ഓണ്‍ലൈന്‍ ബില്ലടയ്ക്കല്‍: കെ.എസ്.ഇ.ബി ഉപഭോക്താക്കളെ പിഴിയുന്നു
ഈരാറ്റുപേട്ട: സംസ്ഥാന വൈദ്യുതി ബോര്‍ഡും ബാങ്കിങ് ഏജന്‍സികളും ചേര്‍ന്നു ഓണ്‍ലൈനില്‍ ബില്ലടക്കുന്ന ഉപഭോക്താക്കളെ പിഴിയുന്നതായി പരാതി. ഓണ്‍ലൈന്‍ പെയ്‌മെന്റ് സേവന ദാതാക്കള്‍ക്കുള്ള കമ്മിഷന്‍ തുക കൂടി ഉപഭോക്താക്കളില്‍ നിന്ന് അന്യായമായി ഈടാക്കുന്നതായാണ് പരാതിയുയര്‍ന്നിരിക്കുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്രസര്‍ക്കാര്‍ നോട്ട് അസാധുവാക്കുന്നത് വരെ ബില്‍തുക മാത്രമായിരുന്നു കെ.എസ്.ഇ.ബി ഈടാക്കി വന്നിരുന്നത്. എന്നാല്‍ നിരോധനത്തിന് ശേഷം ഇപ്പോള്‍ ബില്‍ തുകക്ക് പുറമെ 10 ശതമാനം വരെ അധികമായി ഈടാക്കുന്നുണ്ട്. ഇതിനു പുറമെ കണക്കില്‍പ്പെടുത്താതെ മൊത്തം സംഖ്യയുടെ 25 ശതമാനം സേവന വേതനയിനത്തിലും ഈടാക്കുന്നതായും ഉപഭോക്താക്കള്‍ പറയുന്നു.
തുടക്കത്തില്‍ നല്ല നിലയില്‍ ആരംഭിച്ച ഈ സംവിധാനം വൈദ്യുതി ബോര്‍ഡിന്റെ സെക്ഷന്‍ ഓഫിസുകളും ബില്‍ റിസീവിങ് കൗണ്ടറുകളും അടുത്തില്ലാത്ത ഉപഭോക്താക്കള്‍ക്കു ഏറെ പ്രയോജനപ്രദവുമായിരുന്നു.
മുന്‍ കാലങ്ങളില്‍ വൈദ്യുതി ചാര്‍ജ് ഓണ്‍ലൈനില്‍ സ്വീകരിച്ച വകയില്‍ വൈദ്യുതി ബോര്‍ഡ്, ബാങ്കിങ് സ്ഥാപനങ്ങള്‍ക്ക് 60 കോടി രൂപ അധിക ചിലവായി വന്നിരുന്നു. ഈ തുക വസൂലാക്കാനും തുടര്‍ന്ന് ചെയ്യുന്ന സേവനങ്ങളാണ് അധികസര്‍വിസ്. ചാര്‍ജ് ഈടാക്കുന്നതിനാലാണ് ഇരട്ടിയോളം തുക ഇപ്പോള്‍ വസൂലാക്കേണ്ടി വരുന്നതെന്നാണ് ബാങ്കിങ്ങ് സ്ഥാപനങ്ങളുടെ വിശദീകരണം. സംസ്ഥാന വൈദ്യുതി ബോര്‍ഡിന് വൈദ്യുതി ചാര്‍ജിനൊപ്പം അമിത സംഖ്യ ഈടാക്കാന്‍ യാതൊരു അധികാരവും ഇല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പഴയ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം എല്ലാ രംഗങ്ങളിലുമുള്ള പണമിടപാടുകള്‍ക്കും ഓണ്‍ലൈന്‍ പെയ്‌മെന്റുകള്‍ക്കും സര്‍ക്കാര്‍ നല്ല പ്രോത്സാഹനം നല്‍കുമ്പോള്‍ വൈദ്യുതി ബോര്‍ഡും ബാങ്കിങ് സ്ഥാപനങ്ങളൂം കൂടി ഉപഭോക്താക്കളുടെ തലയില്‍ അധിക സര്‍വിസ് ചാര്‍ജ്ജ് കെട്ടിവെക്കുന്നതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
ഒരു കാരണവുമില്ലാതെ തോന്നുമ്പോഴൊക്കെ ഡിപ്പോസിറ്റ് തുക വര്‍ധിപ്പിച്ച് അഡീഷണല്‍ ബില്ലുകള്‍ നല്‍കി ഉപഭോക്താക്കളില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കുന്നതിന് പുറമെയാണ് ഓണ്‍ലൈന്‍ പെയിമെന്റിന്റെ പേരില്‍ വൈദ്യുതി ബോര്‍ഡും ബാങ്കിങ് സ്ഥാപനങ്ങളും കൂടി ഉപഭോക്താക്കളെ പിഴിയുന്ന്്.
ഇത് സേവനാവകാശ നിയമത്തിന്റ പരസ്യമായ ലംഘനമാണെന്നും ഉപഭോക്താക്കള്‍ പറയുന്നു.
സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ അന്യായമായ രീതിയില്‍ സര്‍വിസ് ചാര്‍ജ് ഈടാക്കുന്ന നടപടിക്കെതിരേ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിക്കാന്‍ തയാറെടുക്കുകയാണ് ഉപഭോക്താക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."