HOME
DETAILS
MAL
കുട്ടനാട് വച്ചുമാറില്ല; കൂടുതല്‍ പാര്‍ട്ടികളെ കൂടെകൂട്ടാന്‍ ജോസഫ്
backup
February 28 2020 | 02:02 AM
കോട്ടയം: ജേക്കബ് ഗ്രൂപ്പ് ജോണി നെല്ലൂര്‍ വിഭാഗത്തിന് പിന്നാലെ മറ്റ് കേരള കോണ്‍ഗ്രസുകളെ കൂടി കൂടെകൂട്ടാന്‍ ചര്‍ച്ചകള്‍ സജീവമാക്കി പി.ജെ ജോസഫ്. ഫ്രാന്‍സിസ് ജോര്‍ജുമായി ലയനചര്‍ച്ചകള്‍ നടത്തിയതായി കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്മാന് പി.ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യ കേരള കോണ്‍ഗ്രസിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. ഫ്രാന്‍സിസ് ജോര്‍ജ് മാത്രമാണോ, പാര്‍ട്ടി മൊത്തമായോ എത്തുന്ന കാര്യങ്ങളില്‍ ഇനി അവരാണ് തീരുമാനമെടുക്കേണ്ടത്.
കുട്ടനാട് സീറ്റില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മത്സരിക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു.
കുട്ടനാട്ടില്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടുണ്ട്. നാളെ എറണാകുളത്ത് കോണ്‍ഗ്രസുമായി നടക്കുന്ന ചര്‍ച്ചയില്‍ സ്ഥാനാര്‍ഥി തീരുമാനം അറിയിക്കും. തങ്ങളെയാണ് ഉഭയകക്ഷി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുള്ളത്. യു.ഡി.എഫിന്റെ അനുമതിയോടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് കരുതുന്നില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റെ് മുല്ലപ്പള്ളി രാമചന്ദ്രന് എതിര്‍നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നില്ല. മുന്‍ തെരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ സ്ഥാനാര്‍ഥിയാണ് മത്സരിച്ചത്.
കുട്ടനാട്ടില്‍ ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നത് കാര്യമാക്കേണ്ടതില്ലെന്നും ജോസഫ് പറഞ്ഞു. ജോസ് വിഭാഗത്തിന് കുട്ടനാട് സീറ്റില്‍ ഒരവകാശവുമില്ല. കെ.എം മാണിയുള്ളപ്പോഴും തങ്ങളുടെ സ്ഥാനാര്‍ഥി മത്സരിച്ച സീറ്റാണ്. സീറ്റ് വെച്ചുമാറേണ്ട സാഹചര്യം നിലവിലില്ല.
ജോണി നെല്ലൂരുമായുള്ള ലയനസമ്മേളനം മാര്‍ച്ച് ഏഴിന് എറണാകുളം രാജേന്ദ്ര മൈതാനത്ത് നടക്കും. പാര്‍ട്ടിയില്‍ ലയിക്കുന്ന ജോണി നെല്ലൂരിന് അര്‍ഹമായ സ്ഥാനം നല്‍കും. പാര്‍ട്ടി തീരുമാനിച്ച കര്‍ഷകരക്ഷാ ലോങ് മാര്‍ച്ച് മാറ്റിയതായും ഇനി കുട്ടനാട് ഉപതെരഞ്ഞെടുപ്പിനു ശേഷമാകും മാര്‍ച്ച് നടത്തുകയെന്നും ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."