HOME
DETAILS
MAL
വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കെ ഏഴു വയസുകാരിയെ കാണാതായി
backup
February 28 2020 | 02:02 AM
കൊല്ലം: വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി.
കൊല്ലം നെടുമണ്‍കാവ് പുലിയില ഇളവൂര്‍ തടത്തില്‍മുക്ക് ധനേഷ് ഭവനില്‍ പ്രദീപ്കുമാര്‍- ധന്യ ദമ്പതികളുടെ മകള്‍ കുടവട്ടൂര്‍ വാക്കനാട് സരസ്വതി വിദ്യാനഗര്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ ദേവനന്ദയെ(പൊന്നു)യാണ് കാണാതായത്.
ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അവര്‍ വസ്ത്രങ്ങള്‍ അലക്കുമ്പോള്‍ കുട്ടി വീടിനു മുമ്പില്‍ കളിക്കുകയായിരുന്നു. ഇതിനിടെ കുട്ടി വീടിനുള്ളില്‍ കയറി ജനലരികില്‍നിന്ന് അമ്മയുമായി സംസാരിക്കുകയും ചെയ്തിരുന്നു.
അമ്മ വീടിന്റെ പിറകില്‍ തുണി ഉണക്കാന്‍ പോയി പത്തു മിനിറ്റനുള്ളില്‍ മടങ്ങിവന്നു കുട്ടിയെ വിളിച്ചപ്പോള്‍ പ്രതികരണമില്ലായിരുന്നു. വീടിന്റെ വാതിലും പാതി തുറന്ന നിലയിലായിരുന്നു. തുടര്‍ന്ന് അയല്‍പ്പക്കത്തും പരിസര പ്രദേശങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
പരാതി നല്‍കിയതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ കണ്ണനല്ലൂര്‍ പൊലിസ് വ്യാപകമായ തെരച്ചില്‍ ആരംഭിച്ചു. കുട്ടിയുടെ വീട് പള്ളിക്കലാറിന് സമീപമായതിനാല്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യുവിലെ സ്‌കൂബാ ടീം തെരച്ചില്‍ നടത്തി. വീടിനു നൂറ് മീറ്റര്‍ മാത്രം അകലെയുള്ള ആറ്റില്‍ മുമ്പ് മണലൂറ്റ് ഉണ്ടായിരുന്നതിനാല്‍ വലിയ ആഴമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
നാട്ടുകാരും പരിസര പ്രദേശങ്ങളില്‍ അന്വേഷണം നടത്തുന്നുണ്ട്. കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0474 2566366. 9497947265, 9497906800 ഫോണ്‍ നമ്പരുകളില്‍ വിളിച്ചറിയിക്കേണ്ടതാണെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ ടി. നാരായണന്‍ അറിയിച്ചു.
കുട്ടിയെ കാണാതായ സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."