നയപ്രഖ്യാപനം മംഗളപത്രം പോലെ: മുല്ലപ്പള്ളി
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപനം മംഗളപത്രം വായനയെ അനുസ്മരിക്കുന്നവിധമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നവകേരള നിര്‍മിതിക്കായി രൂപരേഖപോലും തയാറാക്കാന്‍ സര്‍ക്കാരിന് ഇതുവരെ ആയിട്ടില്ല. പ്രളയബാധിതര്‍ ഓഫിസ് വരാന്തകള്‍ കയറിയിറങ്ങുമ്പോഴും ദുരിതാശ്വാസ നടപടികള്‍ സ്വീകരിച്ചുവെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറയുന്നത് പരിഹാസ്യമാണ്.
യു.ഡി.എഫ് സര്‍ക്കാരിന്റെ വികസന പദ്ധതികളുടെ പിതൃത്വം ഏറ്റെടുത്ത് മേനിനടിക്കുന്ന നയപ്രഖ്യാപനം തീര്‍ത്തും നിരാശാജനകമാണ്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുന്നതിന് സമാനമാണ് നയപ്രഖ്യാപനം.
സര്‍ക്കാര്‍ പരിപാടിയല്ലാത്ത വനിതാമതിലില്‍ 50 ലക്ഷം പേര്‍ പങ്കെടുത്തുവെന്നും സ്ത്രീകളുടെ ഐക്യം പ്രതിഫലിച്ചുവെന്നും ഗവര്‍ണറെ കൊണ്ട് നിയമസഭയില്‍ പറയിക്കുക വഴി പിണറായി സര്‍ക്കാര്‍ നയപ്രഖ്യാപനത്തെ രാഷ്ട്രീയവല്‍കരിച്ചെന്നും മുല്ലപ്പള്ളി പരിഹസിച്ചു.
ഗവര്‍ണറെ തെറ്റിദ്ധരിപ്പിച്ചതിന് സര്‍ക്കാര്‍ ഉത്തരം പറയണം. ലക്ഷ്യബോധമില്ലാത്ത നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ സഭയില്‍ നടത്തിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."