കര്‍ഷകരുടെ ചിരകാല സ്വപ്നമായ മാത്തുതോട് പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്
അന്തിക്കാട്: മൂന്ന് പാടശേഖരങ്ങളുടെ അടിസ്ഥാന വികസനം ഉറപ്പാക്കുന്ന മാത്തുതോട് പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. കുണ്ടനി കുളപ്പാടം, ശ്രീരാമന്‍ ചിറ, മാഞ്ചിറ പാടശേഖരങ്ങളുടെ അടിസ്ഥാന വികസനം ഉറപ്പാക്കുന്ന മാത്തുതോട് സംരക്ഷണ പദ്ധതിക്ക് ഭരണാനുമതിയായി. അന്തിക്കാട്, താന്ന്യം പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്നതാണ് ഈ പാടശേഖരങ്ങള്‍. നബാര്‍ഡിന്റെ അടിസ്ഥാന വികസന നിധി പ്രകാരം മൂന്നു കോടി രൂപയാണ് പദ്ധതിക്കായി ചെലവാക്കുന്നത്. അന്തിക്കാട് പഞ്ചായത്തിലെ 3,5,8,9,10 വാര്‍ഡുകളിലും താന്ന്യം പഞ്ചായത്തിലെ 2, 3, 4, 11, 12, 13, 14 വാര്‍ഡുകളിലുമായി 477 ഹെക്ടര്‍ പ്രദേശത്താണ് വികസന പദ്ധതി നടപ്പാക്കുന്നത്. നീര്‍ച്ചാലുകളുടെ പുനരുദ്ധാരണത്തിലൂടെ വരള്‍ച്ചയും വെള്ളപ്പൊക്കവും നിയന്ത്രണ വിധേയമാക്കുവാന്‍ ഈ പദ്ധതിയിലൂടെ കഴിയും. കാര്‍ഷിക രംഗത്ത് ഉയര്‍ന്ന ഉല്‍പാദനക്ഷമത ഉറപ്പു വരുത്തുന്നതിലൂടെ കര്‍ഷകരുടെ വരുമാന വര്‍ധനയും ഉണര്‍വും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്. പാടശേഖരങ്ങളിലെ തോട് സംരക്ഷിച്ചു കഴിഞ്ഞാല്‍ 50 ഹെക്ടര്‍ തരിശുഭൂമി കൃഷിയോഗ്യമാക്കാനും 40 ഹെക്ടര്‍ ഇരുപ്പൂ കൃഷിയാക്കുവാനും സാധിക്കും. പാര്‍ശ്വഭിത്തികളുടെയും ബണ്ടുകളുടെയും നിര്‍മാണത്തോടെ പാടശേഖരങ്ങളിലേക്കുള്ള ഗതാഗത സൗകര്യം വര്‍ധിക്കുമെന്നതിനാല്‍ കാര്‍ഷിക ഉപകരണങ്ങള്‍ അനായാസമായി പാടത്തെത്തിക്കാന്‍ സാധിക്കുകയും ഇതിലൂടെ കൃഷിച്ചെലവ് പകുതിയായി കുറയുമെന്നതും പദ്ധതിയുടെ നേട്ടമാണ്. സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതോടെ പാടശേഖരങ്ങളിലെ കര്‍ഷകര്‍ ഏറെ ആഹ്ലാദത്തിലാണ്. വെള്ളം ലഭിക്കാതെ ഈ പടവുകളിലെ കൃഷി ഉണങ്ങുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ആവശ്യത്തിന് വെള്ളം ലഭിക്കുമെന്നത് കര്‍ഷകര്‍ക്ക് ഗുണകരമാണ്. ഏക്കര്‍ കണക്കിന് കൃഷിഭൂമി തരിശിടുന്ന കര്‍ഷകര്‍ വീണ്ടും കൃഷിയിറക്കാന്‍ മുന്നോട്ടു വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."