഫിയയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. പൊട്ടണംചാലില്‍ ശാഹിനയാണ് എല്‍.ഡി.എഫിന് വേണ്ടി മത്സരിക്കുന്നത്. ഷഹന റിയാസാണ് ഖാഇദെമില്ലത്ത് ഫോറം സ്ഥാനാര്‍ഥി. ഷഹന 16 ാം വാര്‍ഡ് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയുടെ ഭാര്യയാണെന്ന് ഖാഇദെമില്ലത്ത് ഫോറം അവകാശപ്പെടുന്നുണ്ട്. എന്നാല്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി റിയാസ് അല്ലന്നും സി.ടി അബ്ദുറഹിമാന്‍ ഹാജിയാണെന്നും ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വി.എ നാസര്‍ പറഞ്ഞു.
പഞ്ചായത്ത് ഭരണം പിടിക്കാന്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും നിര്‍ണായകവും മുസ്‌ലിം ലീഗിന് അഭിമാന പ്രശ്‌നവുമായ തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികളും പ്രചാരണ വിഷയമാക്കുന്നത് വികസന നേട്ടങ്ങള്‍ തന്നെയാണ്. കേവല ഭൂരിപക്ഷമില്ലാതെ യു.ഡി.എഫും എല്‍.ഡി.എഫും പ്രയാസത്തിലായതോട വിജയിച്ചാല്‍ സമ്മര്‍ദതന്ത്രം പയറ്റാന്‍ ഇടയുള്ള ഖാഇദെമില്ലത്ത് ഫോറവും വോട്ടുതേടുന്നത് വികസനം പറഞ്ഞാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് പഞ്ചായത്തില്‍ നടപ്പിലാക്കിയ വികസന പദ്ധതികള്‍ക്കും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങളുടെ അംഗീകാരം ലഭിക്കുന്ന തെരഞ്ഞെടുപ്പ് ഫലം ഉണ്ടാവുമെന്നാണ് എല്‍.ഡി.എഫ് നേതൃത്വത്തിന്റെ വിശ്വാസം. ആരോഗ്യ രംഗത്ത് നടപ്പിലാക്കിയ വികസനങ്ങളും ഊടുവഴികള്‍ പോലും ടാറിട്ട് ഗതാഗതയോഗ്യമാക്കിയതും ഭരണനേട്ടമായി എല്‍.ഡി.എഫ് ഉയര്‍ത്തിക്കാട്ടുന്നുണ്ട്. എന്നാല്‍, മൂന്ന് വര്‍ഷത്തെ ഭരണം ദുരിതപൂര്‍വമായിരുന്നുവെന്നും മാറിവന്ന ഭരണസമിതി മൂന്ന് മാസം കൊണ്ട് നടപ്പിലാക്കിയത് ജനോപകാര പദ്ധതികളാണെന്നും യു.ഡി.എഫ് നേതൃത്വം അവകാശപ്പെടുന്നു. 2018-19 വാര്‍ഷിക പദ്ധതിയില്‍ ഭവന നിര്‍മാണത്തിനും അറ്റക്കുറ്റപ്രവൃത്തികള്‍ക്കും തുക വകയിരുത്തിയത് ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്നും യു.ഡി.എഫ് നേതൃത്വം കണക്കുകൂട്ടുന്നു. പഞ്ചായത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ളം എത്തിക്കുന്ന പദ്ധതിക്ക് പുതുജീവനുണ്ടായത് യു.ഡി.എഫ് ഭരണസമിതി അധികാരത്തിലേറിയതിന് ശേഷമാണെന്നത് നേട്ടം ചെയ്യുമെന്ന പ്രതീക്ഷയും നേതൃത്വത്തിനുണ്ട്. 16 ാം വാര്‍ഡില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതില്‍ രാജിവച്ച അംഗം സി.പി ഫാത്തിമ വിജയിച്ചതായും വികസന തുടര്‍ച്ചക്കാണ് വോട്ടുതേടുന്നതെന്നും ഖാഇദെമില്ലത്ത് ഫോറം നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1200 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 1030 പേരാണ് വോട്ടുരേഖപ്പെടുത്തിയത്. ഇന്ന് പുറത്തുവരുന്ന അന്തിമ പട്ടികയില്‍ നൂറ്റി മുപ്പതോളം വോട്ടുകളുടെ വര്‍ധനവ് ഉണ്ടാകാന്‍ ഇടയുണ്ട്. യു.ഡി.എഫ്-538, എല്‍.ഡി.എഫ്-405, ബി.ജെ.പി-87 എന്നിങ്ങനെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിങ് നില. 133 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി സി.പി ഫാതിമ വിജയിച്ചിരുന്നത്.
യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കുടുംബ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ വ്യക്തമായ ആധിപത്യമാണ് 16 ാം വാര്‍ഡിലുള്ളത്. എന്നാല്‍, കുടുംബ വോട്ടുകള്‍ സ്വാധീനിക്കില്ലെന്ന നിലപാടിലാണ് ഖാഇദെമില്ലത്ത് ഫോറം. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചപ്പോള്‍ ലഭിച്ച 87 വോട്ട് പാര്‍ട്ടിയുടെ ഉറച്ച വോട്ടാണെന്നും തങ്ങളോട് സഹകരിക്കാന്‍ തയാറുള്ളവര്‍ക്ക് വോട്ട് ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും എസ്.ഡി.പി.ഐ കാവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷൗക്കത്തലി പറഞ്ഞു. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ബി.ജെ.പി പ്രചരണായുധം ആക്കാനിടയുണ്ട്. ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുന്നതില്‍ ബി.ജെ.പി വിജയിച്ചാല്‍ എല്‍.ഡി.എഫിനാകും ക്ഷീണം നേരിടുക.
19 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യു.ഡി.എഫിന് പത്തും എല്‍.ഡി.എഫിന് ഒന്‍പത് അംഗങ്ങളുമായിരുന്നു. മുസ്‌ലിം ലീഗ് അംഗമായ സി.പി ഫാതിമ രാജിവച്ചതോടെ ഇരുമുന്നണികള്‍ക്കും ഒന്‍പത് വീതം അംഗങ്ങളാണുള്ളത്. എല്‍.ഡി.എഫ് ഭരണസമിതിയില്‍ വൈസ് പ്രസിഡന്റായിരുന്ന കെ.അഹമ്മദാജി മുസ്‌ലിം ലീഗില്‍ ചേര്‍ന്നതോടെ യു.ഡി.എഫിന് ഭരണം ലഭിച്ചിരുന്നു. എന്നാല്‍, അഹമ്മദാജിയെ ലീഗിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നത്തെ തുടര്‍ന്ന് ഫാതിമ രാജിവച്ചതാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."