പൊലിസ് സ്റ്റേഷനു നേരെ കല്ലേറ്; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
തിരുവനന്തപുരം: പോക്സോ കേസില്‍ പൊലിസ് അറസ്റ്റ് ചെയ്ത പ്രതികളെ കാണാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലിസ് സ്റ്റേഷനു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ അന്‍പതോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തു.
കഴിഞ്ഞ രാത്രിയാണ് സംഭവം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ അണമുഖം ഈറോഡ് സ്വദേശികളായ രാജീവ് (24), ശ്രീദേവ് (21) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് അറസ്റ്റ് ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയും അശ്ലീല ആംഗ്യങ്ങള്‍ കാട്ടിയെന്ന പരാതിയിലുമാണ് ഇരുവരെയും പൊലിസ് അറസ്റ്റ് ചെയ്തത്. പിന്നാലെ രാത്രിയില്‍ ഡി.വൈ.എഫ്.ഐ വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ പൊലിസ് സ്റ്റേഷനിലെത്തിയ അന്‍പതോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എസ്.ഐയെ കാണണമെന്ന് പൊലിസുകാരോട് ആവശ്യപ്പെട്ടു.
ഈ സമയം എസ്.ഐയുടെ മുറിയില്‍ വേറെ പരാതിക്കാരുണ്ടായിരുന്നു. അവര്‍ പുറത്തിറങ്ങിയ ശേഷം കാണാമെന്ന് പൊലിസുകാര്‍ പറഞ്ഞെങ്കിലും ഡി.വൈ.എഫ്.ഐ നേതാവും കൂട്ടരും ക്ഷുഭിതരാവുകയും മുദ്രാവാക്യം വിളിച്ചുകൊണ്ട് പൊലിസ് സ്റ്റേഷന് പുറത്തിറങ്ങി ജനല്‍ ഗ്ലാസിന് നേരെ കല്ലെറിയുകയായിരുന്നു. ഡി.വൈ.എഫ്.ഐ വഞ്ചിയൂര്‍ ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പൊലിസ് സ്റ്റേഷന് നേരെ ആക്രമണം നടത്തിയതെന്ന് പൊലിസ് പറഞ്ഞു. കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പൊലിസ് സ്റ്റേഷനിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."