നാളികേര വികസന കൗണ്‍സില്‍; കേരകര്‍ഷകരില്‍ പ്രതീക്ഷയേകി തെങ്ങുകൃഷിക്കായി നൂതന പദ്ധതി
കൊഴിഞ്ഞാമ്പാറ: സംസ്ഥാനത്തെ നാളികേര സമ്പത്ത് വര്‍ധിപ്പിക്കുന്നതിനായി നാളികേര വികസന കൗണ്‍സില്‍ വരുന്നു. സംസ്ഥാനത്തെ പതിനാല് ജില്ലകളില്‍ കൂടുതല്‍ തെങ്ങ് കൃഷിചെയ്യുന്ന ജില്ലകളില്‍ ഇവ വ്യാപിപ്പിക്കുകയും നാളികേരത്തില്‍ നിന്നുമുള്ള മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ വിപണനം ഒരു കുടക്കീഴിലാക്കുകയും ചെയ്യുക എന്നതാണ് കൗണ്‍സില്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്താകമാനം 7.82 ലക്ഷം ഹെക്ടര്‍ തെങ്ങുകൃഷിയാണിപ്പോള്‍ ഉള്ളതെന്നിരിക്കെ ഇത് അടുത്ത പത്തു വര്‍ഷത്തിനകം 9.25 ലക്ഷം ഹെക്ടറായി വ്യാപിപ്പിക്കാനും കഴിയുമെന്നതാണ് പ്രതീക്ഷ. മാത്രമല്ല ഉത്പാദന ക്ഷമത ഹെക്ടറില്‍ 6889 നാളികേരമെന്നതില്‍ നിന്നും 8500 ല്‍ എത്തിക്കാനും കഴിയുമെന്നതാണ് വിലയിരുത്തല്‍.
രാജ്യത്തെ നാളികേര ഉത്പാദനത്തില്‍ കേരളത്തിന്റെ സ്ഥാനം 8-ാം സ്ഥാനമാണെന്നതിനു മാറ്റം വരുത്താനും കൂടിയാണ് പദ്ധതി ലക്ഷ്യമിടുന്നത്. നാളികേര വികസന കൗണ്‍സില്‍ സംസ്ഥാനത്താകമാനംപ്രതിവര്‍ഷം 15 ലക്ഷം തെങ്ങിന്‍ തൈകള്‍ വച്ചു പിടിപ്പിക്കുന്നതിനായി ജില്ലകളിലെ ഓരോ വാര്‍ഡുകള്‍ വീതം 75 തെകള്‍ നട്ടുപിടിപ്പിച്ച് മൂന്നു വര്‍ഷം വരെ പരിപാലിക്കുകയും ചെയ്യും. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ പോലെ തെങ്ങു കൃഷി കൂടുതലുള്ള ജില്ലകളില്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതോടെ തെങ്ങു കൃഷിയും മെച്ചപ്പെട്ട രീതിയിലാവും. നിലവില്‍ കേരനാടായ കേരളത്തില്‍ കാലാവസ്ഥാ വ്യതിയാനവും, തെങ്ങുകളിലുണ്ടാവുന്ന നിരവധി പ്രതിഭാസങ്ങള്‍ മൂലവും നാളികേര സമ്പത്ത് കുറഞ്ഞു വരികയാണ്. ഇതു മൂലം കേര കര്‍ഷകര്‍ ദുരിതത്തിലാവുകയും സംസ്ഥാനത്തിനാവശ്യമായ നാളികേരത്തിന് അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലുമാണ്. ഉയരം കൂടിയ തൈകള്‍. 60% വും, ഉയരം കുറഞ്ഞ കുള്ളന്‍ തൈകള്‍, അത്യുല്‍പാദന ശേഷിയുള്ള ഇനം തൈകള്‍ 20% വീതവുമാണ് കൗണ്‍സില്‍ വഴി കൃഷി ചെയ്യുന്നത്.
സംസ്ഥാനത്തെ കൊപ്ര ഉത്പാദനത്തിന് ഉയരം കൂടിയ തെങ്ങുകളിലെ തേങ്ങയാണ് ആവശ്യ മെന്നിരിക്കെ ഇത്തരം തെങ്ങുകള്‍ക്കും മുന്‍തൂക്കം നല്‍കുന്നുണ്ട്. പാലക്കാട് ജില്ലയിലെ കിഴക്കന്‍ മേഖലകളായ കൊഴിഞ്ഞാമ്പാറ, ചിറ്റൂര്‍ എന്നിവടങ്ങളിലും പടിഞ്ഞാറന്‍ മേഖലകളായ മണ്ണാര്‍ക്കാട്, അലനല്ലൂര്‍ എന്നിവടങ്ങളിലുമാണ് തെങ്ങു കൃഷി വ്യാപകമായിട്ടുള്ളത്. എന്നാല്‍ പ്രളയം കഴിഞ്ഞതും കാലാവസ്ഥാ വ്യതിയാനവും കേരകര്‍ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
വരാന്നിരിക്കുന്ന വരളള്‍ച്ച മൂലം ജലദൗര്‍ലഭ്യ ചുമതല കേരകര്‍ഷകരെ പ്രതിസന്ധിയിലാക്കുന്ന ആശങ്ക നില നില്‍ക്കെയാണ് നാളികേര വികസന കൗണ്‍സില്‍ യാഥാര്‍ത്ഥ്യമാവുന്നത് കേരകര്‍ഷകരില്‍ പ്രതീക്ഷയുണര്‍ത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."