പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വച്ചു സി ബി ഐ; കേന്ദ്രത്തില്‍ ഭരണം മാറുമെന്ന് ഓര്‍മപ്പെടുത്തി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: സി.ബി.ഐ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി പ്രതിപക്ഷ കക്ഷി നേതാക്കളെ ലക്ഷ്യമിട്ട് വരുന്നതിനിടെ മുന്നറിയിപ്പുമായി കോണ്‍ഗ്രസ്. കേന്ദ്രത്തിലെ ഭരണം മാറുമെന്നും എന്നും ഒരേകക്ഷി തന്നെ അധികാരത്തിലിരിക്കണമെന്നില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ മുന്നറിയിപ്പ് നല്‍കി.
കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ധങ്ങള്‍ക്കു വഴങ്ങി നിയമപരിധിക്കപ്പുറത്തുള്ള നടപടികള്‍ക്കു കൂട്ടുനില്‍ക്കരുതെന്ന് ഞങ്ങള്‍ ബന്ധപ്പെട്ടവര്‍ക്കു മുന്നറിയിപ്പ് നല്‍കുകയാണ് ആനന്ദ് ശര്‍മ പറഞ്ഞു. ഭൂമി ഇടപാട് കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഹരിയാനാ മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹുഡയുടെ വസതിയിലുള്‍പ്പെടെ ഇന്നലെ സി.ബി.ഐ പരിശോധന നടത്തിയതിനു പിന്നാലെയാണ് അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നത്.
ഈ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ നേരിടുകയാണ്. എന്തിനാണ് സി.ബി.ഐയുടെ വിശ്വാസ്യതയില്‍ വിട്ടുവീഴ്ചചെയ്യുന്നത്. ഒരുജനാധിപത്യ സര്‍ക്കാര്‍ ഒരിക്കലും ഇത്തരത്തില്‍ പെരുമാറില്ല. മറിച്ച് ഫാഷിസ്റ്റുകള്‍ മാത്രമെ ഇങ്ങിനെ ചെയ്യൂ. പ്രതിപക്ഷ നേതാക്കളുടെ ശബ്ദം അടിച്ചമര്‍ത്തിയും അവരുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയും രാഷ്ട്രീയ എതിരാളികളെ നേരിടുന്ന ശൈലിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെത്. ഒരു ജനാധിപത്യ രാജ്യത്ത് ഒരു സര്‍ക്കാരിനും ശാശ്വതമായി ഭരിക്കാന്‍ കഴിയില്ല. ഏതാനും ആഴ്ചകള്‍ കഴിഞ്ഞാല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
പ്രധാനമന്ത്രി പരാജയം മുന്നില്‍കാണുകയാണ്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നത്. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ എല്ലാ ഉദ്യോഗസ്ഥരും മറുപടി പറയേണ്ടിവരുമെന്നും ആനന്ദ് ശര്‍മ മുന്നറിയിപ്പ് നല്‍കി.
മുഖ്യമന്ത്രിയായിരിക്കെ 2004 മുതല്‍ 2007 വരെ ഭൂമി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ഹൂഡക്കെതിരെ കഴിഞ്ഞദിവസം സി.ബി.ഐ പുതിയ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട് ഹരിയാനയിലെയും ഡല്‍ഹിയുള്‍പ്പെടുന്ന രാജ്യതലസ്ഥാന മേഖലയിലെയും (എന്‍.സി.ആര്‍) 30 ഓളം സ്ഥലങ്ങളിലാണ് സി.ബി.ഐ പരിശോധന നടത്തിയത്. കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷനല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥ കമ്പനിയായ അസോസിയേറ്റഡ് ജേര്‍ണല്‍സിന് (എ.ജെ) ഗുഡ്ഗാവില്‍ (ഗുരുഗ്രാം) ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ടും സി.ബി.ഐ കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാവ് മോത്തിലാല്‍ വോറക്കെതിരെയും സി.ബി.ഐ കേസുണ്ട്.
കഴിഞ്ഞയാഴ്ച സി.ബി.ഐ കോടതി ഹൂഡയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലേറിയ ശേഷം ഈ വിഷയത്തില്‍ അഞ്ചാമത്തെ കേസാണ് സി.ബി.ഐ ഹൂഡക്കെതിരെ എടുത്തത്. ഈ മാസം 28ന് ഹരിയാനയിലെ ജിന്‍ഡ് നിയമസഭാ മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ വര്‍ഷം മധ്യത്തോടെ ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."